Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജിലൻസിന് ഓണാഘോഷത്തിൽ തിളങ്ങാൻ പാട്ടെഴുതി സിഐ!

ci-sunil-kumar-vigilance-onam-song

‘കാക്കിക്കുള്ളിലെ കലാകാരൻമാർ’ എന്ന പദപ്രയോഗമൊക്കെ ക്ലീഷേയാണ്. എങ്കിലും പറയാതെ വയ്യല്ലോ. ഇവിടെ പരിചയപ്പെടുത്തുന്നത് കാക്കിക്കുള്ളിലെ ഒരു എഴുത്തുകാരനെയാണ്. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് സിഐ സുനിൽ കുമാർ. ജാഗരൂകമായ വിജിലൻസ് ജോലിയ്ക്കിടയിൽ കവിതകളും പാട്ടുകളും എഴുതാറുളള സുനിൽ കുമാറിന്റെ കവിതയാണ് ഇത്തവണ വിജിലൻസിന്റെ ഓണപ്പാട്ടായി മാറിയത്. 

തിരുവനന്തപുരത്ത് നടക്കുന്ന സർക്കാരിന്റെ വിപുലമായ ഓണം സമാപന ഘോഷയാത്രയിൽ വിജിലൻസിന്റെ പാട്ടായി എത്തുന്നത് സുനിൽ കുമാറിന്റെ ഓണഗാനമാണ്. വിജിലൻസ് സ്പെഷ്യൽ സെല്ലിലെ എസ്പി വി.എസ്.അജിയാണ് സുനിൽ കുമാറിനെ പാട്ടെഴുതാനുള്ള ചുമതല നൽകിയത്. സന്തോഷവും ഒന്നുചേരലിന്റെ കരുതലും അനുഭവിക്കാനാകുന്ന ഓണനാളിന്റെ നന്മയും ഒപ്പം നമ്മുടെ നാടിന്റെ ഭംഗിയും ചേർത്തുവച്ച് സുനിൽ കുമാർ പാട്ടെഴുതി.

കാവ്യാത്മകമായ വരികൾ മാത്രം എഴുതിയാൽ പോരല്ലോ. വിജിലന്‍സിന്റേതാണ് ഈ ആവിഷ്കാരം എന്നറിയിക്കുകയും വേണ്ടേ. അതുകൊണ്ട് ആർപ്പോ...എന്നു വിളിച്ചു തുടങ്ങുന്ന മനോഹരമായ വരികൾക്കൊപ്പം... കള്ളപ്പറ നാഴി കണ്ടാൽ വിജിലൻസിനെ ഉടനെ വിളിക്ക്...എന്നു കൂടി സുനിൽ കുമാർ എഴുതി. വളരെ ക്രിയാത്മകമായി വിജിലൻസിന്റെ ചുമതലയെന്തെന്ന് ഓണത്തിന്റെ ഓളത്തിൽ നിന്നുകൊണ്ട് എഴുതി വച്ചു. നല്ലൊരു ഓണപ്പാട്ടു മാത്രമല്ല, വിജിലൻസിനെ കുറിച്ച് ജനങ്ങൾക്ക് നല്ലൊരു സന്ദേശം നൽകുകയും ചെയ്യും ഈ പാട്ട് എന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥർ സുനിൽ കുമാറിന് നൽകിയ അഭിനന്ദന വാക്കുകൾ. സഹപ്രവര്‍ത്തകർക്കും ഏറെയിഷ്ടമായി ഈ പാട്ട്. 

ഓണക്കാലമെന്നാൽ തന്നെ വിജിലൻസിന് 'നല്ല പണിയുള്ള' കാലമാണ്. അപ്പോൾ ഈ തിരക്കിനിടയിൽ എങ്ങനെ എഴുതാനായി എന്നു ചോദിച്ചാല്‍ സുനിൽ കുമാറിന്റെ ഉത്തരം ഇത്രയേയുള്ളൂ... സമയം കണ്ടെത്തി അത്രതന്നെ. പാർഥസാരഥി എന്നയാളാണു സംഗീത സംവിധാനം ചെയ്തത്. ഒരു വലിയ സംഘമാണ് ഈ പാട്ടു പാടിയത്.

സ്കൂൾ കോളജ് കാലം മുതൽക്കേ കവിതകളെഴുതാറുള്ള സുനിൽ കുമാർ പൊലീസ് യൂണിഫോമിലെത്തിയിട്ടും ആ ഇഷ്ടത്തെ കൈവിട്ടില്ല. വരാനിരിക്കുന്ന ‘കലിപ്പ്’ എന്ന ചിത്രത്തിലേക്കായി പാട്ടുകൾ എഴുതിയിട്ടുണ്ട് ഇദ്ദേഹം. ഓണം സമാപനഘോഷയാത്രയ്ക്കു ശേഷം ഗാനം യുട്യൂബിലെത്തും.