Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി വയലിനിലെ 'പടകാളി': വിഡിയോ

orfeo-padakali

പടകാളി ചണ്ടി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി..

അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ..

പറമേളം ചെണ്ട ചേങ്കില ധിം കിണി മദ്ദളം

അരമണി കിണി കിണി പലതാളം തക്കിട കിട തക താ...

യോദ്ധയെന്ന ചിത്രത്തിൽ കാവിലെ പാട്ടു മത്സരത്തിന് മോഹൻലാലും ജഗതി ശ്രീകുമാറും മത്സരിച്ചു പാടിയ ഈ പാട്ട് പണ്ടേ നെഞ്ചിൽ കയറിക്കൂടിയതാണ്. പാടി വരുമ്പോൾ വാക്കുകളൊന്നും ശരിയാകില്ലെങ്കിലും പിന്നെയും പാടിയും താളം പിടിച്ചും നടക്കുന്നൊരു ഗാനം. നമ്മുടെ നാട്ടുകൂട്ടങ്ങള്‍ക്കിടയില്‍ പിള്ളേര് ഒത്തുകൂടുന്ന ആഘോഷ വേഷകളിൽ കല്യാണത്തലേന്ന് അല്ലെങ്കിൽ ഷാപ്പില്‍ രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുമ്പോഴൊക്കെ അറിയാതെ പാടിപ്പോകുന്ന പാട്ട്. അതിനെല്ലാത്തിനുമുപരിയായി ഇശൈ പുയൽ എന്നു പേരിട്ട് ദക്ഷിണേന്ത്യയും മാന്ത്രിക സംഗീതമെന്നു വാഴ്ത്തി ഇന്ത്യയും ആദരിക്കുന്ന വ്യക്തിത്വത്തിലേക്കു ഉയർന്നു പൊങ്ങിയ എ.ആര്‍.റഹ്മാൻ ഈണമിട്ട ഏക മലയാള ചിത്രവും കൂടിയാണ് യോദ്ധ. അതെന്തായാലും ഈ ഇൻസ്ട്രുമെന്റൽ‌ ബാൻഡ് റഹ്മാനെ ആദരിക്കുവാൻ തിരഞ്ഞെടുത്ത പാട്ട് നമ്മുടെ സ്വന്തം പടകാളിയാണ്. വയലിനിലും ഗിത്താറിലും ചടുലമായ ഈ ഗാനത്തെ അതിന്റെ ഭംഗി ഒട്ടുമേ ചോരാതെ ഇവർ അവതരിപ്പിച്ച വിഡിയോയാണ് സംഗീത ലോകത്ത് നിന്ന് ഏറ്റവും പുതിയതായി എത്തിയ മനോഹരമായൊരു സൃഷ്ടി. യുട്യൂബിൽ മികച്ച പ്രതികരണമാണ് ഈ വിഡിയോ നേടുന്നത്.

കൊച്ചി ആസ്ഥാനമായ ഓർഫിയോ ബാൻഡ് ആണ് പടകാളി പാട്ടിന് കിടിലനൊരു കവർ വേര്‍ഷന്‍ ഒരുക്കിയത്. റഷ്യൻ വയലിനിസ്റ്റായ മരിയ ഗ്രിഗോറെവ ഉൾപ്പെട്ട സംഘമാണ് ആദ്യ കേൾവിയിൽ തന്നെ നമ്മെ അഡിക്ട് ആക്കുന്ന വിധത്തിൽ വിഡിയോ തയ്യാറാക്കിയ സംഘത്തിലുള്ളത്. റോബിൻ തോമസ്(പിയാനോ), ഫ്രാൻസിസ് സേവ്യർ, കാരൾ ജോർജ്(വയലിൻ),ഹെറാൾഡ് ആന്റണി(വയോള),ബെൻഹർ തോമസ്(ഡ്രംസ്),ബിനോയ് ജോസഫ്(പെര്‍ക്കഷൻ),റെക്സ് ഇസാക്ക്(സ്ട്രിങ് അറേഞ്ചർ) എന്നിവരാണ് പടകാളിയെ വാദ്യോപകരണങ്ങളുടെ സ്വരഭംഗിയിൽ അവതരിപ്പിച്ചത്. 

ഓർഫിയോയുടെ ഈ വിഡിയോ മലയാള സംഗീത രംഗത്തുള്ള നിരവധിപേരാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. അതുപോലെ ചിത്രത്തിന്റെ സംവിധായകനായ സംഗീത് ശിവനും ഓർഫിയോ സംഘത്തിനു അഭിനന്ദനമറിയിച്ചു. 

തുടക്കം മുതൽ ഒടുക്കം വരെ ആവേശമുണർത്തുന്ന ഈണമാണ് പാട്ടിന്റെ പ്രത്യേകത. യേശുദാസും എം.ജി.ശ്രീകുമാറും മത്സരിച്ചു പാടുന്ന പാട്ടിന്റെ അവസാനമാണ് ഏറ്റവും ത്രില്ലിങ്. ഇവിടെ വയലിനിസ്റ്റുകളാണ് ആ റോൾ ഏറ്റെടുത്തത്. ചടുലമായ താളത്തിന്റെ ആവേശത്തെ ഒട്ടുമേ ചോർന്നു പോകാതെ വാക്കുകൾക്കതീതമായ രീതിയിൽ അവതരിപ്പിച്ചു.

വിഭിന്ന സംഗീതത്തോടുള്ള റഹ്മാൻ പ്രണയത്തിന് മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഈ പാട്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒട്ടേറെ ചിത്രങ്ങൾക്കു സംഗീതം നൽകിയെങ്കിലും യോദ്ധയ്ക്കു ശേഷം റഹ്മാൻ മലയാളത്തിലേക്കു വന്നതേയില്ല. അതുകൊണ്ട് നമുക്കിത് ഏറെ സ്പെഷ്യലായൊരു പാട്ടുമാണ്. ഇപ്പോൾ ഈ വിഡിയോയും ഏറെ സ്പെഷ്യലാകുകയാണ്. റഹ്മാൻ സംഗീതത്തിന്റെ ഭംഗിയെന്തെന്ന് പിന്നെയും ഒന്നുകൂടി അറിയുകയാണ്. 

Read More: Trending Cover Version, New Songs, Music News, A R Rahman Songs