Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസോടു ചേർന്ന് ഈ അഞ്ച് പുതിയ മെലഡികള്‍!

new-malayalam-melodies

പ്രത്യേകിച്ച് കാരണങ്ങൾ വേണോ ചില പാട്ടുകൾ കേൾക്കാനും അതിനെ ഇഷ്ടപ്പെടാനും? ഉരുകിയൊലിച്ചെന്ന പോലെ പുറം കവിഞ്ഞു പാട്ടുകൾ ഒഴുകുമ്പോൾ പിന്നിലൊരു പുഴയുണ്ടായി വരുന്നത് അറിയുന്നുണ്ട്.ആ പുഴയിൽ മുങ്ങാങ്കുഴിയിട്ടു നിവരുന്ന മനുഷ്യരുമുണ്ട്...പിന്നെ അവർ അതെ ഗാനങ്ങളുടെ ഈരടികളായി മാറിപ്പോകുന്നു. പഴയ സിനിമാ ഗാനങ്ങളിൽ അങ്ങനെ എത്രയോ ഗാനങ്ങൾ ഓർക്കാനും പ്രണയിക്കാനും പുഴയായി ഒന്നിച്ചൊഴുക്കാനും ഉണ്ടായിരുന്നു... തലമുറകൾ മാറുമ്പോൾ വരികൾക്കും സംഗീതത്തിനും വ്യത്യാസങ്ങൾ വന്നുവെന്നു വിലാപങ്ങളുയരുന്നു. എങ്കിലും എത്ര കേട്ടാലും മതി വരാത്ത ചില ഗാനങ്ങൾ ഉണ്ടാകുന്നില്ലെന്ന് പറയാനാകുമോ? നെഞ്ചിൽ തങ്ങി നിൽക്കുന്ന പാട്ടുകളുടെ സുഖം ഒരിക്കലും ഇല്ലാതാകുന്നതേയില്ല. ഏതു കാലത്തും അതിങ്ങനെ ഉണ്ടായിക്കൊണ്ടേയിരിക്കും.

കണ്ടിട്ടും കണ്ടിട്ടും മതിവരാതെ കേട്ടിട്ടും കേട്ടിട്ടും കൊതി തീരാതെ ഒരു പാട്ട്. മികച്ച വരികൾക്ക് മുകളിൽ മറ്റു അഡ്ജസ്റ്റുമെന്റുകൾ ഒന്നും നടത്താത്ത ഗാനരചയിതാവ് ബി കെ ഹരിനാരായണന്റെ തൂലിക തുമ്പുകൾക്ക് ഒരു യേശുദാസ് ശബ്ദം. വില്ലൻ എന്ന ചിത്രത്തിന് വേണ്ടിയാണ് 

"കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ

കണ്ണോടു കണ്ണോരം ചേരുന്നു നാം.." എന്ന ഗാനം ഉണ്ടായത്. കുറെ കാലങ്ങൾ പിന്നിലേയ്ക്ക് പോയി കേൾവിയ്ക്ക് തേൻ നിറയ്ക്കുന്ന ഒരു ഗാനം കേട്ട പോലെയാണ് ഇത് കേൾക്കുന്നത്! പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും മുഖങ്ങളുമായി മലയാളികളുടെ സ്വന്തം ലാലേട്ടനും മഞ്‍ജു വാരിയരും കടന്നു വരുമ്പോൾ വീണ്ടും കാണാനും കേൾക്കാനും കൊതിക്കുന്ന പാട്ടായി അത് മാറുന്നു.

നഗരത്തിന്റെ ചൂടിൽ നിന്നും കുറച്ചുകൂടി തണുത്ത ഒരു ഗ്രാമത്തിലേയ്ക്ക് ചേക്കേറണം... അവിടെ വലിയ അത്രമേൽ മനോഹരമായ ഒരു വീടുണ്ടായിരിക്കണം... അവിടെ ഞാനും അവനും..

ആ വീട്ടിലേയ്ക്കുള്ള വഴിയിലാണിപ്പോൾ.. നഗരത്തിൽ മഴ പെയ്തു തുടങ്ങിയിരിക്കുന്നു. ഞങ്ങൾക്കുള്ള സ്നേഹ ചുംബനം എന്ന പോലെ നെറ്റിൽ തൊട്ടു അത് താണിറങ്ങി.

"പാടുന്നു പ്രിയ രാഗങ്ങൾ...

ചിരി മായാതെ നഗരം ...

തേടുന്നു പുതു തീരങ്ങൾ

കൊതി തീരാതെ ഹൃദയം..."

എസ്രാ എന്ന ചിത്രത്തിലെ ഈ ഗാനത്തിനെ വെല്ലാൻ മാത്രം മനോഹരമായ ഗാനം പിന്നെ എപ്പോൾ ഇറങ്ങിയെന്നാണ്! സത്യമാണ്, ഓരോ പാട്ടുകൾക്കും ഓരോ ജന്മമാണ്, ഓരോ പൂക്കളുടെ പോലെ, ഓരോ ഗന്ധങ്ങളിൽ, ഓരോ ഭംഗികളിൽ... ബി കെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജിന്റേതാണ് ഈണം.ഹരിചരൺ പാടിയിരിക്കുന്നു.

ഞാൻ ഏതു കാട് പാടിയ പാട്ടാണ്? ഏതു കാട്ടരുവിയാണ് വരികൾക്ക് സംഗീതം നൽകിയത്? ഒരു കാട്ടുയാത്രയിൽ വെറുതെ അങ്ങനെ തോന്നാറില്ലേ? അതുതന്നെയാണ് പ്രകൃതിയുടെ തൊടലും. ഏറ്റവും മനോഹരമായ ഒരു ദിവസം അവൾ അന്വേഷിച്ച് വന്നത് കാടിനെയായിരുന്നോ അതോ അവനെയായിരുന്നോ? എന്തുതന്നെയായാലും അവിടെ നിന്ന് മടങ്ങുമ്പോൾ അവൾ സ്വന്തം സ്വപ്നങ്ങൾക്ക് നിറങ്ങൾ നൽകി തുടങ്ങിയിരുന്നു. അതിൽ കാൽ ചിലങ്കയുടെ താളമുണ്ടായിരുന്നു, പാട്ടുകളുടെ ഇമ്പമേറിയ സുഖമുണ്ടായിരുന്നു, കാടിന്റെ നിഷ്കളങ്കതയും സ്നേഹത്തിന്റെ മിടിപ്പുകളുമുണ്ടായിരുന്നു.

"അകലെയൊരു കാടിന്റെ

നടുവിലൊരു പൂവിൽ..

നുകരാതെ പോയ മധു മധുരമുണ്ടോ.."

കേൾവിയെയും ഹൃദയത്തെയും മോഹിപ്പിച്ച ഗാനത്തിന് വരികൾ എഴുതിയത് സന്തോഷ് വർമ്മയാണ്. രാമന്റെ ഏദൻ തോട്ടം ഏറ്റവുമധികം ചർച്ചാ വിഷയമായത് സ്ത്രീകൾക്കിടയിൽ തന്നെയായിരുന്നു.ആരുമറിയാതെ ഒരു കാടും അതിന്റെ അന്വേഷണങ്ങളും ഉള്ളിൽ ഏതു നേരവും കൊണ്ടുനടക്കുന്ന എത്രയോ മനുഷ്യ ഹൃദയങ്ങൾക്ക് വേണ്ടിയാണ് ഈ ഗാനം ചെയ്തിരിക്കുന്നതെന്ന് തോന്നിക്കും കേൾവി. ബിജിബാലിന്റേതാണ് സംഗീതം.

പുതിയൊരു ജീവിതം തുടങ്ങുമ്പോൾ എന്തൊക്കെ വേണം? അതും കുടുംബങ്ങളൊന്നാകെ ഉപേക്ഷിച്ചവർക്ക്... അവനു ജീവിതം മുഴുവൻ സിനിമയായിരുന്നു , അതിനുള്ള കൂട്ടായിരുന്നു അവളുടെ സ്നേഹം. അവന്റെ സിനിമാ മോഹത്തെ ലോകം മുഴുവൻ അപഹസിച്ചപ്പോഴും ഒപ്പം നിഴല് പോലെ നിന്ന് കുറ്റപ്പെടുത്തലുകളില്ലാതെ മോഹങ്ങൾക്ക് കൂട്ട് നിന്നവളാണ്... സ്നേഹിച്ചും മോഹിച്ചും ഒരു ജന്മം അതുകൊണ്ടു തന്നെ പോരാതെ തോന്നും...

"ഒഴുകി ഒഴുകി പുഴയിലൂടെ

കരയിൽ വന്നൊരീ ഇലകൾ നമ്മൾ.."

റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം നൽകിയത്. യാത്രകളിൽ എഫ് എമ്മുകളിൽ കേൾക്കുമ്പോൾ പുഴയിലൂടെ ഒരില കുമ്പിളിൽ ഇരുവർ ഒഴുകി പോകുന്ന അനുഭൂതി കൃത്യമായി അനുഭവിക്കാം. ഒരിക്കലും കരയിലെത്താതെ പുഴയിലൂടെ ഇങ്ങനെ ഒഴുകി ഒഴുകി നടക്കാനും ഒരിക്കലും ചിറകു കുഴയാതെ ഉയർന്നു പറക്കാനും ഈ പാട്ട് തോന്നിപ്പിച്ചു കൊണ്ടേയിരിക്കും.

എല്ലാവർക്കും വീട്ടിലെ പെൺകുട്ടിയാണ് മഞ്ജു വാരിയർ. അമിതമായ അലങ്കാരങ്ങളുടെയോ മേക്കപ്പിന്റെയോ സ്പർശമില്ലെങ്കിൽ പോലും ഭംഗി ഒരുപാടുള്ള ആ പെൺമുഖത്തോടു തെല്ലു കുശുമ്പും കുത്തും പലപ്പോഴും സ്ത്രീകൾ. മഞ്‍ജു സുജാതയായി അരങ്ങു തകർക്കാനെത്തുമ്പോൾ അവർ സുജാതയേയും ആഘോഷിക്കുകയാണ്.

"കസവു ഞൊറിയുമൊരു പുലരി..

നറു കളഭമണിയും ഉഷ മലരി…..

ആലോലമിളകും ഒരിതളിലെ –

ഹിമകണമരുളിയ കതിരുകളൊരു പുതു

കസവു ഞൊറിയുമൊരു പുലരി...",

പുലരിയെ കണ്ടിട്ടില്ലേ...! കസവുടയാട അണിഞ്ഞ് വരുന്ന നാടൻ പെണ്ണിന്റെ ഭംഗികളുമായി അതിരാവിലെ കിടക്കയിൽ വന്നു തൊട്ടുണർത്തുമ്പോൾ വാരിപ്പിടിച്ചോരു ഉമ്മ കൊടുക്കാൻ തോന്നിപ്പിക്കുന്ന പുലരികൾ... എത്രമേൽ വർണിച്ചാലാണ് പുലരിയുടെ ഭംഗികൾ ഒന്ന് തീരുക...മുകിലിന്റെ തൂവൽ പൊഴിഞ്ഞു ശാന്തമായി കിടക്കുന്ന കന്നിപ്പാടത്തിന്റെ നിഴൽവരകൾ ഒരുക്കുന്ന കൗതുകം, നാളെ വിരിയാൻ ഇന്നേ ഉലഞ്ഞു തുടങ്ങുന്ന ഇളം പൂക്കളുടെ ഗന്ധം കാറ്റിൽ മെല്ലെ അലിയാണ് പോവുകയാണ്... "ഉദാഹരണം സുജാത" എന്ന ചിത്രത്തിലെ ഈ ഗാനം ഗ്രാമഭംഗികളെയും അതിനുള്ളിലെവിടെയോ ശലഭം പോലെ പാറി നടക്കുന്ന സുജാതയേയും ഓർമ്മിപ്പിക്കുന്നു.ഡി സന്തോഷിന്റെ മനോഹരമായ വരികൾക്ക് ഗോപി സുന്ദറിന്റേതാണ് സംഗീതം.