Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രേയക്കുട്ടിക്ക് ഇന്ന് പിറന്നാൾ! വിഡിയോ

മലയാളത്തിന്റെ കൊച്ചുവാനമ്പാടി ശ്രേയ ജയദീപിന് ഇന്ന് 12–ാം പിറന്നാൾ.

മലയാളിയുടെ ഹൃദയത്തിന്റെ ജാലകത്തിലേക്ക് പറന്നുവന്നിരുന്ന കൊച്ചുവാനമ്പാടിയാണ് ശ്രേയ ജയദീപ്. 12 വയസ്സിനിടെ അറുപതോളം ഗാനങ്ങൾ റെക്കോർഡ് ചെയ്യുക...മലയാളത്തിലെ മുൻനിര സംഗീതസംവിധായകരുടെ മുൻപിൽ പാടുക. ആ പാട്ടുകൾ എല്ലാം ഹിറ്റ് ആക്കുക. സാക്ഷാൽ എ ആർ റഹ്മാനെയും, ശ്രേയ ഘോഷാലിനെപ്പോലും വിസ്മയപ്പെടുത്തുക. മലയാളികളുടെ പ്രിയപ്പെട്ട ശ്രേയക്കുട്ടി ഒരു അദ്‌ഭുതമാണ്. 

sreya-jayadeep

അമർ അക്ബർ അന്തോണിയിലെ ‘എന്നോ ഞാനെന്റെ’ എന്ന ഗാനമാണ് ശ്രേയയെ സുപരിചിതയാക്കിയത്. ഒപ്പം എന്ന സിനിമയിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന പാട്ടും ഹിറ്റ്ചാർട്ടുകളിൽ ഇടംപിടിച്ചതോടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തിൽ ശ്രേയ എന്ന വാനമ്പാടി കൂടുകൂട്ടി. സ്‌കൂൾകുട്ടികൾ ഈ പാട്ടുകൾ പ്രാർത്ഥനാഗാനം പോലെ പാടിനടക്കാൻ തുടങ്ങി. 

sreya-jayadeep5

മലയാളം പുതുവർഷത്തോടനുബന്ധിച്ച് മലയാള മനോരമയ്ക്കായി പാടിയ തുഞ്ചന്റെ പൈങ്കിളി എന്ന ഗാനം ശ്രേയയുടെ ഹൃദ്യമായ ആലാപനശൈലി കൊണ്ട് ഏറെ ശ്രദ്ധേയമായി. അടുത്തിടെ പുറത്തിറങ്ങിയ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ ടപ്പ്, ടപ്പ് എന്ന കുട്ടിപ്പാട്ടിലൂടെ ശ്രേയ വീണ്ടും കുട്ടിപ്പട്ടാളത്തിനൊപ്പം കൂടി.

shreya-jayadeep-unnitharangal

കോഴിക്കോട് മാവൂർ റോഡിലുള്ള ശ്രേയയുടെ വീട്ടിലേക്ക് എത്തിയപ്പോൾ സെലിബ്രിറ്റിയായതിന്റെ ഗമയൊന്നും ഇല്ലാതെ പാറിപ്പറന്നു നടക്കുകയാണ് താരം. ശ്രേയക്കുട്ടി മനോരമ ഓൺലൈനുമായി സംഗീതവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

പാട്ടിലേക്ക് എത്തിയത്...

sreya-jayadeep6

അച്ഛനും അമ്മയും പറയാറുണ്ട്. വളരെ ചെറുപ്പത്തിലേ ടിവിയിലൊക്കെ പാട്ടുവരുമ്പോൾ ഞാൻ അടുത്തുപോയി കേട്ടിരിക്കുമായിരുന്നുവെന്ന്. സ്‌കൂളിൽ ചെറിയ പരിപാടികൾ ഉള്ളപ്പോൾ എന്നെക്കൊണ്ട് പാടിക്കുമായിരുന്നു. പിന്നീട് ഒരു ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ആദ്യമായി വലിയ സ്‌റ്റേജിലേക്ക് എത്തുന്നത്. അഞ്ചാം ക്ലാസായപ്പോൾ എനിക്ക് ഡാൻസ് പഠിക്കണം എന്നു ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ പിന്നെ പാട്ടു പാടിത്തുടങ്ങിയതോടെ ആ താൽപര്യം പോയി. 2015 ൽ അമർ അക്ബർ അന്തോണി എന്ന ഫിലിമിൽ പാടിയ 'എന്നോ ഞാനെന്റെ മുറ്റത്ത്' എന്ന പാട്ട് ഹിറ്റ് ആയിരുന്നു. അതിനു എനിക്ക് സ്‌റ്റേറ്റ് അവാർഡ് ഒക്കെ കിട്ടി. ഇപ്പൊ സ്‌കൂൾ കഴിഞ്ഞാൽ ഫുൾ ടൈം പാട്ടു മാത്രം...

എല്ലാരും കട്ട സപ്പോർട്ട്!...

sreya-jaydeep2

എന്റെ സ്‌കൂൾ, വിശേഷിച്ച് പ്രിൻസിപ്പൽ ജോണി കാഞ്ഞിരത്തിങ്കൽ ഫാദർ, ടീച്ചേർസ്, കൂട്ടുകാർ എല്ലാവരും എനിക്ക് നല്ല സപ്പോർട്ടാണ്. റെക്കോർഡിങ്ങും മ്യൂസിക് ഷോകളും ഒക്കെ ഉള്ളപ്പോൾ ക്ലാസ് മിസ്സ് ആകാറുണ്ട്. അപ്പോഴൊക്കെ കൂട്ടുകാർ വാട്സാപ്പിൽ നോട്സ് അയച്ചു തരും. ടീച്ചേഴ്സ് സ്‌പെഷൽ ക്‌ളാസ്‌ എടുത്തു തരും. ഇവരുടെയെല്ലാം സപ്പോർട്ട് ആണ് എന്റെ ലക്ക്.

വഴികാട്ടി MJ അങ്കിൾ...

sreya-with-m-jayachandran ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ഒരു ദിവസം സ്‌കൂൾ വിട്ടു വന്നപ്പോൾ എനിക്കൊരു ഫോൺ വന്നു. ഞാൻ ആരാണെന്നു ചോദിച്ചപ്പോൾ വിളിച്ചയാൾ ഞാൻ ശ്രേയക്കുട്ടിയുടെ ഫാൻ ആണെന്ന് പറഞ്ഞു. പിന്നീടാണ് അത് എം ജയചന്ദ്രൻ അങ്കിൾ ആണെന്ന് മനസ്സിലായത്.

shreya-jayadeep-malayala-manorama-song

അന്ന് കളിമണ്ണ് എന്ന സിനിമയിലെ ലാലീ ലാലീ എന്ന പാട്ട് ഇറങ്ങിയ സമയമാണ്. അന്നൊരു ടിവി ഷോയിൽ ഞാൻ ലാലീ ലാലീ പാടിയപ്പോൾ MJ അങ്കിളായിരുന്നു ഗസ്റ്റ്. ഞാൻ പാട്ടു പാടിക്കഴിഞ്ഞപ്പോൾ അങ്കിൾ വന്നു എന്നെ അഭിനന്ദിച്ചു. എനിക്ക് ഒരു ഡയറി മിൽക്ക് ചോക്കലേറ്റ് തന്നു.

"ആ ഡയറി മിൽക്ക് അപ്പോൾത്തന്നെ ഞാൻ കഴിച്ചു തീർത്തു". ഉടനെ സമീപത്തിരുന്ന അനുജൻ സൗരവിന്റെ ഡയലോഗ്. 

ചിത്ര ആന്റി തന്ന ഉമ്മ...

sreya-with-singers ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

മേലെ മാനത്തെ ഈശോയെ എന്ന പാട്ടിന്റെ റെക്കോർഡിങ്ങിനായി ഞാൻ ചെന്നൈയിൽ പോയപ്പോഴാണ് ചിത്ര ആന്റിയെയും സുജാത ആന്റിയെയും കണ്ടത്. ചിത്ര ആന്റി എന്നോട് ലാലീ ലാലീ പാടാൻ പറഞ്ഞു. പാടിക്കഴിഞ്ഞപ്പോൾ മുറുക്കെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു.

ഓരോ പാട്ടും വ്യത്യസ്തം...

shreya-jayadeep1

ഗോപി അങ്കിൾ (ഗോപി സുന്ദർ) ആയാലും, MJ അങ്കിൾ (എം ജയചന്ദ്രൻ) ആയാലും, ഷാൻ അങ്കിൾ (ഷാൻ റഹ്‌മാൻ) ആയാലും ഓരോ വരികളും എങ്ങനെ പാടണമെന്നു ക്ലിയറായി പറഞ്ഞുതരും. ശരിയായില്ലെങ്കിൽ വഴക്ക് ഒന്നും പറയില്ല..ഒന്നൂടെ ചെയ്യാം എന്ന് പറയും. എല്ലാ പാട്ടും ഞാൻ പരമാവധി ഭംഗിയാക്കാൻ ശ്രമിക്കാറുണ്ട്.

ശ്രേയക്കുട്ടി ഫാൻസ്‌ ക്ലബ്...

ഞാൻ ഷോപ്പിങ് മാളിലും സ്‌കൂളിലുമൊക്കെ പോകുമ്പോൾ ആദ്യമായിട്ട് കാണുന്ന ആളുകൾ ഇങ്ങനെ സംശയത്തോടെ നോക്കും. ചിലർ അടുത്തുവന്നു പേര് ചോദിക്കും. ഞാൻ ശ്രേയ എന്ന് പറയുമ്പോൾ, 'പാട്ടു പാടുന്ന മോൾ അല്ലേ' എന്നുചോദിക്കും, എന്നിട്ട് സെൽഫി എടുക്കും. എന്നുകരുതി ഞാൻ വലിയ സെലിബ്രിറ്റി ആയെന്നൊന്നും എനിക്ക് തോന്നുന്നില്ല കേട്ടോ...

പുതിയ പാട്ടുകൾ...

shreya

ഷാൻ അങ്കിളിനു (ഷാൻ റഹ്‌മാൻ) വേണ്ടി ആന അലറലോടലറൽ എന്ന ഫിലിമിൽ പാടിക്കഴിഞ്ഞു. വിനീത് അങ്കിളാണ് (വിനീത് ശ്രീനിവാസൻ) ആ സിനിമയിൽ നായകൻ. പിന്നെ സ്വനം, ചിപ്പി തുടങ്ങിയ കുറെ കുട്ടി കുട്ടി മൂവിസിൽ പാടിക്കഴിഞ്ഞു... സദൃശ്യവാക്യം 24:29 എന്നൊരു സിനിമയിൽ MJ അങ്കിളിനൊപ്പം വീണ്ടും വർക് ചെയ്തു. ഇതൊക്കെയാണ് റിലീസ് ചെയ്യാനുള്ള സിനിമകൾ... 

sreya-jayadeep-birthday ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

അപ്പോഴേക്കും അച്ഛൻ ജയദീപിന്റെ വിളി വന്നു. ഒരു ഡിവോഷണൽ സോങ്ങിന്റെ റിക്കോർഡിങ് ഉണ്ട്. കുട്ടിത്താരം വേഗം ഒരുങ്ങാനായി പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു പോയി.

Read more on Music News Shreya Jayadeep