Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മുല്ലപ്പൂം പല്ലിലോ മുക്കൂറ്റി കവിളിലോ'... ഡാൻസ് ഹിറ്റാക്കി അപ്പാനി ശരത്

appani-ravi-dance

അങ്കമാലി ഡയറീസിലൂടെയും പിന്നീട് ലോകം മുഴുവൻ ആഞ്ഞടിച്ച 'ജിമ്മിക്കി കമ്മൽ'... എന്ന ഗാനത്തിലൂടെയും പ്രശസ്തനായ അപ്പാനി ശരത് ഇപ്പോൾ റിയാലിറ്റി ഷോകളിലെ അതിഥി താരമാണ്. അത്തരം ഷോകളിലെത്തിയാൽ രണ്ടു ചുവടുവയ്ക്കാതെ ശരത്തിനെ ആരും വിടാറുമില്ല. കഴിഞ്ഞ ദിവസം മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലായിരുന്നു അപ്പാനി രവിയുടെ തകർപ്പൻ പെർഫോർമൻസ്. അഭ്യർഥനപ്രകാരമാണ് അപ്പാനി ശരത് ഒരു ഡാൻസ് കളിക്കാനിറങ്ങിയത്.

'മുല്ലപ്പൂം പല്ലിലോ മുക്കൂറ്റി കവിളിലോ'... എന്ന പാട്ടിനൊപ്പമുള്ള അപ്പാനി ശരത്തിന്റെ ഡാൻസ് ആർക്കും ഇഷ്ടമാകും. പഴയ പ്രണയഗാനത്തിന്റെ വരികൾക്ക് മോഡേൺ പ്രണയത്തിന്റെ മട്ടും ഭാവവും നല്‍കി രസകരമായി അവതരിപ്പിച്ച ഡാൻസായിരുന്നുവത്. മിഥില, മനു ഇമ്മാനുവേൽ എന്നിവരടങ്ങിയ ജോഡിയായിരുന്നു ആദ്യം ഈ ഡാൻസ് ചെയ്തത്. ഡാൻസിനേക്കാൾ ഇവരുടെ അഭിനയം ഇഷ്ടമാണെന്ന് പറഞ്ഞ അപ്പാനിയോട് പാട്ടിൽ മൈം ചെയ്യാൻ പരിപാടിയുടെ അവതാരകർ പറയുകയായിരുന്നു. ചെയ്യാമെന്ന് സമ്മതിച്ച ഏവരുടേയും മനസു കീഴടക്കി. വലിയ റിഹേഴ്സൽ ഒന്നും ചെയ്യാതെ തന്നെ താരം സംഗതി ഗംഭീരമാക്കി.

നാടകങ്ങളിലൂടെ സിനിമയിലെത്തിയ ശരത് മികച്ചൊരു പെർഫോമറാണെന്ന് വീണ്ടും തെളിയിക്കുന്നു ഈ ഡാൻസ്. ഇതേ ഷോയിലെ വിധികർത്താക്കളിലൊരാളായ പ്രശസ്ത കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്ററിനോടൊപ്പം താൻ പാടിയഭിനയിച്ച വൈറൽ ഗാനം ജിമ്മിക്കി കമ്മലിനോടൊപ്പവും ശരത് ചുവടുവച്ചു. 1974ൽ പുറത്തിറങ്ങിയ 'അരക്കള്ളൻ മുക്കാക്കള്ളൻ' ചിത്രത്തിലെ പാട്ടാണ് 'മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ'... എന്ന ഗാനം. പി.ഭാസ്കരൻ രചിച്ച് ദക്ഷിണാമൂർത്തി സംഗീതം പകർന്ന് യേശുദാസും എസ്.ജാനകിയും ചേർന്നു പാടിയ പാട്ട്.