Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടും പാടി ശാന്തി കൃഷ്ണ!

ശാന്തികൃഷ്ണ

നിവിൻ പോളി ആരെന്ന് അറിയാൻ ഗൂഗിൾ ചെയ്ത് നോക്കേണ്ടി വന്നുവെന്ന ശാന്തി കൃഷ്ണയുടെ കമന്റായിരുന്നു സിനിമയിലേക്കുള്ള അവരുടെ മടങ്ങിവരവിൽ ഏറെ ശ്രദ്ധ നേടിയത്. മലയാള സിനിമയിൽ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച‌ിട്ടുള്ള നായിക നീണ്ട ഇടവേളയ്ക്കു ശേഷമാണ് തിരികെയെത്തിയത്. ആദ്യം ചിത്രം, ഞണ്ടുകളുടെ നാട്ടിലെ ഒരിടവേളയിലെ ഷീല എന്ന കഥാപാത്രം നിറഞ്ഞ കയ്യടികളും നേടി. ദാ പുതിയ ചിത്രത്തിൽ പാട്ടും പാടിയാണ് ശാന്തി കൃഷ്ണയുടെ വരവ്. ആദ്യമായി ശാന്തി കൃഷ്ണ പിന്നണി ഗായിക കൂടിയായിരിക്കുകയാണ്. നടിയെ പാട്ടുകാരിയാക്കിയത് രാഹുൽ രാജ് ആണ്. നിവിനെ പോലെ രാഹുലിനേയും ശാന്തി കൃഷ്ണയ്ക്ക് വലിയ പിടിയില്ലായിരുന്നു. പാടിക്കഴിഞ്ഞ് രാഹുലിനെ പറ്റി അറിഞ്ഞതിനു ശേഷം...

ഓ ഇത്രയും വലിയ ആളിന്റെ പാട്ടാണോ ഞാൻ പാടിയത്....എന്നൊരു കമന്റും പറഞ്ഞു ശാന്തി കൃഷ്ണ...

പുതിയ ചിത്രത്തില്‍ നാട്ടുമ്പുറത്തുകാരിയായ അമ്മയുടെ വേഷത്തിലാണ് ശാന്തി കൃഷ്ണ. ഒരു താരാട്ട് പാട്ടാണ് താരം പാടിയത്. സിമ്പിൾ ആൻഡ് ഹമ്പിൾ എന്നു പറയാവുന്നൊരു ഗാനം. "നാട്ടുമ്പുറത്തെ അമ്മമാർ പാടുന്ന താരാട്ട് പാട്ടുണ്ടല്ലോ...അതിന്റെ ഒരു നിഷ്കളങ്കതയും ലാളിത്യവും വേണമായിരുന്നു പാട്ടിൽ. ശാന്തി കൃഷ്ണ അങ്ങനെ തന്നെയാണു പാടിയതും. അവർ മലയാളിയല്ല എന്ന് നിങ്ങൾ പറഞ്ഞപ്പോൾ മാത്രമാണ് എനിക്കു തോന്നിയത്. പാട്ട് പഠിപ്പിച്ചെടുക്കാനോ പാടിക്കാനോ ഒട്ടുമേ പ്രയാസമില്ലായിരുന്നു. ജന്മസിദ്ധമായ കഴിവുള്ള കലാകാരിയാണെന്ന് കൂടുതൽ അറിയുകയായിരുന്നു. കുറേ വര്‍ഷം ശാസ്ത്രീയ സംഗീതം അവർ പഠിച്ചിട്ടുമുണ്ട്.". രാഹുൽ രാജ് പറഞ്ഞു.

rahul-raj-shanthi-krishna റെക്കോഡിങിനു ശേഷം ശാന്തി കൃഷ്ണയ്ക്കും ചിത്രത്തിന്റെ സംവിധായകൻ ശ്രീജിത് വിജയനുമൊപ്പം രാഹുൽ രാജിന്റെ സെൽഫി

കഥാപാത്രത്തിന്റെ മികവിനായിട്ടാണ് ശാന്തി കൃഷണയെ തന്നെ പാട്ടുകാരിയാക്കാൻ കുഞ്ചാക്കോ ബോബൻ നായകനാകുന്ന 'കുട്ടനാടൻ മാർപ്പാപ്പ' എന്ന ചിത്രത്തിലെ സംവിധായകനും സംഗീത സംവിധായകനും തീരുമാനിച്ചത്. ശാന്തി കൃഷ്ണയുടെ അഭിമുഖങ്ങളിൽ അവർ പാടുന്നതും പാട്ടു പഠിച്ചതിനെ കുറിച്ച് പറയുന്നതും ഇരുവരും ശ്രദ്ധിച്ചിരുന്നു. കാര്യം നടിയോടു പറഞ്ഞപ്പോൾ ചെറിയൊരു സംശയമുണ്ടായിരുന്നെങ്കിലും പാടാമെന്നും സമ്മതിച്ചു.

വിനായക് ശശികുമാർ എഴുതിയ വരികളാണു പാട്ടിലുള്ളത്. സിനിമയിൽ പാട്ടിന്റെ റെക്കോഡിങ് അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ, റിയൽ ആയിട്ട് ചെയ്യുമ്പോൾ എങ്ങനെയാകും എന്നറിയില്ല എന്നൊക്കെ ശാന്തി കൃഷ്ണ പറഞ്ഞെങ്കിലും പാട്ട് കേൾക്കുമ്പോൾ ആർക്കും അങ്ങനെ തോന്നില്ലെന്ന് ഉറപ്പു പറയുന്നു രാഹുൽ രാജ്. റെക്കോഡിങ് കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞ് വിളിച്ചിരുന്നു. ഒരുപാട് കൗതുകമുണ്ട് അവർക്ക്. പാട്ടിന്റെ ചെറിയൊരു ഭാഗമെങ്കിലും അയച്ചു തരൂ...മക്കളേയും അമ്മയേയും കേൾപ്പിക്കാനാണ് എന്ന് പറഞ്ഞു...പാട്ട് ഉടനേ തന്നെ പുറത്തിറക്കും. രാഹുൽ രാജ് പറയുന്നു.