Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കയ്യിൽ ക്യാമറ, മറ്റേ കയ്യിൽ നായിക: ക്യാമറാമാന്റെ പെടാപ്പാട്

roshomon-roshomon-video-shoot

സിനിമകളിലെ ചില രംഗങ്ങൾ കാണുമ്പോൾ നാം ആലോചിക്കാറില്ലേ, ഇതെങ്ങനെയാണു ചിത്രീകരിച്ചതെന്ന് ? സ്ക്രീനിൽ കാണുമ്പോൾ സിംപിളായി തോന്നുന്ന പല രംഗങ്ങളുടെയും പിന്നിൽ വലിയ അധ്വാനം ഉണ്ടെന്നുള്ളതാണ് വാസ്തവം. അടുത്തിടെ പുറത്തിറങ്ങിയ സോളോ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലെ റോഷമോൻ റോഷമോൻ എന്ന പാട്ടിലെ ഒരു രംഗത്തിന്റെ ചിത്രീകരണ വിഡിയോ ഇതിനൊരു ഉദാഹരണമാണ്. ചിത്രത്തിന്റെ കാമറാമാൻ ഗിരീഷ് ഗംഗാധരൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇൗ രംഗം ഷൂട്ട് ചെയ്ത രീതി വെളിവാക്കുന്നതാണ്. നായികയും നായകനും മുഖാമുഖം നിന്ന് കൈപ്പത്തികൾ കോർത്തു വച്ച് വട്ടം കറങ്ങുന്നതാണ് പാട്ടിന്റെ രംഗങ്ങളിലൊന്ന്. പക്ഷേ ചിത്രീകരിക്കുമ്പോൾ നായകന്റെ കൈ ആയിരുന്നില്ല നായിക ചേർത്തു പിടിച്ചത്. പകരം ക്യാമറാമാനായ ഗിരീഷിന്റെ കയ്യിലാണ് നായിക പിടിച്ചിരിക്കുന്നത്. 

ഗിരീഷ് ഗംഗാധരന്റെ കൈപ്പത്തിയില്‍ കോർത്തുപിടിച്ചായിരുന്നു നായിക നേഹ ശർമ ചുറ്റിയത്. ഗിരീഷിന്റെ തോളിൽ ക്യാമറയുമുണ്ടായിരുന്നു. ആ ക്യാമറ വച്ചാണ് നായികയുടെ ക്ലോസ് അപ് രംഗങ്ങൾ ഉൾപ്പെടെയുള്ളവ ചിത്രീകരിച്ചത്. ഗീരിഷിനെ സഹായിക്കാൻ വേറെ രണ്ടു പേർ ഒപ്പമുണ്ടായിരുന്നു. ഈ രംഗത്ത് നായിക മറ്റേ കൈ കൊണ്ട് നായകനെ ഇടിക്കുന്ന രംഗവുണ്ട്. ആ ഇടി ചിത്രീകരണ സമയത്ത് കൊണ്ടത് ക്യാമറാ സഹായിയായി നിന്ന ഒരാളുടെ കൈകളിലായിരുന്നു. 

നമ്മൾ സ്ക്രീനിൽ കണ്ട് കയ്യടിക്കുന്ന ഓരോ രംഗങ്ങൾക്കു പിന്നിലും എത്ര വലിയ പരിശ്രമമാണുള്ളതെന്നു പറയുന്നു ഈ ചെറിയ വിഡിയോ. സോളോയിലെ ഗിരീഷിന്റെ ഛായാഗ്രഹണം മികച്ച അഭിപ്രായമാണു നേടിയത്.