Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘‘ധൈര്യമായി പോകൂ, നല്ലതു വരട്ടെ’’ അബിയോട് ഷഹബാസ് അമൻ

abi-shahaz-aman

ഇന്നലെ അന്തരിച്ച് നടനും മിമിക്രി താരവുമായ അബിയെക്കുറിച്ചുള്ള എഴുത്തുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയെ. അതിൽ ചിലതെങ്കിലും നമ്മെ പിടിച്ചുലയ്ക്കുന്നതാണ്. സംഗീതജ്ഞനായ ഷഹബാസ് അമൻ എഴുതിയതും വായിക്കുന്നവരുടെ മനസ്സ് തൊടുന്ന കുറിപ്പാണ്. അബീ പോകുന്ന പോക്കിൽ താങ്കൾക്ക് വ്യക്തമായും അഭിമാനിക്കാവുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ട് എന്നു തുടങ്ങുന്നതാണ് കുറിപ്പ്. ആളുകളെ കൊണ്ട് വേണ്ടാത്തത് പറയിപ്പിച്ചിട്ടില്ല എന്നതാണ് ആദ്യത്തെ കാര്യം. രണ്ടാമത്തേത് മകന് ഷെയ്ൻ നിഗം എന്ന മിടുക്കനാണ്.  ഷഹബാസ് എഴുതി.

ഷഹബാസ് അമന്‍ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പ് വായിക്കാം...

പ്രിയ അബീ.. പോകുന്ന പോക്കിൽ താങ്കൾക്ക്‌ വ്യക്തമായും അഭിമാനിക്കാവുന്ന ‌രണ്ട്‌ പ്രധാന കാര്യങ്ങളുണ്ട്‌.

ഒന്ന് : കിട്ടിയ ജീവിതകാലം ഏകദേശം മുഴുവനും തന്നെ അനുകരണകലയും സിനിമയും ഉൾപ്പെടെയുള്ള കേരളത്തിലെ മുഖ്യ വിനോദവ്യാപാരമേഖലയുടെ ബാക്ഡ്രോപ്പിൽ ജീവിച്ചിരുന്നിട്ടും താങ്കൾ ആളുകളെക്കൊണ്ട്‌ "വേണ്ടാത്തത്‌ പറയിപ്പിച്ചിട്ടില്ല" എന്നതാണു. കേൾക്കുന്നവർക്ക്‌ തമാശയായി തോന്നാമെങ്കിലും മലയാള ‘മുസ്ലിം’ പശ്ചാത്തലത്തിൽ നിന്നും 'പൊതു കലാരംഗത്തേക്ക്‌' ‌ വരുന്ന മിക്ക ആർട്ടിസ്റ്റുകളെ സംബന്ധിച്ചും‌ (ആ ഐഡന്റിറ്റി തീരെ അലട്ടാതിരിക്കുന്നവരെ

മാറ്റി നിർത്തുന്നു) അത്‌ അത്ര ചെറിയൊരു കാര്യമല്ല.മാത്രമല്ല, അക്കാര്യത്തിലൊക്കെ പ്രത്യേകം ശ്രദ്ധ പുലർത്താൻ തന്നെ എന്തോരം സ്ട്രെയിൻ വേണ്ടി വന്നിട്ടുണ്ടാകും എന്നും മനസ്സിലാകുന്നവർക്ക്‌ മനസ്സിലാകും! അങ്ങനെയുള്ളവർ സ്വന്തം ഇന്നർ ഡിസിപ്ലിൻ മൂലം വേണമെന്നും വേണ്ടെന്നും വെക്കുന്ന കാര്യങ്ങളും പല വിധത്തിലുള്ളതാണു.അവയൊക്കെ മറ്റു 'പൊതു'കലാകാരരെ സംബന്ധിച്ച്‌ നോക്കിയാൽ അൽപ്പം അൽഭുതം നിറഞ്ഞത്‌ തന്നെയാകാനാണു സാധ്യത.അതേക്കുറിച്ചൊന്നും താങ്കൾ അധികം പറഞ്ഞിട്ടുമില്ല.മറ്റുള്ളവരാൽ കാര്യമായി ചോദിക്കപ്പെട്ടിട്ടുമില്ല .പോട്ടെ.ഇനി അത്‌ വിടാം...

രണ്ടാമത്തെക്കാര്യം സ്വന്തം മകൻ തന്നെ! ഷെയ്ൻ നിഗം! അവൻ മിടുമിടുക്കനല്ലേ! കൊച്ചി സ്റ്റയിലിൽ പറഞ്ഞാൽ പൊളി!! 'ഈട' അത്യാവശ്യം വേണ്ട ഒരുത്തൻ! 'ഈട' കലക്കും ചെയ്യും അവൻ ! താങ്കളുടെ അനുഭവപാഠങ്ങൾ തന്നെയാവാം ഒരു പക്ഷേ,അവനെ ഇത്ര ചെറുപ്പത്തിലേ ലെസ്‌ ആക്രാന്തിയും‌ സെലക്ടീവും എന്നാൽ എണ്ണം പറഞ്ഞ ഒരുത്തനും ആക്കിത്തീർത്തത്‌‌! അവനു ചെയ്യാൻ ഒരുപാടുണ്ട്‌! അതൊക്കെ ഓൻ നോക്കി ചെയ്തോളും! ഷെയ്ൻ എന്നു പറയുന്ന കുട്ടി കേവലം ഒരു പിന്തുടർച്ച എന്ന നിലക്ക് മാത്രമല്ല,സാംസ്കാരികമായും കലാപരമായും ഉള്ള താങ്കളുടെ ഒരു പ്രധാന കോണ്ട്രിബ്യൂഷൻ കൂടിയാണു പ്രിയ അബീ! ധൈര്യമായി പോകൂ! പോകുന്നിടത്തെല്ലാം നല്ലതു വരട്ടെ...

നിറയേ സ്നേഹം