Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായാനദിയിലെ പ്രണയം: അഴകേറെ ഈ പാട്ടിനും രംഗങ്ങൾക്കും

mayanadhi-songs

അധികം സിനിമകളൊന്നും ക്രഡിറ്റിലില്ല റെക്സ് വിജയൻ എന്ന സംഗീതസംവിധായകന്റെ കയ്യിൽ. പക്ഷെ ഉള്ളിൽ കടന്നുകൂടുന്ന ഗാനങ്ങൾ കൃത്യമായ ഇടവേളകളിൽ റെക്സ് മലയാളികൾക്കു നൽകാറുണ്ട്. റെക്സിന്റെ  സിനിമാ സംഗീത കരിയറിലെ ഏറ്റവും മികച്ച  ഗാനമായി  മാറാവുന്ന ഒരു പാട്ടാണ് ഇപ്പോൾ പ്ലേലിസ്റ്റിൽ ലൂപ് ചെയ്യുന്നത്. മായാനദി എന്ന ആഷിക് അബു ചിത്രത്തിലെ ഷഹബാസ് അമൻ പാടിയ മായാനദിയെന്ന ഗാനം. റെക്സിന്റെ പതിവു ജോണറിൽ നിന്നു അൽപ്പം മാറിനിൽക്കുന്നുവെന്നതു മറ്റൊരു ശ്രദ്ധേയമായ കാര്യം. 

മിഴിയിൽ നിന്നും മിഴിയിലേക്ക്

തോണി തുഴഞ്ഞ് പോയി

നമ്മൾ, മെല്ലേ....

മഴയറിഞ്ഞില്ലിരവറിഞ്ഞി-

ല്ലകമഴിഞ്ഞോ നമ്മൾ...തമ്മിൽ

മെല്ലേ....

അണിയമായ് നീ, അമരമായ് ഞാൻ

ഉടൽ തുളുമ്പിത്തൂവീ, തമ്മിൽ....

മെല്ലേ...

തോണി നിറഞ്ഞ്, പ്രാണൻ കവിഞ്ഞ്

ഈണമായ് നമ്മിൽ...മെല്ലേ...

മായാനദി....

റെക്സിന്റെ അൽപ്പം വേഗമേറിയ ഇലക്ട്രോണിക് താളത്തിൽ നിന്നു ഏറെ മാറിയാണു മായാനദിയുടെ ഒഴുക്ക്. പതിഞ്ഞ താളത്തിൽ, ഒരു മഴപോലെ ഉള്ളിൽ നിറയുന്നു. രസകരമായ ഓർക്കസ്ട്രേഷൻ, അതിനൊപ്പം ഷഹബാസിന്റെ ശബ്ദവും. പാട്ടിന്റെ പോക്ക് പിടികിട്ടണമെങ്കിൽ ഒന്നിലേറെ തവണ കേൾക്കണം. പിന്നെ നിങ്ങളും മായാനദിയുടെ ഭാഗമാകും. ഈണം ചിലപ്പോൾ നിങ്ങളുടെ ഉള്ളിൽ പൂർണമായി പിടിമുറുക്കണമെന്നു കൂടിയില്ല. പല വഴികളിൽ ഒഴുകുന്ന നദിപോലെയാണിത്. ഗസലും ഹിന്ദുസ്ഥാനിയുമെല്ലാം ഇടകലർന്ന സുന്ദരമായ ഈണം. ഓർക്കസ്ട്രേഷനു പോലും ഒരു മിതത്വം. പാട്ടിനോട് ഒത്തു ചേർന്നു നിൽക്കുന്നു. അൻവർ അലിയുടെ വരികൾക്കും ഭംഗി അൽപ്പം കൂടും. മായാനദിയുടെ ഓഡിയോലോഞ്ചിൽ സംഗീത സംവിധായകൻ ബിജിബാൽ പറഞ്ഞതു പോലെ അൽപ്പം അസൂയയുണ്ടാക്കുന്നു ഈ ഗാനം. 

ഉയിരിൻ നദിയെ...എന്ന മായാനദിയിലെ രണ്ടാമത്തെ ഗാനം നേഹ എസ്. നായരും റെക്സ് വിജയനും ചേർന്നാണു പാടിയിരിക്കുന്നത്. അൽപ്പം വേഗമേറിയ ഇലക്ട്രോണിക് ബീറ്റുകൾ നിറയുന്ന ഗാനത്തിന്റെ വരികൾ വിനായക് ശശികുമാറിന്റേത്. പുതിയ തലമുറയുടെ ചടുതലതയ്ക്കുള്ള റെക്സിന്റെ നിർവചനമാണിത്.