Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഈട'യിലെ ആദ്യഗാനം; വിഡിയോ കാണാം...

eeda-movie-still-shane-nigam-nimisha-sajayan-1 ഗാനരംഗത്തിൽ ഷെയ്ൻ നിഗം, നിമിഷ സജയൻ

കവിതയുടെ ഏറ്റവും പ്രായോഗികമായ രൂപത്തെ ഗാനമെന്ന് വിളിക്കാം. വാക്കും ഈണവും ചേർന്ന് ഒറ്റകേൾവിയിൽ തന്നെ ഉള്ളുതൊടുന്ന, ഒന്നു കേട്ടാൽ പിന്നീട് പലപ്പോഴും നാം പോലുമറിയാതെ മനസ്സിലോടിയെത്തുന്ന ഗാനങ്ങൾ മലയാളത്തിൽ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ജീവിതത്തിന്റെ പലഭാവങ്ങളെ ഈണത്തിനൊത്ത് ലളിതമായ വാക്കുകളിലൊതുക്കുന്നതിൽ അൻവർ അലി എന്ന ഗാന രചയ്താവിന് ഒരു പ്രത്യേക കഴിവാണ്. ജീവിതത്തെ പാട്ടിന്റെ വരികളിലേക്ക് അൻവർ പകർത്തുമ്പോള്‍ അതിൽ കവിതയും സംഗീതവും ഉൾച്ചേരുന്നു.

Eeda Official Song - Mizhi Niranju | Shane Nigam | Nimisha Sajayan | B Ajithkumar

അൻവറിന്റെ വരികൾക്ക് ജോൺ പി വർക്കി ഈണം പകർന്ന 'ഈട'യിലെ 'മിഴിനിറഞ്ഞു മിന്നും നോവിനെന്തു മധുരം' എന്ന ഗാനം കേൾവിയുടെ രസങ്ങളിൽ പെട്ടെന്നവസാനിക്കാതെ ആസ്വാദകന്റെ ഉള്ളിടങ്ങളിൽ സ്ഥാനം കണ്ടെത്തുമെന്നുറപ്പ്. പിന്നീട് പല സന്ദർഭങ്ങളിൽ, പല ഓർമ്മകളിൽ, പ്രണയങ്ങളിൽ, വിരഹങ്ങളിൽ, സൗഹൃദങ്ങളിൽ... ആ വരികളും ഈണവും നാം അറിയാതെ തന്നെ നമ്മുടെ ഉള്ളിൽ.. പതിഞ്ഞ സ്വരത്തിൽ ആരോ പാടിക്കൊണ്ടിരിക്കും.

eeda-movie-still-shane-nigam-nimisha-sajayan-2 ഗാനരംഗത്തിൽ ഷെയ്ൻ നിഗം, നിമിഷ സജയൻ

മിഴിമിഴികളോടെഴുതിയ പുതുകഥപറഞ്ഞലയാം...
യാത്ര തുടരാം... – എന്ന് ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ കഥകളെകുറിച്ച്. അല്ലെങ്കിൽ

കനവൊടുകനവുരുവിടുമൊരു കഥപറഞ്ഞലയാം
യാത്ര തുടരാം... – എന്ന് ഒരിക്കലുമവസാനിക്കാത്ത സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും കഥകളെകുറിച്ച്. അതുമല്ലെങ്കിൽ

അലഞൊറിഞ്ഞുമെല്ലെ ഹരിതതീരം തഴുകും പുഴകടന്നു പോകാം
കൂട്ടം തെറ്റിയകലാം... – എന്ന പതിവുകളെ തകർത്തെറിഞ്ഞു മുന്നേറാനുള്ള സ്വാതന്ത്ര്യ മോഹങ്ങളെ കുറിച്ച്...

eeda-movie-still-shane-nigam-nimisha-sajayan-3 ഗാനരംഗത്തിൽ ഷെയ്ൻ നിഗം, നിമിഷ സജയൻ

തിരശീലയിലെ കാൽപനികപ്രണയത്തിനു കൈയ്യടിച്ചിറങ്ങുമ്പോഴും ഏറ്റവും സൗഹൃദപരമായി, അതിസ്വഭാവികമായി യഥാർത്ഥജീവിതത്തിൽ സംഭവിക്കാനിടയുള്ള ഒരു കെട്ടിപിടുത്തത്തെപോലും ആവശ്യത്തിലധികം ഭയക്കുന്ന ഒരു സമൂഹത്തിലേക്ക്, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഭാവങ്ങളെ വരികളിലും, ഈണത്തിലും, ശബ്ദത്തിലും, ദൃശ്യത്തിലും ഏറ്റവും തീവ്രമായി പകർത്തിക്കൊണ്ടാണ് ഈ ഗാനം എത്തുന്നത്. നിമിഷ സജയനും, ഷെയ്ൻ നിഗവും അതിഭാവുകത്വങ്ങളും, അഭിനയങ്ങളുമില്ലാതെ ഏറ്റവും സ്വഭാവികമായി തന്നെ പാട്ടീനു ജീവൻ പകരുന്നു. അമൽ ആന്റണിയുടെയും റോഷ്നി സുരേഷിന്റെയും ശബ്ദം വരികളോടും സംഗീതത്തോടും പൂർണ്ണമായും നീതിപുലർത്തിയിരിക്കുന്നു. ഈടയിലെ ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത് മനോരമ മ്യൂസിക് ആണ്. ബി.അജിത് കുമാറാണു ചിത്രത്തിന്റെ സംവിധാനം.

eeda-movie-still-nimisha-sajayan-1 ഗാനരംഗത്തിൽ നിമിഷ സജയൻ

ദൂരെയാകിലും കൂടെയുണ്ടു നീ
പ്രാണതന്ത്രിയിൽ ചേർന്ന നാദമായ്..
ചില്ല നീർത്തി ഞാൻ
കാത്തു നിൽക്കവേ
വന്നു ചേരുമോ
തെന്നലായ് നീ

പ്രണയം തനിച്ചല്ല എന്നൊരു ആശ്വാസമാണ്. ജീവിത്തിന്റെ വിരസതകളിൽ പ്രതീക്ഷകളിലേക്കുള്ള കാത്തിരിപ്പാണ്. പ്രണയം ഇനിയും ആരും അനുവദിച്ചുകൊടുക്കേണ്ടതല്ലാത്ത സ്വാതന്ത്ര്യത്തിന്റേതായി വളരേണ്ടതുണ്ട്.

അതിരു താണ്ടിടും പറവയായി നീ
ചിറകിനുള്ളിലെ തെന്നലായ് ഞാൻ..
ഗഗന വീഥിയിൽ മുഴുകി നീന്തിടാം
ഇനി മറന്നിടാം നിഴലിനോർമ്മകൾ..

eeda-movie-still-nimisha-sajayan-2 ഗാനരംഗത്തിൽ നിമിഷ സജയൻ

പ്രണയത്തിന്റ ഭാവങ്ങളെ ഭംഗിയായി പകർത്തുന്നു ഈ ഗാനം എന്നു മാത്രം പറഞ്ഞു നിർത്താം. കാരണം‍‍ പ്രണയവും ഗാനവും അങ്ങനെയാണ്.. വിവരണങ്ങളിൽ അത് ഒതുങ്ങില്ല... ഇങ്ങനെയെന്ന് കൃത്യമായി പറഞ്ഞുവയ്ക്കാനും കഴിയില്ല. അത് ഓരോരുത്തർക്കും ഓരോ അനുഭവമാണ്. ഓരോ അനുഭാൂതിയാണ്. കേൾവിക്കാരന്റെ മനോഗതിക്കനുസരിച്ച് വ്യത്യസ്ത സമയങ്ങളിൽ സംഗീതത്തിന് വ്യത്യസ്ത ഭാവമാണ്. പറഞ്ഞറിയിക്കാനാവാത്ത, അനുഭവിച്ചുമാത്രം മനസ്സിലാക്കാൻ കഴിയുന്ന ഓരോരുത്തർക്കും ഓരോന്നായ ഒന്ന്.