Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ ക്രിസ്മസ് സമ്മാനവും പിന്നെയൊരു സ്വപ്നത്തിന്റെ തുടക്കവും!

Vijay Yesudas

മഞ്ഞുപൊഴിയും രാത്രികളിൽ, ഇമ ചിമ്മുന്ന നക്ഷത്രങ്ങളുടെ കുഞ്ഞിച്ചിരികളുടെ താളത്തിനിടയിലൂെട ആകാശത്തൂന്നു പറന്നുവരുന്ന സാന്താക്ലോസ്. കുട്ടികൾക്കുള്ള സമ്മാനപ്പൊതികളുമായുള്ള ആ ക്രിസ്മസ് അപ്പൂപ്പന്റെ വരവിനായാണ് ഓരോ രാത്രികളിലും കുഞ്ഞുങ്ങൾ ഉറങ്ങാതെ മിഴിതുറന്നിരിക്കുക. വെറുതെ  അതൊരു കഥയാണെന്നറിയാമെങ്കിലും... അങ്ങനെയുറങ്ങാതെ കാത്തിരുന്ന ആ രാത്രികളുടെ ഓർമകളാണ് വിജയ് യേശുദാസിന് ക്രിസ്മസ്. അമ്മയൊളിപ്പിച്ചു വച്ച ഒരുപാടൊരുപാട് സമ്മാനപ്പൊതികൾ തുറന്ന അതേ കൗതുകത്തോടെയാണ് ഓരോ ക്രിസ്മസും വന്നുചേരുന്നതെന്ന് വിജയ് പറയുന്നു.

ഇന്നിപ്പോൾ പാട്ടും തിരക്കും ഒക്കെയായി. ജീവന്റെ പാതിയായി രണ്ടു നക്ഷത്രക്കു‍ഞ്ഞുങ്ങളും വന്നു ചേർന്നു. മഞ്ഞുമൂടിയ ക്രിസ്മസ് കാലം നഗരത്തിൽ കാണാനേയില്ല. പകൽ ചൂടും രാത്രിയിത്തിരി കുളിരുമുളള കാലം. എങ്കിലും  അമേരിക്കയിലേയും പിന്നെ ചെന്നൈയിലെയും വീടുകളിൽ അപ്പയ്ക്കും അമ്മയ്ക്കും സഹോദരന്മാരോടുമൊപ്പം ആഘോഷിച്ച ക്രിസ്മസിന്റെ നനുത്ത ഓർമകൾ ഓരോ ക്രിസ്മസ് കാലത്തേയും പിന്നെയും മിഴിവുറ്റതാക്കുന്നു. അതിലേക്കു മനസു കൂടുതൽ ചേർത്തു നിർത്തുന്നു.

എല്ലാ കുട്ടികളേയും പോലെ സാന്തയെ ഞങ്ങളും കാത്തിരിക്കും. ഉറങ്ങാനേ തോന്നില്ല. എല്ലാ അമ്മമാരേയും പോലെ സാന്താ വരണമെങ്കിൽ ഉറങ്ങണമെന്നു പറഞ്ഞ് അമ്മ പറ്റിയ്ക്കുമായിരുന്നു. കുറേ കൂടി വലുതായപ്പോൾ അത് കള്ളമാണെന്നു മനസിലായി. എങ്കിലും ക്രിസ്മസ് സമ്മാനങ്ങളിൽ എന്നുമോർത്തിരിക്കുന്നത് ഒരു സൈക്കിളാണ്. ആ സമ്മാനത്തിനായി കാത്തിരിക്കുകയായിരുന്നു. ഒരു രാത്രി ആരോ ഒരാൾ സൈക്കിൾ വീട്ടിൽ കൊടുത്ത് മടങ്ങിയത് ഇന്നും ഓർമയുണ്ട്. ക്രിസ്മസ് കാലത്ത് ഓരോ ദിവസവും ഉറക്കമെഴുന്നേറ്റ് ഒറ്റയോട്ടമാണ് ‍ഞങ്ങളെല്ലാം. അമ്മ ഓരോയിടത്ത് ഓരോ സമ്മാനപ്പൊതികൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. ജനൽവാതിലിനപ്പുറവും പുറത്തെ ചെടിച്ചട്ടികളിലും കസേരകൾക്കടിയിലുമൊക്കെ ഒളിപ്പിച്ചുവച്ച സമ്മാനങ്ങൾ. സാന്തയേയും സമ്മാനങ്ങളേയും പറ്റി പറഞ്ഞ് മകൾ അമേയയേയും കുറേ കാലം ഞാൻ പറ്റിച്ചിട്ടുണ്ട്. ഇപ്പോൾ അവൾക്കത് മനസിലായി വരുന്നു. ഇളയയാൾക്ക് കൗതുകം മാറിയിട്ടില്ല– വിജയ് പറയുന്നു.

സംഗീത ജീവിതത്തിൽ സ്വപ്നംകൊണ്ടൊരു കാര്യം കൂടി യാഥാർഥ്യമായതിന്റെ സന്തോഷമുണ്ട് വിജയ്‍ക്ക് ഇത്തവണ. ഇംഗ്ലിഷ് ക്രിസ്മസ് കാരൾ ഗാനങ്ങളും മലയാളം ക്രിസ്മസ് പാട്ടുകളുമൊക്കെ പാടുന്നൊരു ക്രിസ്മസ് നൈറ്റ്. ഇത്തവണയായിരുന്നു അവ പാടിലയിക്കാനൊരു വേദിയായത്. ഇത്തവണ എന്റെ ക്രിസ്മസ് സ്പെഷലും ആ ക്രിസ്മസ് നൈറ്റ് ആയിരുന്നു. ജെറ്റിപാക് വേദിയിൽ ജെറി അമൽദേവ്, സ്റ്റീഫൻ ദേവസി, അൽഫോൺസ്, സുനിത സാരഥി, പിന്നെ സിങ് ഇന്ത്യ കൊയർ, ചോയ്സ് സ്കൂൾ കൊയർ എന്നിവരുമായി ചേർന്ന് ക്രിസ്മസ് പാട്ടുകൾ മാത്രമുള്ളൊരു രാവായിരുന്നു അത്. എന്റെയൊരു സ്വപ്ന പരിപാടിയായിരുന്നു അത്. അൻപതോളം കുട്ടികളാണ് കൊയറിൽ വന്നത്. അൽഫോണ്‍സിന്റെ സംഗീത സംഘവുമുണ്ടായിരുന്നു. 

ഇനി വരും വര്‍ഷങ്ങളിലും ക്രിസ്മസ് രാവുകളില്‍ ചെന്നൈയിലോ കൊച്ചിയിലോ അങ്ങനെയുള്ള ഏതെങ്കിലുമിടത്തെ വേദികളിൽ ക്രിസ്മസ് നൈറ്റുമായി എനിക്കു പ്രിയപ്പെട്ട സംഗീതജ്ഞരോടൊപ്പം ഒത്തുചേരണം, അതാണ് ആഗ്രഹം. 

related stories