Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമ്മിക്കി കമ്മൽ വഴി ആടിൽ: തീയറ്ററിൽ കയ്യടി നേടി ഈ ഡാൻസ്

aadu-two-song

ഒരു സിനിമയിലെ പാട്ടിലെ ഡാൻസ് ചെയ്ത് മറ്റൊരു ചിത്രത്തിന്റെ ഭാഗമായവരാണ് സൊണാലും നിക്കോളും. ഇവരുടെ ആ ഡാന്‍സ് തീയറ്റററിലും നിറഞ്ഞ കയ്യടി നേടുകയാണ്. തമാശയിൽ മുങ്ങിയ ചിത്രത്തിലെ ഈ പാട്ടിനോട് ഏറെ പ്രിയമാണ് പ്രേക്ഷകർക്ക്;ഈ നർത്തകിമാരോടും. രണ്ട് പാട്ടുകൾക്കും ഈണമിട്ടതും ഒരേ സംഗീത സംവിധായകനും; ഷാൻ റഹ്മാൻ. 

മുംബൈയിൽ പ്രവർത്തിക്കുന്ന നിക്കോളും സൊണാലും ഷാൻ റഹ്മാൻ ഈണമിട്ട ജിമ്മിക്കി കമ്മൽ എന്ന പാട്ടിനൊപ്പം ഡാൻസ് ചെയ്ത വിഡിയോ വൈറലായിരുന്നു. ഈ ഡാൻസ് ആണ് ആട് 2 എന്ന ചിത്രത്തിലേക്ക് ഇവരെയെത്തിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബുവാണ് ചിത്രത്തിന് നൃത്തമൊരുക്കാൻ ഇരുവരേയും ക്ഷണിച്ചത്. ചങ്ങാതി നന്നായാൽ എന്ന പാട്ടിന് ഇവർ ചിട്ടപ്പെടുത്തി ആടിയ നൃത്തം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായി. ഹിന്ദിയിലും മലയാളത്തിലുമുള്ള പാട്ടിന്റെ വരികളും ഈണവും ആവേശോജ്വലമായ ആലാപനവും സംഗീതവും ആട്2 എന്ന ചിത്രത്തിന്റെ മൂഡിലേക്ക് പ്രേക്ഷകരെ ഏറെ സന്തോഷത്തോടെ കൈപിടിക്കുകയായിരുന്നു. 

വേറെയുമുണ്ടൊരു പ്രത്യേകത സൊണാൽ ഇതിനു മുൻപേ മലയാള സിനിമയുടെ ഭാഗമായതാണ്. അനൂപ് മേനോൻ നായകനായ മുല്ലശേരി മാധവൻ കുട്ടി നേമം പി.ഒ എന്ന ചിത്രത്തിൽ നായികയായിരുന്നു സൊണാൽ. കുമാർ നന്ദയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. പിന്നീട് നായികയായി വന്നില്ലെങ്കിലും ആടിലെ പാട്ടിലൂടെ സൊണാലും ഒപ്പം കൂട്ടുകാരി നിക്കോളും പ്രേക്ഷകർക്കു പ്രിയപ്പെട്ടവരായി മാറി. 

യുട്യൂബിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നർത്തകർ കൂടിയാണിവർ. ടീം നാഷ് എന്ന യുട്യൂബ് അക്കൗണ്ടിൽ അപ്‍ലോഡ് ചെയ്യപ്പെടുന്ന ഇവരുടെ നൃത്തത്തിന് വലിയ ആരാധക വൃന്ദമാണുള്ളത്. എല്ലാത്തരം നൃത്തവും അവതരിപ്പിക്കുക, നൃത്തത്തോടുള്ള അതിരില്ലാത്ത സ്നേഹത്തെ ലോകം മുഴുവനുമെത്തിക്കുക ഇതാണ് തങ്ങളുെട ലക്ഷ്യമെന്നാണ് ടീം നാഷ് പറയുന്നത്. നാലു ലക്ഷത്തോളം ആളുകളാണ് യുട്യൂബിലെ ഇവരുടെ അക്കൗണ്ട് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്.