Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നും മനസിലുണ്ടാകും ഈ പാട്ടുകളും പാട്ടുകാരും!

2017-malayalam-film-music

2017 ലെ പ്രിയ ഗാനങ്ങളിലൂടെ ഒരു യാത്ര. പോയ വർഷം ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ, ഗായകർ, രചയിതാക്കൾ, സംഗീത സംവിധായകർ, പശ്ചാത്തല സംഗീതം തുടങ്ങിയവയാണ് ഇവിടെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. 

ജിമ്മിക്കി കമ്മൽ

ചിത്രം: വെളിപാടിന്റെ പുസ്തകം

സംഗീതം: ഷാൻ റഹ്മാൻ

ഗാനരചന: അനിൽ പനച്ചൂരാൻ

ആലാപനം: വിനീത് ശ്രീനിവാസൻ, രഞ്ജിത്
ഉണ്ണി

ലാൽ ജോസിനൊപ്പം മോഹൻലാൽ ആദ്യമായി ഒന്നിക്കുന്നു എന്നതായിരുന്നു വെളിപാടിന്റെ പുസ്തകത്തെ ചർച്ചാവിഷയമാക്കിയ ഘടകം. എന്നാൽ അനിൽ പനച്ചൂരന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട ചിത്രത്തിലെ "ജിമ്മിക്കി കമ്മൽ” റിലീസായതോടെ കേരളക്കര മുഴുവൻ ചർച്ചയായത് ആ ഗാനമാണ്. വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേർന്ന് ആലപിച്ച ജിമ്മിക്കി കമ്മൽ യൂട്യൂബിൽ ഒരു മലയാള ഗാനത്തിനു ലഭിക്കാവുന്ന സർവകാല റെക്കോർഡുകളും തകർത്ത് പ്രയാണം തുടരുകയാണ്. പാട്ടിന്റെ ഒഫിഷ്യൽ ഓഡിയോ പാർട്ണർമാരുടെ യൂട്യൂബ് പേജിൽ മാത്രം 50 മില്യൺ ശ്രോതാക്കളുണ്ട്.

പാട്ടിന്റെ താളത്തിനൊപ്പം അനായാസമായി നൃത്തചുവടുകൾ വയ്ക്കാമെന്നതാണ് ഈ ഗാനത്തെ ജനകീയമാക്കിയതിന്റെ പ്രധാന ഘടകങ്ങളിൽ ഒന്ന്. പാട്ടിനൊപ്പം നൃത്തംവെക്കുന്ന ആയിരക്കണക്കിനു വിഡിയോകളാണ് ഇതിനോടകം അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ വിദ്യാർഥിനികളും സ്റ്റാഫും ചേർന്നു കളിച്ച ജിമ്മിക്കി കമ്മൽ സോഷ്യൽ മീഡിയയിൽ വൈറലായി. നൃത്തത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഷെറിൽ ജി. കടവനും അന്നാ ജോർജും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളുമായി. അമേരിക്കലിയിലെ സെലിബ്രിറ്റി ടെലിവിഷൻ അവതാരകൻ ജിമ്മി കിമ്മൽ മുതൽ അഭിഷേക് ബച്ചൻ വരെ പാട്ടിനോടുള്ള ആരാധന ട്വിറ്ററിലൂടെ പങ്കുവെച്ചു. 

എസ്രയിലെ പശ്ചാത്തല സംഗീതം 

സംഗീത സംവിധായകൻ: സുഷിൻ ശ്യാം

 2017 ൽ പുറത്തിയ സിനിമകളിൽ പശ്ചാത്തല സംഗീതത്തിൽ മികവ് പുലർത്തിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. സിനിമയുടെ ആത്മാവിനോടു ചേർന്നു നിൽക്കുന്ന രീതിയിൽ പശ്ചാത്തല സംഗീതമൊരുക്കിയ ഒന്നിലേറെ സംഗീത സംവിധായകരുമുണ്ട്. പൃഥ്വിരാജ് - ജെകെ ടീമിന്റെ എസ്രയെന്ന ഹൊറർ ത്രില്ലറിന്റെ പശ്ചാത്തല സംഗീതമൊരുക്കൽ ഏറെ ശ്രമകരമായിരുന്നു. ചിത്രത്തിന്റെ ജൂത പശ്ചാത്തലവും ഹൊറർ സ്വഭാവവും സംഗീത സംവിധായകനു കൂടുതൽ വെല്ലുവിളി ഉയർത്തി. കയ്യടക്കത്തോടെ, പൂർണതയോടെ ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതമൊരുക്കാൻ സുഷിൻ ശ്യാം എന്ന യുവ സംഗീതജ്ഞനു കഴിഞ്ഞു. ഈ വർഷം പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഫാദർ, വില്ലൻ എന്നീ ചിത്രങ്ങൾക്കു വേണ്ടി ബിജിഎം ഒരുക്കിയതും സുഷിനാണ്. 2017ലെ മികച്ച പശ്ചാത്തല സംഗീതങ്ങളുടെ കൂട്ടത്തിൽ ഒരുപടി മുന്നിൽ തന്നെയാണ് എസ്രയുടെ സ്ഥാനം. 

മായാനദിയിലെ പാട്ടുകൾ

സംഗീതം: റെക്സ് വിജയൻ

ഗാനരചന:  റഫീക്ക് അഹമ്മദ്, അൻവർ അലി, വിനായക് ശശികുമാർ

ആലാപനം: നേഹ നായർ, ഷഹബാസ് അമൻ, റെക്സ് വിജയൻ

ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഒരുപോലെ മനോഹരമാകുമ്പോഴാണ് അത് മികച്ച ആൽബമാകുന്നത്. കവിത തുളുമ്പുന്ന വരികളും ആസ്വാദകരുടെ മനസ്സിലേക്ക് ശാന്തമായി പ്രണയമായും വേദനയായും ഒഴുകിയെത്തുന്ന സംഗീതവും: മായാനദിയിലെ ഓരോ ഗാനവും അങ്ങനെയാണ്. ആദ്യ കേൾവിയിലല്ല, ആവർത്തിച്ചുള്ള കേൾക്കലിലാണ് മായാനദിയിലെ ഗാനങ്ങൾ കരകവിഞ്ഞ് ഒഴുകുന്നത്. ഒരേസമയം ഒരുപാടു ഗാനങ്ങൾക്ക് ഈണം ഇടുന്നതിനു പകരം ഈണമിടുന്ന ഗാനങ്ങളിലെല്ലാം തന്റെ കയ്യൊപ്പ് ചാർത്തുന്ന സംഗീത സംവിധായകനാണ് റെക്സ് വിജയൻ. ഓരോ പാട്ടിലും ഒരു ഫ്രഷ് ഫീലിങ് നൽകാനും അദ്ദേഹത്തിനു കഴിയാറുണ്ട്. മായാനദി റെക്സിന്റെ കരിയറിലെ ഏറ്റവും മികച്ച ആൽബമാണ്. വിനായക് ശശികുമാറും അൻവർ അലിയും റഫീക്ക് അഹമ്മദും ചേർന്നാണ് വരികളെഴുതിയിരിക്കുന്നത്. ഷഹബാസ് അമന്റെ മാന്ത്രിക ശബ്ദം മറ്റൊരു മായിക ലോകത്തേക്ക് ശ്രോതാക്കളെ കൂട്ടി കൊണ്ടു പോകുന്നു. നേഹ നായരും റെക്സ് വിജയനുമാണ് വരികളിലെ ആത്മാവിനെ തൊട്ടുണർത്തുന്ന മറ്റു രണ്ടു ഗായകർ. 

‌ഹരിചരണിന്റെ സ്വരം

ഗാനം: ലൈലാകമേ

ചിത്രം: എസ്ര

ഗാനരചന: ബി.കെ. ഹരിനാരായണൻ

സംഗീതം: രാഹുൽ രാജ്

മൊഴികളും മൗനങ്ങളും, വാതിലിൽ ആ വാതിലിൽ, ഏതു കരിരാവിലും തുടങ്ങി തന്റെ ഓരോ മലയാള ഗാനത്തിലൂടെയും പ്രണയത്തിന്റെ മഞ്ഞു പൊഴിക്കുന്ന ഗായകനാണ് പാതി മലയാളി കൂടിയായ ഹരിചരൺ. ഹരിയുടെ 'ലൈലാകമേ' ഗാനമാണ് പുതുവര്‍ഷത്തില്‍ മലയാളികളെ പാടി ഉണര്‍ത്തിയത്. ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ഹൊറര്‍ ത്രില്ലര്‍ എസ്ര സിനിമാ സമരം മൂലം വൈകിയെത്തിയപ്പോള്‍ മലയാളികള്‍ക്കു ഈ ഗാനം മനോഹരമായ പുതുവര്‍ഷ സമ്മാനമായി. 'ലൈലാകാമേ' എന്ന ഒറ്റവാക്കില്‍ ഒരു പാട്ടിന്റെ ആത്മാവിനെ ആവാഹിക്കുന്നു ഗാനരചയിതാവ് ഹരിനാരായണന്‍. പ്രണയത്തില്‍നിന്ന് വിവാഹത്തിലേക്കും ഒരു നഗരത്തില്‍നിന്നു മറ്റൊരു നഗരത്തിലേക്കും യാത്ര ചെയ്യുന്ന നായകന്റെയും നായികയുടെയും പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും ഹൃദ്യമായ സംഗീതത്തിന്റെ അകമ്പടിയോടെ വരവേല്‍ക്കുന്നു സംഗീത സംവിധായകന്‍ രാഹുല്‍ രാജ്. മലയാളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റി മാത്രം ശീലമുള്ള ഹരിചരണിന്റെ പ്രണയാർദ്രമായ ശബ്ദത്തിലൂടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ലൈലാകമേ മാറി.

ഗൗരി ലക്ഷ്മി (ഗായിക)

ഗാനം: ആരോ നെഞ്ചിൽ 

ചിത്രം: ഗോദ

സംഗീതം: ഷാൻ റഹ്മാൻ

ഗാനരചന: മനു മഞ്ജിത്ത്  

പഞ്ചാബി സുന്ദരി അതിഥി സിങ്ങിന്റെ കഥ പറഞ്ഞ 'ഗോദ' ഷാന്‍ റഹ്മാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവുംകൊണ്ടു ധന്യമായിരുന്നു. 'ആരോ നെഞ്ചില്‍'  എന്നു തുടങ്ങുന്ന പാട്ട് സമീപകാലത്തിറങ്ങിയ ഗാനങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. സംഗീത സംവിധായികയായി പേരെടുത്ത ഗായിക ഗൗരിലക്ഷ്മിയുടെ ആലാപനം തന്നെയാണ്  ഈ ഗാനത്തെ മറ്റുള്ള ഗാനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. സ്ഥിരം പ്രണയഗാനങ്ങളില്‍നിന്ന് വേറിട്ടു സഞ്ചരിക്കുന്ന ഈ ഗാനം ആസ്വാദകരുടെ കാതുകള്‍ക്കു പുതുമയും പോസ്റ്റീവ് ഊര്‍ജവും പകരുന്നു. മനു മഞ്ജിത്തിന്റേതാണ് വരികള്‍. ഗൗരിലക്ഷ്മിയുടെ ആലാപനം മാല്‍ഗുഡി ശുഭയുടെ 'നിലാപൊങ്കല്‍' ഗാനത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നു.

കണ്ണിലെ പൊയ്കയില്...

ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും

ഗായകർ: സൗമ്യ രാമകൃഷ്ണൻ, ഗണേഷ് സോമസുന്ദരം

സംഗീതം: ബിജിബാൽ

ഗാനരചന: റഫീക്ക് അഹമ്മദ്

ഗ്രാമീണ ഈണങ്ങളാണ് ദിലീഷ് പോത്തൻ-റഫീക്ക് അഹമ്മദ്-ബിജിബാല്‍ ടീമിന്റെ മുഖമുദ്ര. ഇടുക്കിയെ മിടുക്കിയാക്കിയ ഈ ടീമിന്റെ രണ്ടാം ചിത്രവും ലാളിത്യമുള്ള ഗാനങ്ങളാല്‍ സമ്പന്നമാണ്. കേന്ദ്രകഥാപാത്രങ്ങളായ പ്രസാദിന്റെയും ശ്രീജയുടെയും സമാഗമവും അവരുടെ പ്രണയവുമെല്ലാം ഹൃദ്യമായി അവതരിപ്പിക്കുന്ന ഗാനമാണ് 'കണ്ണിലെ പൊയ്കയിലെ എന്നു തുടങ്ങുന്ന മെലഡി. റഫീക്ക് അഹമ്മദിന്റെ കവിത തുളുമ്പുന്ന വരികള്‍ക്കു ബിജിബാലിന്റെ ഈണം അകമ്പടി തീര്‍ക്കുമ്പോള്‍ പാട്ടിനൊപ്പവും കഥാപാത്രങ്ങള്‍ക്കൊപ്പവും അറിയാതെ ആസ്വാദകരും സഞ്ചരിക്കുന്ന അനുഭൂതി പകരുന്നു ഈ ഗാനം. ഗണേഷ് സുന്ദറിന്റെയും സൗമ്യ രാമകൃഷ്ണന്റെയും ശബ്ദങ്ങള്‍ ഈ ഗാനത്തിനു ഏറ്റവും യോജിച്ചതായി അനുഭവപ്പെടുന്നു. സംഗീത മേഖലയില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഗണേഷ് സുന്ദരത്തിനുള്ള ബിജിബാലിന്റെ സ്‌നേഹസമ്മാനം കൂടിയായി മാറുന്നു ഈ ഗാനം. 

തമരടിക്കണ കാലമായെടി തീയാമ്മേ

ചിത്രം: അങ്കമാലി ഡയറീസ് 

ആലാപനം: അങ്കമാലി പ്രാഞ്ചി

റീക്രീയേഷൻ: പ്രശാന്ത് പിള്ള 

'തമരടിക്കണ കാലമായെടീ തീയാമ്മേ' എന്നു തുടങ്ങുന്ന ഫോക്ക് ടച്ചുള്ള ഗാനം ഈ വര്‍ഷത്തെ മികച്ച ജനപ്രിയ ഗാനങ്ങളിലൊന്നാണ്. ആക്‌ഷന്‍ ഹീറോ ബിജുവിലെ 'മുത്തേ പൊന്നേ പിണങ്ങല്ലേ'  എന്ന ഗാനത്തിനു ശേഷം പ്രേക്ഷകര്‍ ഇത്രത്തോളം ഹൃദയത്തോടു ചേര്‍ത്ത മറ്റൊരു പ്രാദേശിക ഈണമുണ്ടാകില്ല. ഗാനം ആലപിച്ചിരിക്കുന്ന അങ്കമാലി പ്രാഞ്ചിക്കു അദ്ദേഹത്തിന്റെ ആശാന്‍ വഴി വാമൊഴിയായി ലഭിച്ച ഗാനത്തെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള സിനിമക്കു അനുഗുണമായി റീക്രിയേറ്റ് ചെയ്തിരിക്കുന്നു. 

ഒടുവിലെ യാത്രയ്ക്കായി

ചിത്രം: ജോർജേട്ടൻസ് പൂരം 

ഗാനരചന: ബി.കെ. ഹരിനാരായണൻ

സംഗീതം: ഗോപി സുന്ദർ

ഗായകൻ: വിജയ് യേശുദാസ്

2017ലെ ഏറ്റവും ടച്ചിങ്ങായ ഈണം ജോർജേട്ടൻസ് പൂരത്തിലെ ഒടുവിലെ യാത്രക്കായി ഇന്ന് പ്രിയജനമേ ഞാൻ പോകുന്നു എന്ന ഗാനമാണ്. ഗോപി സുന്ദറിന്റെ മറ്റു പാട്ടുകളിൽ നിന്ന് തികച്ചും വേറിട്ടൊരു ഈണമാണ് ഇത്. വേർപാടിന്റെ വേദന തീവ്രമായ വരികളിലൂടെ കേൾവിക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നു ഹരിനാരായണൻ. വിജയ് യേശുദാസിന്റെ പോയവർഷത്തെ ഏറ്റവും മികച്ച ഗാനവും ഇത് തന്നെ. 

മണികണ്ഠൻ അയ്യപ്പാ (സംഗീത സംവിധായകൻ)

ഗാനം: ഇവളാരോ

ചിത്രം  ഒരു മെക്സിക്കൻ അപാരത 

ആലാപനം വിജയ് യേശുദാസ്

ഗാനരചന റഫീക്ക് അഹമ്മദ്

ടോം ഇമ്മിട്ടിയെന്ന നവാഗത സംവിധായകനൊരുക്കിയ ഒരു മെക്‌സിക്കന്‍ അപാരത ടൊവീനോ തോമസെന്ന യുവനടന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. മണികണ്ഠന്‍ അയ്യപ്പാ എന്ന യുവ സംഗീത സംവിധായകന്‍ മലയാള ചലച്ചിത്രശാഖയില്‍ തന്റെ സാന്നിധ്യം അറിയിച്ച ചിത്രം കൂടിയായിരുന്നു ഇത്. റഫീക്ക് അഹമ്മദ് രചന നിര്‍വ്വഹിച്ച 'ഇവളാരോ' എന്ന ഗാനം ക്യാംപസ് പ്രണയകാലത്തേക്ക് കേള്‍വിക്കാരെ മടക്കി കൊണ്ടുപോകുന്നു. വിജയ് യേശുദാസ് തന്റെ പേരിലേക്ക് മറ്റൊരു പ്രണയഗാനം കൂടി എഴുതിച്ചേർക്കുന്നു. 

അൻവർ അലി (ഗാനരചന)

ഗാനം: മിഴിയിൽനിന്നും മിഴിയിലേക്ക്

ചിത്രം: മായാനദി

സംഗീതം: റെക്സ് വിജയൻ

ആലാപനം: ഷഹബാസ് അമൻ

കവി അൻവർ അലി സിനിമക്കായി പാട്ടുകളെഴുതുമ്പോൾ പ്രണയത്തിനൊപ്പം കൊത്തിവലിക്കുന്ന ഒരു നീറ്റൽ കൂടി വരികളിൽ ഒളിപ്പിച്ചുവെക്കാറുണ്ട്. അന്നയും റസൂലും എന്ന ചിത്രത്തിൽ നമ്മൾ അത് അനുഭവിച്ച് അറിഞ്ഞിട്ടുമുണ്ട്. പുതുവെള്ളയ് മഴൈ എന്ന റഹ്മാൻ ഗാനം ഓർമപ്പെടുത്തുന്നു മിഴിയിൽ നിന്ന് മിഴിയിലേക്ക്. പ്രണയത്തിന്റെ എല്ലാ ഭാവങ്ങളെയും മെല്ലെ തൊട്ടുണർത്തുന്നു ഈ ഗാനം. റെക്സിന്റെ ലാളിത്യമുള്ള സംഗീതത്തിനൊപ്പം ഷഹബാസിന്റെ പ്രണയം തുളുമ്പുന്ന ശബ്ദം കൂടിയാകുമ്പോൾ അൻവറിന്റെ വരികൾ ചാറ്റൽ മഴയായി പെയ്തൊഴിയുന്നു. ഓരോ വരിയും ഓരോ കവിതകളാണ്. 

റോഷോമോൻ

ചിത്രം: സോളോ 

ഗാനരചന: ഹരിനാരായണൻ

സംഗീതം: പ്രശാന്ത് പിള്ള

ഗായകർ: അശ്വിൻ ഗോപകുമാർ, അരുൺ കമ്മത്ത്, നീരജ് സുരേഷ്, സച്ചിൻ രാജ്, രാകേഷ് കിഷോർ, ആൽഫ്രെഡ് എബി ഐസക്ക്, മിഥുൻ ജയരാജ്

ബിജോയ് നമ്പ്യാരുടെ ദുൽഖർ സൽമാൻ ചിത്രം സോളോയിലെ റോഷോമോൻ ഗാനം ചടുതല കൊണ്ടും ആലാപനശൈലിയിലെ വൈവിധ്യം കൊണ്ടും കേൾവികാരെ ത്രസിപ്പിക്കുന്ന അഡ്രിനാൽ റഷിങ് സോങായി മാറുന്നു. പ്രശാന്ത് പിള്ളയുടെ ഈണത്തിൽ ഹരിനാരായണൻ എഴുതിയ വരികൾക്ക് പിന്നണി തീർത്തിരിക്കുന്നത് ഏഴ് ഗായകർ ചേർന്നാണ്. 

കവിത എഴുതുന്നു

ചിത്രം: രാമന്റെ ഏദൻതോട്ടം

ഗാനരചന: സന്തോഷ് വർമ

സംഗീതം: ബിജിബാൽ

ആലാപനം: സൂരജ് സന്തോഷ്

ഗപ്പിയിലെ 'തനിയെ മിഴികള്‍ തുളുമ്പിയോ' ഗാനത്തിലൂടെ പോയവര്‍ഷത്തെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം നേടിയ ഗായകനാണ് സൂരജ് സന്തോഷ്. രാമന്റെ ഏദന്‍തോട്ടത്തിലെ കവിത എഴുതുന്നു എന്ന ഗാനത്തിലൂടെ സൂരജ് വീണ്ടും തന്റെ കയ്യൊപ്പ് ചാര്‍ത്തുന്നു. രാമന്റെയും മാലിനിയുടെയും വിശുദ്ധമായ ബന്ധത്തിന്റെ ഊഷ്മളത പ്രേക്ഷകര്‍ക്കു പാട്ടിലൂടെ പകര്‍ന്നു നല്‍കുന്നത് സന്തോഷ് വര്‍മയും ബിജിബാലും ചേര്‍ന്നാണ്. ഏദന്‍തോട്ടത്തിന്റെ പച്ചപ്പും ഫ്രഷ്‌നസുമൊക്കെ അനുഭവപ്പെടുത്തുന്ന ഗാനം. കേൾക്കുന്നവരിലേക്ക് പുതു ഊർജ്ജം പകരുന്ന മനോഹരമായ ഗാനം. 

ഓർഫിയോയുടെ പടകാളി!

എ.ആർ.റഹ്മാൻ സംഗീത ജീവിതത്തിൽ ഇരുപത്തിയഞ്ചാണ്ട് പൂർത്തിയാക്കിയ വർഷത്തിൽ അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്ര ഗാനം വായിച്ച് ഓർഫിയോ എന്ന ബാൻഡ‍് മലയാളികളുടെ ശ്രദ്ധ നേടി. പടകാളി എന്നു തുടങ്ങുന്ന സങ്കീർണമായ ഈണമുള്ള പാട്ടിനെ വയലിനിലും ഗിത്താറിലും കീബോർഡിലുമൊക്കെ വായിച്ച് അവർ നമ്മെ അതിശയിപ്പിച്ചു. സിനിമ സംഗീതത്തിന്റെ ഓർക്കസ്ട്രയിൽ വര്‍ഷങ്ങളായ സാന്നിധ്യമറിയിക്കുന്നവരായിരുന്നു സംഘത്തിൽ അധികവും. 

രാവേ നിലാവേ (ആൽബം)

സംവിധാനം: ഗണേഷ് രാജ്

സംഗീത സംവിധാനം: ജെറി അമൽദേവ് 

ഗാനരചന: സന്തോഷ് വർമ

ഗായകർ: ടീജ പ്രിബു ജോൺ, കെ.കെ. നിഷാദ്

സിനിമ ഗാനങ്ങൾക്കിടയിൽ ഒരു സിനിമ - ഇതര ഗാനം ഉൾപ്പെടുത്തിയത് അത് അത്രമേൽ ഹൃദ്യമായതിനാലാണ്. ചലച്ചിത്ര സംവിധായകൻ ഗണേഷ് രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മ്യൂസിക്ക് വിഡിയോ 'രാവേ നിലാവേ’ ചിത്രീകരണത്തിലും സംഗീതത്തിലും ഒരേ പോലെ മികവു പുലർത്തിയ ഗാനമായിരുന്നു. ജെറി അമൽദേവിന്റെ സംഗീതം തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്. ഓർക്കസ്ട്രേഷനിൽ ഇന്നും ഒരു വിസ്മയമാണ് ഈ കലാകാരൻ. ടീജ പ്രിബു ജോണും കെ.കെ. നിഷാദും ചേർന്ന് പാടിയിരിക്കുന്ന ഗാനം ശ്രോതാക്കളെ ഗതകാല സ്മരണകളിലേക്ക് നയിക്കുന്നു. സന്തോഷ് വർമയുടെ വരികൾ ഹൃദയത്തോടു ചേർന്നു നിൽക്കുന്നു. “എന്തിനീ വസന്തവാടിയിൽ സുഗന്ധമേകുവാൻ നിനക്ക് താമസം” എന്നിങ്ങനെ തുടങ്ങുന്ന വരികൾ കേട്ടിരിക്കുന്നവരുടെ മനസ്സിലേക്കും സുഗന്ധം പടർത്തുന്നു.