Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണപ്പരിപാടിയ്ക്കിടെ മോശം പെരുമാറ്റം: പ്രതികരണവുമായി സിത്താര

sithara-facebook-post

സഹജീവികളോട് വൃത്തികേട് പ്രവർത്തിക്കാനുള്ള ലൈസൻസ് അല്ല മദ്യപാനമെന്ന് ഗായിക സിത്താര. തൃശൂരിൽ നടന്ന ഓണാഘോഷ പരിപാടിയില്‍ പാട്ടു പാടുന്നതിനിടെ നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ചുകൊണ്ടാണ് സിത്താര ഇങ്ങനെ പറഞ്ഞത്. മദ്യപിച്ചെത്തിയ ഒരാൾ സ്റ്റേജിന് മുൻപിൽ വന്നിരുന്ന് അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ കാര്യങ്ങളാണ് സിത്താര സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. സംഗീതത്തോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ അറിയിക്കാനുള്ള സ്വാതന്ത്ര്യം ഈ ലോകത്തെ ഓരോ പ്രേക്ഷകനുമുണ്ടെന്നും പക്ഷേ ആ ഭാഷ മാന്യമാകണമെന്നും സിത്താര പറയുന്നു. 

സിത്താരയുടെ കുറിപ്പ് വായിക്കാം:

ഇന്നിതാ തൃശ്ശൂര് dtpc സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ്ക്കട്ടെ !! ഞാനും എൻറെ കൂട്ടുകാരും അവിടെ പാടി ! പൂർണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകൾ , കരുതലോടെ പെരുമാറിയ സംഘാടകർ എല്ലാവർക്കും ഒരു കുന്ന് സ്നേഹം മാത്രം ! പക്ഷെ പാടിക്കൊണ്ടിരിക്കെ , അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യൻ മുൻ വരികളിൽ ഒന്നിൽ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ് !!പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു , ഞങ്ങൾ സ്ത്രീകളെ കുട്ടിക്കാലം മുതൽ ശീലിപ്പിക്കുന്നതാണത് ! പിന്നീടെപ്പോഴോ , പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം,ഹഹാ -എനിക്കപ്പോൾ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി ,പറയുകയും ചെയ്തു ! ജനപ്രതിനിധികൾ , ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരൊക്കെ ഇരിക്കെയാണ് സധെെര്യം ഒരാൾ ഇങ്ങനെ പെരുമാറുന്നത് ! ആ മനുഷ്യൻ കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് 'എടീ പോടീ ' വിളിക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് !! ഞാൻ പറഞ്ഞ വാക്കുകളിൽ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാർ അടുത്ത് വന്നു... ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം !! കുട്ട്യോളെ -ഈ നാടെന്നല്ല ലോകം മുഴുവൻ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്നേഹം മാത്രം ! ആ മനുഷ്യൻറെ ധാർഷ്ട്യത്തൊട് മാത്രമാണ് എൻറെ കലഹം ! ഇത്തരം ആളുകൾ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തം അല്ലെ ! ഒടുവിൽ ആളുകൾ ഉപദേശവും തരുന്നു -'' സ്റ്റേജിൽ നിൽക്കുമ്പോൾ ഇതൊന്നും ശ്രദ്ധിക്കരുത് ! അതാെരു കള്ളുകുടിയനല്ലേ, പോട്ടെ !!'' സഹജീവികളോട് വ്യത്തികേട് പ്രവർത്തിക്കാനുള്ള licence അല്ല മദ്യപാനം ! പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനും ഉണ്ട് ,വിഷയം ഏതുമാവട്ടെ പരസ്പരം കെെമാറുന്ന ഭാഷ അത് മാന്യമാവണ്ടെ !ചിലപ്പോഴൊക്കെ ഞങ്ങൾക്ക് സങ്കടവും ദേഷ്യവും വരുമെന്ന് തോന്നുന്നു !