Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല വിഷമമുണ്ട്, ഇങ്ങനെയൊരു പ്രതികരണം ഇതാദ്യം: ഷാൻ റഹ്മാൻ

shaan-rahman-interview

ഇതുവരെ യുട്യൂബിലെത്തിയ മലയാളം സിനിമ ഗാനങ്ങളിൽ ഏറ്റവുമധികം പ്രേക്ഷകർ ലൈക്ക് നൽകിയതും ഡിസ്‍ലൈക്ക് നൽകിയതും ഒരേ സംഗീത സംവിധായകന്റെ പാട്ടുകൾക്കാണ്. ഷാൻ റഹ്മാന്റേത്. ജിമ്മിക്കി കമ്മല്‍ എന്ന പാട്ടിനോട് ഇഷ്ടമായിരുന്നുവെങ്കിൽ പുതിയ ഗാനം പതുങ്ങി പതുങ്ങി എന്നതിന് ഒട്ടും താമസിയാതെ ഡിസ്‍ലൈക്കുകൾ നൽകുകയാണ് പ്രേക്ഷകർ. മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഈ ഗാനരംഗത്തിൽ പൃഥ്വിരാജും പാർവ്വതിയുമാണ് അഭിനയിച്ചത്. മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് പാർവ്വതി നടത്തിയ പരാമർശങ്ങൾ വിവാദമായായിരുന്നു. ഇതിന്റെ ആഫ്ടർ ഇഫക്ടർ ഈ ഡിസ്‍ലൈക്ക് മേളം. എന്തായാലും ഇരു പാട്ടുകൾക്കും ഈണമിട്ട സംഗീത സംവിധായകന് എന്താണ് പറയാനുള്ളതെന്ന് അറിയാം...

എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. നമ്മുെട ആളുകൾ പെട്ടെന്ന് വികാരധീനരാകുന്നവരാണ്. പെട്ടെന്ന് ദേഷ്യം വരും പെട്ടെന്ന് പിണങ്ങും, പ്രതികരിക്കും. പക്ഷേ ഒന്നു തോളിൽ തട്ടി സംസാരിച്ചാൽ അത് മാഞ്ഞു പോകുപോകും. ഞാൻ ഒത്തിരി പ്രതീക്ഷയോടെ ചെയ്ത ഗാനമാണ്. അതിനോട് ഇത്തരത്തിലൊരു പ്രതികരണമുണ്ടാകുമ്പോൾ തീർച്ചയായും വിഷമം തോന്നും. ആദ്യമായിട്ടാണ് എന്റെ ഒരു പാട്ടിനോട് ആളുകൾ ഇങ്ങനെ പ്രതികരിക്കുന്നത്. അതും പുതുവർഷത്തിലെ ആദ്യ ഗാനത്തോട്. ഒത്തിരി സങ്കടമുണ്ട് അതുകൊണ്ട്. പാട്ട് നല്ലതാണെന്നൊരു വിശ്വാസം എനിക്കുണ്ട്. പാട്ടിനെ കുറിച്ച് പറഞ്ഞ് അഭിനന്ദിച്ചു കൊണ്ട് കുറേ സന്ദേശമെത്തിയിരുന്നു. അതുകൊണ്ട് പതിയെ ആണെങ്കിലും ദേഷ്യമൊക്കെ മാറ്റിവച്ച് പ്രേക്ഷകർ ഈ ഗാനം ഏറ്റെടുക്കും എന്നു ഞാൻ വിശ്വസിക്കുന്നു. 

എനിക്കു മാത്രമല്ല അതുമായി ബന്ധപ്പെട്ട എല്ലാവർക്കും വിഷമമുണ്ട്. അത്രേയുള്ളൂ. അവരുടെ പ്രതികരണം എല്ലാവരേയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്റെ സംവിധായികയും നിർമാതാവുമായ റോഷ്നിയെ. സത്യത്തിൽ എനിക്ക് അവരെ കുറിച്ച് ഓർത്താണ് ഏറെ വിഷമം. കാരണം, എനിക്ക് ഒരു സ്റ്റുഡിയോയിലോ റൂമിലോ ഇരുന്നു ഗാനം മാത്രം ചെയ്താൽ മതി. പക്ഷേ റോഷ്നിയുടെ കാര്യം അങ്ങനെയല്ല. അവർ ഒരുപാട് കഷ്ടപ്പെട്ട് ആശിച്ചാണ് ഇത്തരത്തിലൊരു ചിത്രം ചെയ്യുന്നത്. ആ ചിത്രത്തിലെ ആദ്യ ഗാനത്തിനു തന്ന ഇത്തരത്തിലൊരു പ്രതികരണം ഉണ്ടാകുമ്പോൾ അവർക്കെത്രമാത്രം വിഷമമുണ്ടാകും എന്നെനിക്ക് അറിയാം. 

പാട്ടിനെ പാട്ടായിട്ടു മാത്രം  കാണണം. പാട്ട് ഒരു അഭിനേത്രിയുടേതു മാത്രമല്ല, വിവാദങ്ങളുമായി ചേർത്തുവച്ച് അതിനെ സമീപിക്കരുത് എന്നൊന്നും ഞാൻ പറയുന്നതിൽ അർഥമില്ല. അതിൽ എന്തെങ്കിലും കാര്യമുണ്ട് എന്നു ഞാൻ കരുതുന്നുമില്ല. അതുകൊണ്ട് അങ്ങനെയൊരു നിലപാടുമായി ഞാൻ വരില്ല. നല്ല വിഷമമുണ്ട്. അത്രമാത്രം. പാട്ട് ഇഷ്ടമായി എന്നു ഞാൻ കരുതുന്നു. അതേ സമയം പാട്ടിന്റെ ഡിസ്‍ലൈക്കുകളുടെ എണ്ണം വല്ലാത്ത രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇനിയും അഞ്ചോ ആറോ ഗാനങ്ങൾ ഈ ചിത്രത്തിൽ നിന്ന് വരാനുണ്ട്. എല്ലാം പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. അവർക്കിഷ്ടമാകണം എന്ന ചിന്തയിലാണ് ഓരോ പാട്ടും ചെയ്യുന്നത്. അവരാണ് ഊർജവും പ്രതീക്ഷയുമെല്ലാം. 

ബെന്നി ദയാലിനേയും മഞ്ജരിയേയും പാടിക്കണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. വളരെ പ്രത്യേകതകളുള്ള സ്വരമാണ് അവരുടേത്. ഈ ചിത്രത്തിലെ ഗാനം എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് സംവിധായക തന്നപ്പോൾ എനിക്ക് ഓർമ വന്നത് ഇവരുെട സ്വരമാണ്. പാട്ടിന് ഒരു പാശ്ചാത്യ ശൈലിയാണെന്നു പറഞ്ഞിരുന്നു. പാട്ടിന് വളരെ ഊർജസ്വലമായൊരു മെയിൽ വോയ്സും അതുപോലെ ശക്തമായൊരു ഫീമെയിൽ വോയ്സും വേണമായിരുന്നു. അങ്ങനെയാണ് ഇരുവരെയും തിരഞ്ഞെടുത്തത്.  ഷാൻ പറഞ്ഞു.