Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അജ്ഞാത ബാലൻ ഇവിടെയുണ്ട്;‌ നാഗസ്വരവിദ്വാൻ ഗോവിന്ദൻകുട്ടി

govindan-kutty

തൃശൂർ ∙ നക്ഷത്രങ്ങളുടെ സംഗീത സംഗമത്തിൽ ഹാർമോണിയം വായിച്ച് ഒരു ചിത്രത്തിലും ചരിത്രത്തിലും ഇടം നേടിയ ബാലതാരം 42 വർഷത്തെ അജ്ഞാതവാസം അവസാനിപ്പിക്കുന്നു. 1958ൽ തിരുവനന്തപുരത്തു നടന്ന സ്കൂൾ യുവജനോത്സവത്തിൽ വായ്പാട്ടിൽ സമ്മാനാർഹനായ യേശുദാസ് ലയവാദ്യ മൽസര ജേതാവ് പി.ജയചന്ദ്രനൊപ്പം കച്ചേരി നടത്തുന്ന ചിത്രം. അതിൽ ഹാർമോണിയം വായിക്കുന്ന പയ്യനെ മാത്രം പിന്നീട് ആരും അറിഞ്ഞില്ല. 

ഇപ്പോൾ നാഗസ്വര വിദഗ്ധനായ പി.ഗോവിന്ദൻകുട്ടിയും ബന്ധുക്കളും സുഹൃത്തുക്കളും ഇങ്ങനെ ഓർത്തെടുക്കുന്നു: ‘വായ്പാട്ടിൽ യേശുദാസ് ഒന്നാം സ്ഥാനവും ഗോവിന്ദൻകുട്ടി രണ്ടാം സ്ഥാനവും നേടി. സമാപനച്ചടങ്ങിൽ ഒന്നാം സമ്മാനാർഹനെ കച്ചേരി അവതരിപ്പിക്കാൻ വിളിച്ചപ്പോൾ രണ്ടാം സ്ഥാനക്കാരനായ ഗോവിന്ദ‍ൻകുട്ടിയെയും വേദിയിലേക്കു വിളിച്ചു ഹർമോണിയത്തിൽ ശ്രുതിയിട്ട് ആ നിമിഷത്തിന്റെ ഭാഗമാകാൻ പറഞ്ഞു.’

പിന്നെ ചരിത്രചിത്രം പിറന്നു. 

പാറമേക്കാവ് ഭഗവതിയുടെ ദീപാരാധനയ്ക്കു നാഗസ്വരം വായിക്കുന്ന ഗോവിന്ദൻകുട്ടി ജികെ പൂത്തോൾ എന്ന തൂലികാനാമത്തിൽ എഴുപതുകളിലെ നാടകവേദിയിൽ തിരക്കുള്ള സംഗീത സംവിധായകനായിരുന്നു. കണക്കുകളിൽ കണിശതയുള്ള പ്രഫഷനൽ നാഗസ്വര വിദഗ്ധനായി തമിഴ്നാട്ടിലും അദ്ദേഹം പ്രശസ്തനായി. 

‘ഈ ചിത്രം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടിട്ടും എന്തേ സ്വയം വെളിപ്പെടുത്താതിരുന്നത്’ എന്നു ചോദിച്ചു. ‘ദാസിനും ജയചന്ദ്രനുമൊപ്പമുള്ള ചിത്രത്തിലെ മൂന്നാമനെ അന്വേഷിക്കുന്ന വിവരം സുഹൃത്തുക്കൾ വഴി അറിഞ്ഞിരുന്നു.  എല്ലാവരും ഏറെ നിർബന്ധിച്ചതുമാണ്. അപ്പോഴേക്കും അവർ ഏറെ പ്രശസ്തരായിക്കഴിഞ്ഞിരുന്നല്ലോ. പിന്നീട് ഒരു അവകാശവുമായി രംഗത്തുവരാൻ തോന്നിയില്ല’ – ഗോവിന്ദൻകുട്ടി പറ‍ഞ്ഞു. 

govindan-kutty-nadaswaram1 ഗോവിന്ദൻ കുട്ടി ചിത്രം:ഫഹദ് മുനീർ

‘വിവേകോദയം സ്കൂളിൽ പഠിക്കുമ്പോഴാണു തൃശൂർ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ചു സംഗീത മൽസരത്തിൽ പങ്കെടുത്തത്. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽനിന്നു ലയവാദ്യത്തിൽ മൽസരിക്കാൻ ജയചന്ദ്രനുമുണ്ടായിരുന്നു.  പന്തുവരാളി രാഗത്തിലുള്ള ഒരു കീർത്തനമാണു പാടിയതെന്നോർക്കുന്നു. രണ്ടാം സ്ഥാനത്തിനു സമ്മാനമില്ലെങ്കിലും പ്രോൽസാഹനമെന്ന നിലയ്ക്കു വേദിയിലേക്ക് എന്നെയും വിളിക്കുകയായിരുന്നു’ അദ്ദേഹം പറയുന്നു.

നാഗസ്വര വിദഗ്ധനായിരുന്ന അച്ഛൻ പി.ശങ്കരനിൽ നിന്നാണു സംഗീതം പഠിച്ചത്. വിവിധ സർക്കാർ സ്കൂളുകളിൽ സംഗീത അധ്യാപകനായി ജോലിചെയ്തു. ഇടക്കാലത്തു നാടകങ്ങൾക്കു സംഗീതം ചെയ്തു. ആകാശവാണിക്കും മറ്റും വേണ്ടി ലളിതഗാനങ്ങളും ചിട്ടപ്പെടുത്തി.

 രണ്ട് ഹിന്ദു– ക്രിസ്ത്യൻ ഭക്തിഗാന കസെറ്റുകളും പുറത്തിറക്കി. യേശുദാസിനെയും ജയചന്ദ്രനെയും പിന്നീടു പലതവണ കണ്ടെങ്കിലും ആ ഫോട്ടോയ്ക്ക് അന്ന് അത്ര പ്രാധാന്യം തോന്നാത്തതിനാൽ അക്കാര്യം സംസാരിച്ചില്ലെന്നും ഗോവിന്ദൻകുട്ടി പറയുന്നു. 

govindan-kutty-nadaswaram ഗോവിന്ദൻ കുട്ടി ചിത്രം:ഫഹദ് മുനീർ

പിന്നീട്, ഗോവിന്ദൻകുട്ടി സംഗീതം പകർന്ന ലളിതഗാനങ്ങൾ പാടി സഹോദരനും മകളും കലോത്സവ വേദിയിൽനിന്നു സമ്മാനം നേടിയിട്ടുണ്ട്. ഒരു തവണ വിധികർത്താവുമായി.