Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിമിഷയും ഷെയ്നും മുത്ത്‌ പോലെ!

shahabaz-aman-eeda

ശാന്തമായൊഴുകുന്ന നദി പോലെയാണ് ഷഹബാസിന്റെ സ്വരം; പാട്ടുകളും. അതുപോലെ ഹൃദയം തൊടും അദ്ദേഹത്തിന്റെ എഴുത്തുകളും‍. എല്ലാവരോടും സ്നേഹം എന്നു പറഞ്ഞ് എഴുതി നിർത്താറുള്ള ഷഹബാസ് ഈട എന്ന ചിത്രത്തെ കുറിച്ചെഴുതിയ കുറിപ്പ് അതീവ രസകരമാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നിമിഷയും ഷെയ്നും മുത്ത്‌ പോലെ എന്നാണ് ഷഹബാസ് പറയുന്നത്. രാഷ്ട്രീയവും പ്രണയവും സമന്വയിക്കുന്ന ചിത്രത്തിന്റെ ഭംഗിയെ കുറിച്ചെഴുതിയ ഷഹബാസ് പ്രേക്ഷക നിരൂപണത്തെ കുറിച്ചും കാതലായ അഭിപ്രായം പറഞ്ഞു. ഇനി ഇതുപോലെ അതിഗംഭീരമായ സിനിമകളെടുക്കുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന ട്രെയിലർ നൽകരുതെന്നു സംവിധായകനോടു പറയുകയും ചെയ്യുന്നു ഷഹബാസ്.

ഷഹബാസ് അമൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് വായിക്കാം

ഈട കണ്ടു! ഉഗ്രൻ സിനിമ! സിനിമ കാണാനും അതിനെപ്പറ്റി ഈടെ വന്ന് പറയാനും വൈകിയതിൽ അതിന്റെ അണിയറപ്രവർത്തകരോട്‌ ക്ഷമ ചോദിക്കുന്നു!പ്രത്യേകിച്ചും ഈട ടീമിനോട്‌ അത്ര അടുപ്പമുള്ള ഒരാൾ അതിനെക്കുറിച്ച്‌ മൗനം പാലിക്കുന്നതെന്തേ എന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കണം.ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നും ഇല്ലെങ്കിലും ഈട കാണാൻ വൈകലോ കാണാതിരിക്കലോ വ്യക്തിപരമായി മനസ്സമ്മർദ്ദം കൂട്ടുന്ന ഒരു കാര്യം തന്നെ ആകുമായിരുന്നു.കണ്ടിട്ട്‌ ഇഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിലോ ? പറയും വേണ്ട! എന്നാൽ അങ്ങനെയല്ല. കേരളത്തിലെ എല്ലാ തരം സിനിമാപ്രേമികളും നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു സിനിമയാണു ഈട എന്ന് പറയാൻ ഇപ്പോൾ അഭിമാനവും സന്തോഷവും ഉണ്ട്‌! ഇനിയും കാണാത്തവർക്ക്‌ അതിനു എന്തോരം ചാൻസ്‌ ഉണ്ട്‌ എന്നറിയില്ല.പക്ഷേ കാണാത്തവരോട്‌ ഉടൻ കാണുക എന്നേ ഈ വൈകിയ നേരത്ത്‌ പറയാനുള്ളു! മനസ്സിന്റെ വലുപ്പക്കുറവ്‌ അലങ്കാരമായിക്കാണുന്ന ചിലരുടെയെങ്കിലും റിവ്യൂ 'ഈട' കാണാൻ‌ ആളുകളെ പ്രേരിപ്പിക്കുന്നതായി‌ ശ്രദ്ധയിൽപ്പെട്ടു.‌ ‌കാണാൻ തോന്നിക്കുന്നത്‌ നല്ലൊരു കാര്യം തന്നെ! പക്ഷേ അത്തരം റിവ്യൂകൾ വരും കാലത്തേക്കെങ്കിലും കുറ്റിയറ്റ്‌ പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും വിധത്തിൽ ഈട തികച്ചും സ്വതന്ത്രമായിത്തന്നെ സ്ക്രീനിൽ തല ഉയർത്തിപ്പിടിച്ച്‌ നിൽക്കുന്നുണ്ട്‌‌! ആരാധകരുടെ എഴുതിത്തള്ളൽ ചില സിനിമകളെ സംബന്ധിച്ച്‌ ദോഷമേ ചെയ്യൂ! ഈട അത്തരത്തിലുള്ള ഒന്നാണു! ആളുകൾ കണ്ട്‌‌ സ്വയം വിലയിരുത്തേണ്ട ഒന്ന്!‌ പ്രത്യേകിച്ചും എത്ര ആലോചിച്ചാലും പിടി കിട്ടാത്ത ഒരു പ്രത്യേക രാഷ്ട്രീയ മനോവ്യവഹാരത്തിനുള്ളിൽ വെച്ചുതന്നെ പ്രണയത്തിന്റെ സങ്കീർണ്ണമായ ഉൾത്തിരിവുകളെ കൂടി അഡ്രസ്സ്‌ ചെയ്യാൻ ശ്രമിക്കുന്ന‌ ഒരു സിനിമയായത്‌ കൊണ്ട്‌ ഈടയെക്കുറിച്ച്‌‌ ഇവിടെ ഇപ്പോൾ മറ്റൊന്നും പറയുന്നില്ല! എല്ലാവരാലും കാണപ്പെടട്ടെ എന്ന് ആഗ്രഹിക്കുക മാത്രം ചെയ്യുന്നു.

 

ഈടയുടെ അണിയറ ശിൽപ്പികളെ അകമഴിഞ്ഞ്‌ അഭിനന്ദിക്കുന്നതോടൊപ്പം ചിത്രത്തിന്റെ സംവിധായകനും ഇൻഡ്യയിലെ എണ്ണം പറഞ്ഞ എഡിറ്റർമ്മാരിൽ ഒരാളും പ്രിയ കൂട്ടുകാരനുമായ ബി.അജിത് കുമാറിനോട്‌‌‌ ഒരു കാര്യം പറയട്ടെ! ഡാ നീ കലക്കി! പക്ഷേ മേലിൽ ഇങ്ങനെയുള്ള അതിഗംഭീരമായ ഒരു സിനിമയെടുക്കുമ്പോൾ‌ അതിനെ തെറ്റിദ്ധരിപ്പിക്കത്തക്ക തരത്തിലുള്ള ഏതെങ്കിലും ഒരു പൊട്ട ട്രെയിലറിന്റെ കയ്യിൽ ആറുകട്ട ടോർച്ചും കൊടുത്ത്‌ മുന്നേ നടത്തിക്കരുത്‌‌! ഓക്കെ! ?

 

നിമിഷയും ഷെയ്നും മുത്ത്‌ പോലെ!

 

ബ്രാവോ, ടീം 'ഈട' ❤️

എല്ലാവരോടും സ്നേഹം...