Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം തൊട്ട പാട്ട്

lata-mangeshkar

ലീല മൈതാനം. സായംസന്ധ്യ. റിപ്പബ്ലിക്ക് ദിനത്തിന്റെ പിറ്റേ ദിവസം. ദേശീയ പ്രതിരോധ ഫണ്ട് സമാഹരിക്കാനായി നടത്തിയ പരിപാടി. വേദിയിലും സദസിലുമായി പ്രമുഖരുടെ നീണ്ട നിര. പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു, ക്യാബിനറ്റ് മന്ത്രിമാർ, സിനിമാരംഗത്തെ പ്രമുഖരായ ദിലീപ്‌കുമാർ, ദേവാനന്ദ്, രാജ് കപൂർ, ഗായകരായ മുഹമ്മദ് റാഫി, ഹേമന്ദ്‌കുമാർ തുടങ്ങിയവർ അതിൽപ്പെടും. ഇവരെക്കൂടാതെ കേൾവിക്കാരായി പതിനായിരങ്ങൾ വേറെ. മൈതാനം നിറഞ്ഞു. ഗായിക ലതാ മങ്കേഷ്‌കർ മൈക്കിനരികിലേക്ക്. അവരുടെ കണ്‌ഠത്തിൽനിന്ന് ആ ഗാനം ഒഴുകിയെത്തി– ‘ഏ മേരേ വതൻ കെ ലോകോ’.... പാട്ട് അവസാനിച്ചപ്പോഴേക്കും പ്രധാനമന്ത്രി നെഹ്‌റുവിന്റെ കണ്ണുകളിൽനിന്നു കണ്ണുനീർ ഇറ്റുവീണു. നെഹ്‌റുവിനെപ്പോലും കരയിപ്പിക്കാൻമാത്രം ശക്‌തമായിരുന്നു ആ വരികളും ഈണവും പിന്നെ ലതയുടെ ശബ്‌ദവും. ദേശഭക്‌തി വിളിച്ചോതുന്ന ഈ മനോഹര ഗാനം ലതാ മങ്കേഷ്കറിന് ഇന്നും ഏറെ പ്രിയം.  പരിപാടി അവസാനിച്ചപ്പോൾതന്നെ നെഹ്റുവിന്റെ മകൾ ഇന്ദിരാ ഗാന്ധിയും കൊച്ചുമക്കളായ രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ലതയ്ക്കൊപ്പം ഫോട്ടെയെടുക്കുകയും ചെയ്തു. 

1962ലെ ഇന്ത്യാ– ചൈന യുദ്ധം അവസാനിച്ചിട്ടു മാസങ്ങളേയായുള്ളൂ. ഇന്ത്യ നേരിട്ട തിരിച്ചടിയിൽ രാജ്യം പതറി നിൽക്കുന്ന സമയം. തോൽവിയുടെ പഴി മുഴുവൻ ഭരണനേതൃത്വത്തിനുനേരെ തിരിഞ്ഞു. സ്വാതന്ത്ര്യം നേടിയതിന്റെ 15–ാം വർഷമായിരുന്നു സുഹൃത്തെന്നു കരുതിയ ചൈനയുടെ ആക്രമണം. രാജ്യമാകെ തകർന്നുപോയ നിമിഷം. അപ്രതീക്ഷിതമായി തോൽവി ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യയ്‌ക്ക് നവജീവൻ പകരുന്നതായിരുന്നു ആ പാട്ട്. പരാജയത്തിന്റെ പടുകുഴിയിൽ നിൽക്കെ, ഇന്ത്യയ്‌ക്കും ഭരണനേതൃത്വത്തിനും ആത്മവിശ്വാസത്തിന്റെയും തിരിച്ചുവരവിന്റെയും പാതയൊരുക്കിയ ആ മനോഹര ഗാനം അരനൂറ്റാണ്ടു പിന്നിട്ടെങ്കിലും ഇന്നും പ്രസക്തം. ഭരണനേതൃത്വത്തിന്റെ ആത്മവിശ്വാസത്തിനു തിരിച്ചടി നേരിട്ട സമയമായിരുന്നു അത്. ആ മുറിവുണക്കാൻ കവി പ്രദീപ് എഴുതിയ പാട്ടായിരുന്നു അത്. സി. രാമചന്ദ്രയാണ് ഈണമിട്ടത്. 

യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരവ് അർപ്പിക്കാനാണു പ്രദീപ് ഈ ഗാനം രചിച്ചത്. ദേശാഭിമാനം തുളുമ്പുന്ന ആ പാട്ടിൽ രക്‌തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിക്കുന്നതിനൊപ്പം ഇന്ത്യക്കാർ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ആഹ്വാനംചെയ്യുന്നു. നെഹ്‌റുവിനെ ഈ ഗാനം ഏറെ സ്വാധീനിച്ചു. അവസാന വരികളിൽ ജയ്‌ഹിന്ദ് ജയ്‌ഹിന്ദ് കി സേന, ജയ്‌ഹിന്ദ്, ജയ്‌ഹിന്ദ്, ജയ്‌ഹിന്ദ് എന്ന ഈരടികൾ നെഹ്‌റുവിന് ഏറെ ഇഷ്‌ടപ്പെട്ട വരികളാണ്. ഈ ഗാനത്തിന്റെ കോപ്പി അപ്പോൾതന്നെ നെഹ്‌റുവിനു സമ്മാനിച്ചാണു പരിപാടി അവസാനിപ്പിച്ചത്.