ഇത് മഹാഭാഗ്യം, ചിത്ര ചേച്ചിയുടെ സമ്മാനം: സരിത ജയസൂര്യ

ആരു കണ്ടാലും ഏറ്റവും പ്രിയപ്പെട്ട ഗാനം പോലെ  മനസിലങ്ങനെ കയറിക്കൂടുന്ന സാരിയണിഞ്ഞു നിൽക്കുന്ന ഫോട്ടോ കെ.എസ്. ചിത്ര സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. സാധാരണ പാട്ടുകളെ കുറിച്ചും ഗുരുനാഥൻമാർക്ക് ആശംസകൾ നേർന്നും അവരെ ഓർത്തുള്ള കുറിപ്പുകളുമൊക്കെ മാത്രമാണ് ചിത്ര സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായിരുന്നു ഈ ചിത്രങ്ങൾ. പ്രേക്ഷകർ ഒത്തിരി ഇഷ്ടത്തോടെയാണ് ആ ചിത്രങ്ങളെ കണ്ടതും.

നടൻ ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ് ഈ സാരിക്കു പിന്നിൽ. മനസ്സിൽ ആഗ്രഹിച്ച ആൾ ആ വസ്ത്രമണിഞ്ഞതിന്റെ ത്രില്ലിലാണ് സരിതയിപ്പോൾ. കൊച്ചിയിൽ ജയസൂര്യയെയും സരിതയെയും വീട്ടിൽ വന്ന് ചിത്ര കണ്ടിരുന്നു. അന്നാണ് ചിത്രയ്ക്കായി പ്രത്യേകം ഡിസൈൻ ചെയ്ത സാരി, സരിത സമ്മാനിക്കുന്നത്. പാട്ട് പോലെ മനോഹരമായ ഈ സാരിക്ക് ഒരുപാട് പ്രത്യേകതകളുണ്ട്.

മെറൂൺ എന്നും പെണ്ണഴകിൻ വർണങ്ങളിലൊന്നാണ്.  ആ നിറത്തിലുള്ള സാരിയാണ് സരിത തീർത്തത്. സാരിയുടെ അരികുകളിലും ഞൊറിവുകളിലും പാറിക്കിടക്കേണ്ട തുഞ്ചത്തും വീണയും വയലിനും ഗിത്താറുമൊക്കെ സ്വർണനൂലിഴയിൽ തുന്നിയും വച്ചു. സാരി അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ഒരു സമ്മാനമെന്നോണം സരിതയ്ക്കു സമ്മാനിക്കുകയും ചെയ്തു. 

‘മ്യൂസിക്കൽ ഇൻട്രുമെന്റ് ഹാൻഡ് വർക്ക് ചെയ്ത ഡിസൈൻ സാരിയാണത്. ഇങ്ങനെയൊരു ഡിസൈൻ ചെയ്യുമ്പോൾ തന്നെ എന്റെ മനസ്സിൽ ചിത്രചേച്ചിയുടെ മുഖം തന്നെയാണ് ഓർമ വന്നുകൊണ്ടിരുന്നത്. സാധാരണയായി ചേച്ചി ഇത്തരം ഡാർക് കളർ സാരി അണിയാറില്ല. പക്ഷേ ഈ സാരി ചേച്ചി അത് അണിയുകയും ഒരുപാട് ഇഷ്പ്പെടുകയും ചെയ്തു. സരിത പറഞ്ഞു.

എസ്.പി. ബാലസുബ്രഹ്മണ്യം സാറിനൊപ്പം ഒരു റിയിലാറ്റി ഷോയിൽ ആണ് ചേച്ചി ആദ്യമായി ഈ സാരി അണിഞ്ഞെത്തിയത്. അതിനു ശേഷം എന്നെ ഫോണിൽ വിളിക്കുകയും ചിത്രങ്ങൾ അയച്ച് തരുകയും ചെയ്തു. കൂടാതെ ചേച്ചിയുടെ പേജിലും  ചിത്രം പോസ്റ്റ് ചെയ്തു. എന്നെ സംബന്ധിച്ചിത്തോളും മഹാഭാഗ്യമായാണ് ഈ നിമിഷത്തെ കാണുന്നത്. സരിത പറഞ്ഞു.