Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത സ്വരമാധുര്യം: ശ്രേയാ ഘോഷാലിനു ഇന്നു പിറന്നാൾ

shreya-ghoshal-new-songs

ഒരു റിയാലിറ്റി ഷോയില്‍ പാടുന്നത് കണ്ടിട്ടാണ് സഞ്ജയ് ലീലാ തന്റെ പുതിയ ചിത്രത്തിലേക്ക് പാട്ടു പാടാൻ ആ പെൺകുട്ടിയെ ക്ഷണിക്കുന്നത്. ദേവദാസായിരുന്നു ആ സിനിമ. പതിനാറു വയസ് മാത്രം പ്രായമുള്ള പെൺകുട്ടി അഞ്ച് ഗാനങ്ങളാണ് ആ ചിത്രത്തില്‍ ആലപിച്ചത്. 

നുസ്രത് ബാദർ എഴുതിയ വരികൾക്ക് ഇസ്മയിൽ ദർബാർ ഈണമിട്ട ബേരി പിയാ...എന്ന ഗാനം ആലപിച്ച അവളെ തേടി മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം എത്തി. പിന്നീട് ഇന്ത്യൻ ചലച്ചിത്ര ലോകം മുഴുവൻ ആ ഗായികയെ തേടി ചെന്നു. 

ആലാപന ഭംഗികൊണ്ട് വിസ്മയമൊരുക്കി മറ്റ് ഭാഷകളിൽ പാടാൻ ചെന്നപ്പോഴും അവളുടെ പാട്ടുകൾക്കായി കാത്തിരിക്കുവാൻ ഒരുപാട് കാതുകൾ...തേടിയെത്താൻ ഒരുപാട് പേർ. അവളുടെ പേര് ശ്രേയാ ഘോഷാൽ. ശബ്ദം കൊണ്ടും ആലാപനം കൊണ്ടും നമ്മൾ അത്ഭുതത്തോടെ നോക്കിനിൽക്കുന്ന ശ്രേയയ്ക്ക് ഇന്നു മുപ്പത്തിനാലാം പിറന്നാൾ. 

ഓരോ പാട്ടിനോടും ശ്രേയയ്ക്കുള്ള അടുപ്പം ആഴമുള്ളതാണ്. തനിക്കറിയാത്ത ഭാഷകളിലെ പാട്ടുകളുടെയും ഓരോ വരികളും ഭാവം അറി‍ഞ്ഞു മനസിലാക്കി പാടാൻ കാണിക്കുന്ന അർപ്പണ ബോധമാണ് പകരംവയ്ക്കാനാകാത്ത ഗായികയാക്കി മാറ്റിയത്. ഒരു വിദ്യാർഥിയുടെ ആകാംഷ ഇപ്പോഴും മനസിൽ സൂക്ഷിക്കുന്ന ഗായിക. 2002–ൽ തുടങ്ങിയ സംഗീത യാത്ര 2018–ൽ എത്തി നില്‍ക്കുമ്പോഴും ശ്രേയയിലെ വിദ്യാർഥിനിയുടെ ആവേശത്തിന് തെല്ലും കുറവില്ല. ആലാപന ഭംഗി കൊണ്ട് കെ.എസ് ചിത്രയും സുജാതയും മലയാള സംഗീതരംഗം അടക്കിവാഴുന്ന കാലത്ത് വിടപറയുകയാണോ...എന്ന പാട്ടുപാടിക്കൊണ്ട് കടന്നു വന്ന ഈ ഗായികയെ നമ്മളിങ്ങനെ ചേർത്തുനിർത്തി.

ഇന്ത്യൻ ന്യൂക്ലിയർ കോർപ്പറേഷനിലെ എഞ്ചിനീയറായിരുന്ന ബിശ്വജിത് ഘോഷാലിന്റെയും ശർമിഷ്ട ഘോഷാലിന്റെ‌യും മകളാണ് ശ്രേയ. മൂന്നാം വയസിലെ തുടങ്ങി സംഗീത പഠനം. അച്ഛനായിരുന്നു ശ്രേയയുടെ പാട്ടുകളുടെ ആദ്യ ആരാധകൻ. അച്ഛനൊപ്പമാണ് ഇന്നും യാത്ര തുടരുന്നതും. 

തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയും അച്ഛനാണെന്ന് ശ്രേയ പറഞ്ഞിട്ടുമുണ്ട്. ബാല്യകാല സുഹൃത്തായ ശിലാദിത്യ മുഖോപാധ്യായയെയാണ് ശ്രേയ വിവാഹം കഴിച്ചത്. നാലു തവണ ദേശീയ പുരസ്കാരവും ആറു പ്രാവശ്യം ഫിലിം ഫെയർ അവാർഡും ശ്രേയയെ തേടി വന്നു. കാലങ്ങളിലേക്ക് ദേശങ്ങളിലേക്ക് ഈ നാദത്തിന്റെ ഭംഗി ഇനിയുമിനിയും ഒഴുകട്ടെ.