Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിജിത്ത് എന്തു തെറ്റാണ് ചെയ്തത് ? എം. ജയചന്ദ്രൻ ചോദിക്കുന്നു

yesudas-m-jayachandran-abhijith

സിനിമകളില്‍ അധികം പാടിയിട്ടില്ലെങ്കിലും അഭിജിത്ത് വിജയൻ എന്ന ഗായകൻ‌ രണ്ടായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി പാടിയ ഒട്ടനവധി ആല്‍ബം ഗാനങ്ങളും ഇതിൽ ഉൾപ്പെടും. യേശുദാസിനെ അനുകരിച്ചെന്ന് ജൂറി പറയുന്ന ഇൗ യുവഗായകനെ അങ്ങനെ ഒഴിവാക്കാൻ സാധിക്കുമോ ? യേശുദാസിന്റെ ശബ്ദവുമായി സാമ്യം വന്നതിന് അഭിജിത്ത് എന്തു ചെയ്യാനാണ് ? സംഗീത സംവിധായകൻ എം. ജയചന്ദ്രനും ഇതാണ് ചോദിക്കുന്നത്.

‘അര്‍ജുനന്‍ മാസ്റ്ററാണ് അഭിജിത്തിനെ കൊണ്ടു പാടിച്ചത്. അതു തന്നെയാണ് ആദ്യത്തെ അവാര്‍ഡ്. യേശുദാസിനെ അനുകരിച്ചു നടക്കുന്നൊരാളെ അദ്ദേഹം പാടാനായി വിളിക്കുമോ ? തീര്‍ച്ചയായും ഇല്ല. അങ്ങനെയൊരു ആരോപണം പറയുമ്പോള്‍ അത് അര്‍ജുനന്‍ മാസ്റ്ററിനെ കൂടിയാണ് ബാധിക്കുന്നതെന്ന വേദന എനിക്കുണ്ട്.’ ജയചന്ദ്രൻ പറയുന്നു. 

അഭിജിത്തിന്റെ പാട്ട് നേരിട്ട് കേട്ടിട്ടുള്ളയാളാണ് ഞാന്‍. അദ്ദേഹം സ്റ്റുഡിയോയില്‍ പാടുന്നത് കേട്ടിട്ടുണ്ട്. ഒരിക്കലും അദ്ദേഹം ദാസേട്ടനെ അനുകരിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ സ്വരത്തോട് അഭിജിത്തിന്റെ സ്വരത്തിന് സാമ്യം വന്നുപോയതിന് എന്തു ചെയ്യാനാണ് ? അഭിജിത് അതിന് എന്തു തെറ്റാണ് ചെയ്തത് ? അതിനേക്കാളുപരി ഒരു പാട്ട് ഒരു ഗായകന്‍ നന്നായി പാടിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പുരസ്‌കാരം നല്‍കണം. ആലാപനത്തിലെ ഭംഗിയും ആഴവുമാണ് പരമമപ്രധാനമായി പുരസ്‌കാരത്തിനുള്ള യോഗ്യതയെന്നാണ് ഞാന്‍ കരുതുന്നത്. അവിടെ സ്വരത്തിന് മറ്റാരുടേതെങ്കിലുമായി സാമ്യമുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. ജയചന്ദ്രന്‍ കൂട്ടിച്ചേർത്തു.

ഗാനരചയിതാവ് രാജീവ് ആലുങ്കലിനു പറയാനുള്ളത് മറ്റൊരു വശമാണ്. അഭിജിത്തിന്റെ പാട്ട് കണ്ണടച്ചിരുന്നു കേട്ടാല്‍ ശരിക്കും ദാസേട്ടന്‍ പാടുന്നതു പോലെ തന്നെ തോന്നാറുണ്ട് എനിക്ക്. അദ്ദേഹം അനുകരിക്കാന്‍ ശ്രമിക്കുന്നതല്ലെന്ന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മുന്‍നിര്‍ത്തി ഞാന്‍ വിശ്വസിക്കുന്നു. പിന്നെ സ്വരത്തിനു സാമ്യം വന്നുപോയാൽ ഒന്നും ചെയ്യാനാകില്ലല്ലോ. അതുകൊണ്ട് അദ്ദേഹത്തിനു പുരസ്‌കാരം നിഷേധിക്കേണ്ടിയിരുന്നില്ലെന്നതാണ് എന്റെ അഭിപ്രായം. യേശുദാസ് ജീവിച്ചിരിക്കേ അദ്ദേഹത്തിന്റെ സ്വരത്തിനോട് സാമ്യമുള്ള മറ്റൊരാള്‍ വേണ്ടെന്ന് പുരസ്‌കാര നിര്‍ണയ സമിതിയിലുള്ളവർ കരുതിയിരിക്കാം. ആ വാശി അഭിജിത്തിന് സംസ്ഥാന പുരസ്‌കാരം ഇല്ലാതാക്കിയെങ്കിലും അതിലും വലിയൊരു അവാര്‍ഡ് തന്നെയാണ് അര്‍ജുനന്‍ മാസ്റ്റര്‍ പാടാന്‍ വിളിച്ചുവെന്നത്. അത് ശരിക്കും അഭിജിത്തിനെ സംബന്ധിച്ച് ഒത് ഒരു ഓസ്‌കര്‍ തന്നെയാണ്. അമ്പത് വര്‍ഷമായി മലയാള സിനിമയില്‍ സജീവമായ ഒരുപാടു ഹിറ്റുകൾ സമ്മാനിച്ച അര്‍ജുനന്‍ മാസ്റ്ററിന്റെ ഒരു പാട്ട് പാടുക. ആ പാട്ട് ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ക്ക് മാസ്റ്ററിന് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിക്കുകയെന്നത് അഭിജിതത്തിന് മറ്റെന്തിനേക്കാളും വലിയ പുരസ്‌കാരമാണ്. 

അഭിജിത്തിനെ പോലെ ഈ ആരോപണം നേരിട്ട ഒരുപാട് വ്യക്തികളുണ്ട്. പന്തളം ബാലന്‍, മാര്‍ക്കോസ്, ജോളി എബ്രഹാം, ഉണ്ണി മേനോന്‍, സുദീപ് അങ്ങനെ പലരും...ഒരു പരിധിവരെ ഇവരെയൊക്കെ അത് ബാധിച്ചിട്ടുമുണ്ട്. പക്ഷേ അവരുടെ പാട്ട് കേട്ട് തീരുന്നതിനു മുന്‍പ് തന്നെ അത് യേശുദാസ് അല്ല പാടിയതെന്നു തെളിയിക്കുന്നൊരു ശൈലി അവരില്‍ ഉണ്ടായിരുന്നു. ‌ശബ്ദത്തിലെ സാമ്യത്തെ ആലാപന ശൈലികൊണ്ട് മാറ്റിയിരുന്നു അവര്‍. നിര്‍ഭാഗ്യവശാല്‍ അഭിജിത്തിന്റെ സ്വരം ഇവരുടേതിനാക്കാള്‍ യേശുദാസിന്റെ സ്വരത്തോട് ചേർന്നു നില്‍ക്കുന്നുവെന്നു മാത്രമല്ല, അഭിജിത്തിന്റെ പാട്ട് കേട്ടിരുന്നാല്‍ അത് അവസാനിക്കുമ്പോള്‍ പോലും ദാസേട്ടനല്ല അത് അഭിജിത്താണ് പാടുന്നതെന്നു തെളിയിക്കുന്നൊരു ഘടകവും അവിടെ അനുഭവപ്പെടുന്നില്ലെന്നതാണ് വാസ്തവം. അദ്ദേഹം അനുകരിക്കുന്നില്ലെന്നു വിശ്വസിക്കുമ്പോള്‍ പോലും ഞാന്‍ അനുഭവിക്കുന്ന സത്യം ഇതാണ്. അതുകൊണ്ടു തന്നെ ആ ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം അഭിജിത് നടത്തണമെന്ന് എനിക്ക് തോന്നുന്നു. എന്തു തന്നെയായാലും നന്നായി പാടിയ ഗായകനാണ് അവാര്‍ഡ് നല്‍കേണ്ടത്. അതില്‍ തര്‍ക്കമില്ല. രാജീവ് ആലുങ്കല്‍ പറയുന്നു.