Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസിനോട് ‘സാമ്യം’: അന്നു മാർക്കോസ് പറഞ്ഞത്

yesudas-markose

യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്നു പറഞ്ഞു യുവഗായകന് അവാർഡ് നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. അഭിജിത്ത് എന്ന ഗായകൻ യേശുദാസിനെ അനുകരിക്കാൻ ശ്രമിച്ചതാണെന്നാണ് ജൂറി വിലയിരുത്തിയത്. എന്നാൽ വർഷങ്ങൾക്കു മുമ്പ് രൂപത്തിലും വേഷത്തിലും ആലാപനത്തിലും യേശുദാസിനെ അനുകരിച്ചെന്ന ആരോപണം കേട്ട ഗായകനാണ് കെ.ജി മാർക്കോസ്. മികച്ച ഗായകനായി പേരെടുത്തെങ്കിലും ഇൗ ‘അപരവിവാദം’ മാർക്കോസിനും വിനയായി. പല സിനിമകളിൽ നിന്നും മാർക്കോസ് തഴയപ്പെട്ടു. ഇതെക്കുറിച്ച് മാർക്കോസ് മുൻപ് പറഞ്ഞത് ഇങ്ങനെയാണ്‌. 

സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. പലപ്പോഴും പലരും എന്നെ അവഗണിക്കാനും ഒതുക്കാനും ശ്രമിച്ചിരുന്നു. വെള്ള വസ്ത്രം ആരുടെയും കുത്തകയൊന്നുമല്ല. ദാസേട്ടനെ അനുകരിച്ചല്ല ഞാൻ വെള്ളവസ്‌ത്രം ധരിച്ചത്. ഡോക്ടറായിരുന്നു എന്റെ അപ്പൻ. അദ്ദേഹം വെള്ള വസ്‌ത്രമാണ് ധരിച്ചിരുന്നത്. സ്‌കൂളിൽ പഠിക്കുമ്പോഴേ വെള്ളവസ്‌ത്രമായിരുന്നു എന്റെയും വേഷം. താടി വളർത്തിയതും ദാസേട്ടനെ ആനുകരിച്ചല്ല. എന്റെ മുഖം ഒട്ടിയതാണ്. താടി വന്നപ്പോൾ അഭംഗി മാറിയതായി തോന്നിയതു കൊണ്ട് വടിച്ചില്ല. ദാസേട്ടന്റെ അത്ര ഇല്ലെങ്കിലും മറ്റു പല ഗുണങ്ങളും എനിക്കുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ നോട്ടത്തിലും നടപ്പിലും ഇരുപ്പിലും യേശുദാസിനെ അനുകരിക്കുന്നു എന്നു പറഞ്ഞ് പലരും എന്നെ ഒഴിപ്പിച്ചു നിർത്തി. 

ദാസേട്ടന്റെ കൂടെയുള്ളവർ എനിക്ക് ദ്രോഹം ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി സ്റ്റുഡിയോയിൽ വച്ച് റെക്കോർഡ് ചെയ്ത കന്നിപ്പൂമാനം എന്ന എന്റെ ഗാനത്തിന്റെ സ്‌പീഡും ബാസും മാറ്റി ശബ്ദത്തിനു വ്യത്യാസം വരുത്തി. എന്നാൽ എനിക്കത് ദാസേട്ടനോട് പറയാൻ പേടിയായിരുന്നു. അവസരങ്ങൾ നഷ്ടപ്പെടുമല്ലോ എന്നായിരുന്നു പേടി.