Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ പെൺകുട്ടി കരയുകയായിരുന്നു’ ഷാൻ റഹ്മാൻ പറയുന്നു

shan-rahman-vineeth-sreenivasan

വിനീത് ശ്രീനീവാസനും ചങ്ങാതി ഷാന്‍ റഹ്മാനും ഒരുമിച്ച് യാത്ര തുടങ്ങിയിട്ട് പത്തു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. സൗഹൃദത്തിന്റെ മാധുര്യത്തിലും കരുതലിലും ഇതിനോടകം വിടര്‍ന്നത് ഒട്ടനവധി ഗാനങ്ങള്‍. അവയില്‍ മെലഡിയുണ്ടായിരുന്നു തട്ടുതകര്‍പ്പന്‍ താളമുള്ള അടിപൊളി പാട്ടുകളുണ്ടായിരുന്നു ലോകം മുഴുവന്‍ പാടിയ വൈറല്‍ ഹിറ്റുകളുമുണ്ടായിരുന്നു. സൗഹൃദത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഇരുവരും പുറത്തിറക്കിയ പാട്ടാകട്ടെ മുന്‍പൊരിക്കലുമുണ്ടാകാത്തൊരു ശൈലിയിലുള്ള പതിഞ്ഞ താളത്തിലുള്ള പാട്ട്. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലെ കണ്ണേ തായ് മലരേ...എന്ന പാട്ട് അമ്മ സ്‌നേഹം പോലെ മനസ്സോടു ചേരുന്നു.

‘ഇങ്ങനെയൊരു പാട്ട് ചെയ്യണം എന്നൊന്നും കരുതിയിരുന്നേയില്ല. ബാക്ക്ഗ്രൗണ്ട് സ്‌കോറിനുള്ളൊരു ഈണം മൂളി, പിന്നെയതു പാട്ടായി മാറിയതാണ്. ഈ സിനിമയില്‍ ആകെ നാലു പാട്ടുകളെ ആകെ ഉണ്ടായിരുന്നുള്ളൂ. വിനീതിന്റെ അമ്മാവന്‍ കൂടിയായ എം.മോഹനനാണു ചിത്രം സംവിധാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ കുറച്ചധികം സ്വാതന്ത്ര്യം പാട്ടുകളുടെ കാര്യത്തില്‍ കിട്ടിയിരുന്നു. മാണിക്യ മലരായ പൂവിയൊക്കെ കഴിഞ്ഞ സമയത്ത് ഞാനും വിനീതും കൂടി കൊച്ചിയില്‍ ഒരിടത്ത് ഈ പാട്ടുകള്‍ക്കായി ഒന്നിച്ചു കൂടി. ഈണങ്ങളെ കുറിച്ചിങ്ങനെ ചിന്തിച്ചിരിക്കും നേരം മൂളിയതാണിത്. ഇതു ഞാന്‍ പാടുന്നത് കേട്ടിട്ട് വിനീതാണ് ചോദിച്ചത്, എടാ ഇത് നമുക്കൊരു പാട്ടാക്കി മാറ്റിയാലോ എന്ന്. ഇപ്പോള്‍ തന്നെ നാലു പാട്ടുണ്ടെന്നു പറഞ്ഞു ഞാന്‍. നമുക്കൊന്നു ആലോചിച്ചാലോ എന്നു പറഞ്ഞ് ഞാന്‍ സംവിധായകനെ വിളിച്ചു. നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോ എന്ന നിലപാടിലായിരുന്നു അദ്ദേഹം. അങ്ങനെ പത്തു മിനിട്ടേ എടുത്തുള്ളൂ ഈണം ഒന്നുകൂടി ശരിയാക്കാന്‍. എന്നിട്ട് അത് ഹരിനാരായണന് അയച്ചു കൊടുത്തു. അദ്ദേഹം പാട്ടാക്കി അത് എഴുതി തന്നു. അങ്ങനെ ചിത്രത്തിലെ അഞ്ചാം ഗാനമായി ഇത് എത്തി.’ ഷാൻ പറയുന്നു.

‘ഈ സ്റ്റൈലിലുള്ളൊരു പാട്ട് ആദ്യമായിട്ടാണ് ചെയ്യുന്നത്. ഒരുപാട് സ്ലോ ആണ് പിന്നെ വാദ്യോപകരണങ്ങളും വളരെ കുറവ്. ജിമ്മിക്കി കമ്മലും, മാണിക്യ മലരായ പൂവിയും സ്റ്റാന്‍ഡ് എലോണ്‍ ഗാനങ്ങളാണ്. അത് ഏറ്റൈടുത്തവരാരും അത് ഏത് സാഹചര്യത്തില്‍ വന്ന പാട്ടാണ് ഏതു ചിത്രത്തിലേതാണ് എന്നൊന്നും ആലോചിച്ച് നില്‍ക്കുകയില്ല. അത് ഏത് സാഹചര്യത്തിലെ പാട്ടാണ് എന്ന് കൃത്യമായി അനുമാനിക്കാനും സാധിക്കില്ല. പക്ഷേ ഈ പാട്ട് കേട്ടിട്ട് അമ്മയെ ഓര്‍മവരുന്നു എന്നു പറഞ്ഞ് ഒരുപാടു പേര്‍ വിളിച്ചു. കൃത്യമായി പാട്ടിന്റെ സാഹചര്യം നമുക്ക് മനസ്സിലാക്കാനും സാധിക്കുന്നു. ഒരു പെണ്‍കുട്ടി വിളിച്ചിട്ട് കരയുകയായിരുന്നു. പിന്നെയൊരാള്‍ പറഞ്ഞത്, എനിക്കെന്റെ അമ്മയെ ഓര്‍മവരുന്നു...അമ്മയില്ലാത്തൊരാളെ ഈ പാട്ട് ഒരുപാട് കരയിക്കുമെന്നൊക്കെ പറഞ്ഞു. നമ്മള്‍ ചെയ്യുന്നൊരു കാര്യം, തീര്‍ത്തും അപ്രതീക്ഷിതമായി ഉണ്ടായൊരു ഗാനം ആളുകളെ ഇത്രയേറെ സ്വാധീനിക്കുന്നുവെന്നു മനസ്സിലാക്കുമ്പോൾ ഒരുപാട് സന്തോഷം. അതാണ് ഏറ്റവും വലിയ സമ്മാനവും.’ ഷാന്‍ പറഞ്ഞു.