Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോച്ചന്റെ തകർപ്പൻ ഡാൻസ്: ആർത്തു വിളിച്ച് ദുൽക്കറും ഫഹദും

വനിത ഫിലിം അവാർഡ്സ് 2018 വേദിയെ ആവേശത്തിലാഴ്ത്തി കുഞ്ചാക്കോ ബോബന്റെ തകർപ്പൻ ഡാൻസ്. സദസ്സിലുണ്ടായിരുന്ന ദുൽക്കർ സൽമാനും ഫഹദ് ഫാസിലുമുൾപ്പടെയുള്ള താരങ്ങളുടെ ആർത്തു വിളിച്ചുള്ള പ്രോത്സാഹനവും കയ്യടിയും കൂടിയായപ്പോൾ പുരസ്കാരവേദി അക്ഷരാർഥത്തിൽ ആവേശക്കടലായി.  

ചാക്കോച്ചൻ തന്റെ സിനിമയിലെ തന്നെ ഗാനങ്ങളും മറ്റു ചില തമിഴ് പാട്ടുകളും ചേർന്ന ചെയിൻ സോങിനൊപ്പമാണ് നൃത്തം ചെയ്തത്. അഭിനയജീവിതത്തിൽ 20 വർഷം പൂർത്തിയാക്കുന്ന നടന്റേത് പവർ പാക്ക്ഡ് പെ‍ർഫോമൻസാണെന്നാണ് ആരാധകരും സഹപ്രവർത്തകരും പറയുന്നത്. ഫാമിലി ഹീറോ എന്ന പുരസ്കാരവും കരസ്ഥമാക്കിയ ചാക്കോച്ചന്റെ നൃത്തം സദസ്സിലിരുന്ന് കണ്ട് കയ്യടിച്ച് പ്രോത്സാഹിപ്പിച്ച ഭാര്യ പ്രിയയുടെ മുഖത്ത് ആകാംക്ഷയും അഭിമാനവും നിറഞ്ഞു നിന്നു. അവസാന ഭാഗത്തോടടുത്തപ്പോൾ വേദിയിലും സദസ്സിലും ആവേശം ഒരു പോലെ അണപൊട്ടി. ചാക്കോച്ചന്റെ പ്രകടനത്തിലും അത് വ്യക്തമായിരുന്നു. മുൻനിര താരങ്ങൾ പലപ്പോഴും ഇത്തരം വേദികളോട് അകലം പാലിക്കുമ്പോഴാണ് യുവതാരങ്ങളെ പോലും ഞെട്ടിക്കുന്ന പ്രകടനവുമായി ചാക്കോച്ചൻ എത്തിയത്. 

കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത കുട്ടനാടൻ മാർപ്പാപ്പ എന്ന പുതിയ ചിത്രത്തിലും ചാക്കോച്ചന്റെ ഒരു അടിപൊളി നൃത്തമുണ്ട്. ‘സാ രീ ഗാ മാ...’ എന്ന ഗാനത്തിനൊപ്പമുള്ള ആ ഡപ്പാംകൂത്ത് ഡാൻസിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വനിത ഫിലിം അവാർഡ്സ് വേദിയിൽ ഭാവന അവതരിപ്പിച്ച നൃത്തവും നേരത്തെ വൈറലായിരുന്നു.