Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അര മണിക്കൂറിൽ 7 പാട്ടുകൾ, മലയാളം ആദ്യ പ്രണയമെന്ന് വെളിപ്പെടുത്തലും: ശ്രേയയുടെ അമ്പരപ്പിക്കും വിഡിയോ

ആലാപന ഭംഗികൊണ്ട് ഇന്ത്യൻ സംഗീത ലോകത്ത് വിസ്മയമൊരുക്കിയ ശ്രേയ ഘോഷാലിന്റെ വക മറ്റൊരു വിസ്മയ പ്രകടനം കൂടി. വനിത ഫിലിം അവാർഡ്സ് 2018 വേദിയിൽ ഇടവേള പോലുമെടുക്കാതെ ശ്രേയ പാടിയത് ഏഴു ഗാനങ്ങൾ. പത്മാവതിലെ ‘ഘൂമര്’ എന്ന മനോഹര ഗാനത്തിൽ തുടങ്ങി അതേ ചിത്രത്തിലെ തന്നെ ‘ഡോള് ബാജ്’ എന്ന പാട്ടിൽ ശ്രേയ പാടി അവസാനിപ്പിച്ചപ്പോൾ സദസ്സ് ഒന്നടങ്കം എഴന്നേറ്റു നിന്ന് കരഘോഷം മുഴക്കി. 

‘ഘൂമര്’, ‘അത്തിമരക്കൊമ്പിലെ’, ‘നീ താനെ’,‘പാൽത്തിര പാടും’, ‘ദീവാനി മസ്താനി’, ‘ലട്ട് പട്ട്’, ‘ഡോള് ബാജ്’ എന്നീ ഏഴു പാട്ടുകളാണ് അര മണിക്കൂർ നീണ്ട പ്രകടനത്തിൽ ശ്രേയ പാടിയത്. ചടങ്ങിനെത്തിയ താരങ്ങൾ പോലും തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഇരുന്ന് കൊണ്ടു പലപ്പോഴും പാട്ടിനൊപ്പിച്ച് താളം പിടിച്ചു. പ്രകടനത്തിന്റെ ഒടുവിൽ അവതാരകർ നന്ദി പറഞ്ഞപ്പോൾ മലയാളമാണ് തന്റെ ആദ്യ പ്രണയമെന്നും മലയാളത്തിൽ കിട്ടിയതു പോലുള്ള മനോഹര മെലഡികൾ മറ്റൊരു ഭാഷയിലും തനിക്ക് ലഭിച്ചിട്ടില്ലെന്നും ശ്രേയ പറഞ്ഞു. 

പത്മാവതിലെ ‘ഘൂമര്’ പാടിത്തുടങ്ങിയപ്പോൾ തന്നെ സദസ്സ് അവേശത്തിലായിരുന്നു. പാട്ടിനൊപ്പം ശ്രേയ ചുവടുകൾ കൂടി വച്ചതോടെ സദസ്സിലിരുന്ന താരങ്ങളും പ്രോത്സാഹിപ്പിച്ചു. പാർവതിയും ഇഷ തൽവാറുമൊക്കെ കസേരയിൽ ഇരുന്ന് തന്നെ പാട്ടിനൊപ്പിച്ച് ആടി. ദുൽക്കറും ജയസൂര്യയും മഞ്ജു വാര്യരുമുൾപ്പെടെയുള്ളവരും ശ്രേയയെ പ്രോത്സാഹിപ്പിച്ചു. അര മണിക്കൂർ ഇടവേളകളില്ലാതെ ശ്രേയ നടത്തിയ പ്രകടനം അമ്പരപ്പോടെയാണ് കാണികൾ കണ്ടത്.