Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

16 വർഷങ്ങൾക്കു ശേഷം റഹ്മാനെ തേടി അഞ്ചാം പുരസ്കാരം

AR Rahman

സംഗീതജീവിതത്തിൽ കാൽനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള എ.ആർ.റഹ്മാനെ തേടി ദേശീയ പുരസ്കാരമെത്തുന്നത് ഇത് അഞ്ചാം തവണ. 26 വർഷം മുൻപു ‘റോജ’യിലൂടെയുള്ള ആദ്യ വരവിൽത്തന്നെ ദേശീയ പുരസ്കാരം നേടിയ റഹ്മാന് ഒാസ്കർ നേടിയ ശേഷം ലഭിക്കുന്ന ആദ്യ ദേശീയ പുരസ്കാരമാണിത്. അതും ഭാഗ്യങ്ങൾ മാത്രം സമ്മാനിച്ച മണിരത്നത്തിന്റെ ചിത്രത്തിലൂടെ. ഇതിനു മുമ്പ് 1992,1996,2001,2002 എന്നീ വർഷങ്ങളിലും റഹ്മാൻ പുരസ്കാരം നേടിയിരുന്നു.  

റോജ രാജയാക്കിയപ്പോൾ 

‘ഇളയരാജ’ അവസാനവാക്കായിരുന്ന ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ വീണ ബോംബായിരുന്നു ‘റോജ’. മിൻമിനി പാടിയ ‘ചിന്ന ചിന്ന ആശൈ...’ പറന്നെത്താത്ത ഒരു കൊച്ചുഗ്രാമം പോലും ദേശത്തുണ്ടായില്ല. ബോംബെ, കാതലൻ, തിരുടാ തിരുടാ, ജെന്റിൽമേൻ... രാജ്യം ഞെട്ടിപ്പോയി! ഇന്ത്യയിലെ സംഗീതജ്ഞർ തരിച്ചുനിന്നു. ലക്ഷക്കണക്കിനും ദശലക്ഷക്കണക്കിനും കസെറ്റുകൾ വിറ്റു സംഗീതക്കമ്പനികൾ കോടികൾ കൊയ്ത വിളവെടുപ്പുകാലം. മരുമകൻ ജി.വി.പ്രകാശ്കുമാർ പാടിയ ‘ചിക്കുപുക്കു ചിക്കുപുക്കു റെയിലേ...’ ആയിരുന്നു കാലത്തോളം ഇന്ത്യൻ യുവതയുടെ താളം. സിനിമാറ്റിക് ഡാൻസ് എന്നൊരു കലാരൂപം തന്നെ പിറവിയെടുത്തത് ഈ ഗാനത്തിൽനിന്നാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. 

AR Rahman

വിമർശനവും വെളിപാടും

അക്കാലത്തും വിമർശകർ വെറുതേയിരുന്നില്ല. വെസ്റ്റേൺ, ഇലക്ട്രോണിക് സംഗീതമേ റഹ്മാനു വഴങ്ങുകയുള്ളൂ എന്നും ഡപ്പാൻകൂത്ത് സംഗീതമാണ് അദ്ദേഹത്തിന്റേതെന്നും നാവേറുണ്ടായി. ഇളയരാജയുടെ തനി നാടൻ ഈണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. അക്കാലത്താണ് ഭാരതിരാജയുടെ കിഴക്കു ചീമയിലേ, കറുത്തമ്മ എന്നീ ചിത്രങ്ങളിൽ അതിമനോഹരമായ നാടൻ ഈണങ്ങളുമായി റഹ്മാന്റെ വരവ്. പച്ചക്കിളി പാടും ഊര്..., പോരാളി.... തുടങ്ങിയ ഗാനങ്ങളൊന്നും അന്നുവരെ കേട്ട ഒരു നാടൻ ഈണങ്ങളുടെയും അനുകരണം ആയിരുന്നില്ല. നാടൻശീലുകളിൽ പരിലസിച്ച സാങ്കേതികമേന്മയുടെ നറുമണം നാം നന്നായി ആസ്വദിച്ചു. പശുവും ആടും കോഴിയുമൊക്കെ സംഗീതോപകരണങ്ങളായി. 

സുഹാസിനി സംവിധാനം ചെയ്ത ‘ഇന്ദിര’യിലെ ‘ഓടക്കാരൻ മാരിമുത്ത്...’ കൂടി വന്നതോടെ ഈ ശ്രേണിയിലും താൻ അതികായനാണെന്നു റഹ്മാൻ തെളിയിച്ചു. ‘ഊരുക്കുള്ളേ വയസ്സുപ്പൊണ്ണുങ്ക സൗക്യമാ?’ എന്നത് എത്രയോ നാളത്തേക്കു തമാശ കലർന്ന കുശലാന്വേഷണമായി. സലിൽ ചൗധരിയും നൗഷാദുമടക്കം ഒട്ടേറെ ബോളിവുഡ് സംഗീതസംവിധായകർ ദക്ഷിണേന്ത്യയിൽ ജൈത്രയാത്ര നടത്തിയിട്ടുണ്ടെങ്കിലും തിരിച്ചൊരു പടയോട്ടം ഉണ്ടായിരുന്നില്ല. റാം ഗോപാൽവർമ സംവിധാനം ചെയ്ത ‘രംഗീല’യിലൂടെ റഹ്മാൻ അതും സാധിച്ചു. ഹിന്ദിയുടെ ഹൃദയം ഈ തമിഴൻ കവർന്നു. ദിൽസേ, താൾ... തുടങ്ങി ബോളിവുഡ് ഹിറ്റുകളുടെ തുടർക്കഥയായിരുന്നു പിന്നീട്. ദിൽസേയിലെ ‘ഛയ്യ ഛയ്യ...’ ഇന്ത്യൻ യുവതയുടെ ഹൃദയതാളമായി. അതിനൊപ്പിച്ചു ചുവടുവയ്ക്കാൻ ട്രെയിനിനു മുകളിൽ കയറി കുട്ടികൾ വീണുമരിച്ച സംഭവങ്ങൾ വരെ രണ്ടായിരത്തിൽ ഡൽഹിയിലുണ്ടായി. അത്ര വലിയ അടിമത്തമായിരുന്നു റഹ്മാൻ ഈണങ്ങളോടു യുവാക്കൾക്ക്. 

ar-rahman

റഹ്മാനും മണിരത്നവും

റഹ്മാൻ-മണിരത്നം കൂട്ടുകെട്ടിന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കപ്പെട്ടത് കാട്രുവെളിയിടൈ എന്ന ചിത്രത്തിലൂടെയാണ്. അവരുടെ ചങ്ങാത്തത്തിന്റെ മനോഹാരിതയിലും സത്യസന്ധതയിലും പിറന്ന സിനിമയാണിത്. "വാൻ, വരുവാൻ, വരുവാൻ, തൊടുവാൻ, മഴൈ പോൽ വീഴുവാൻ..." എന്ന ഗാനം ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച റഹ്‌മാൻ പാട്ടുകളിൽ ഒന്നായി കുറിക്കപ്പെടുന്നു. റഹ്മാൻ-മണിരത്നം ജോഡി ഇപ്പോഴും സൂപ്പർ ഹിറ്റായി ഓടുന്ന ഒരു സിനിമ പോലെയാണെന്നു പറയാം. 16 വർഷങ്ങൾക്ക് ശേഷം ദേശീയ പുരസ്കാരം തേടി വന്നപ്പോഴും മണിരത്നം റഹ്മാന് ഒപ്പമുണ്ടെന്നത് മറ്റൊരു അപൂർവത. 

ar-rahman

നേട്ടങ്ങളുടെ രഹസ്യം?

എന്താണ് ഇത്ര വലിയ നേട്ടങ്ങളുടെ രഹസ്യം? സംഗീതജ്ഞനായിരുന്ന പിതാവ് ആർ.കെ.ശേഖറിൽനിന്നു ലഭിച്ച ജന്മസിദ്ധമായ പ്രതിഭ ഏറ്റവും പ്രധാനം. കർമമേഖലയിൽ പുലർത്തുന്ന പരിപൂർണ സമർപ്പണം എടുത്തുപറയേണ്ട ഗുണം. പരിസരങ്ങളിൽ നിഷ്കർഷിച്ചുപോരുന്ന ഉന്നതമായ ഗുണമേന്മയാണു മറ്റൊരു വിജയരഹസ്യം. ഇന്ന് ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റുഡിയോയാണ് അദ്ദേഹത്തിന്റേത്. ഉപയോഗിക്കുന്ന സംഗീതോപകരണങ്ങളും സങ്കേതങ്ങളും എന്നും ഒന്നാംതരമായിരിക്കും. ഇടപെടുന്ന നിർമാണ കമ്പനികൾ, ഗാനരചയിതാക്കൾ, ഉപകരണസംഗീതവിദഗ്ധർ, സൗണ്ട് എൻജിനീയർമാർ എന്നിവരെല്ലാം മുൻനിരക്കാർ. ഏറ്റവും മികച്ച ഗാനരചയിതാക്കളുമായാണ് അദ്ദേഹം സഹകരിക്കുന്നത്. 

പാട്ടിനെ അദ്ദേഹം ഒരു ഉൽപന്നമായി കാണുന്നു. അതിന്റെ സൃഷ്ടിയിൽ സ്നേഹബന്ധങ്ങൾക്കും മമതകൾക്കും സ്ഥാനമില്ല. രാജ്യത്തെ ഒരു സംഗീതജ്‍ഞനും ഇന്നുവരെ പുലർത്താത്ത ഒരു ശീലമാണത്. അതുകൊണ്ടുതന്നെ സ്ഥിരം ഗായകരും അദ്ദേഹത്തിനില്ല, യേശുദാസായാലും എസ്.ജാനകിയായാലും ഇനി സ്വന്തം ശബ്ദം തന്നെയായാലും റഹ്മാന് അതൊരു അസംസ്കൃതവസ്തു മാത്രമാണ്. ലോകം കൊതിക്കുന്ന ഒരു ശിൽപം മെനയുന്ന കലാകാരന്റെ കയ്യിലെ കളിമണ്ണുപോലെ മാത്രം. അതുകൊണ്ടാണ് ആ പാട്ടുകളെയെല്ലാം നാം ‘റഹ്മാന്റെ പാട്ടുകൾ’ എന്നു വിളിക്കുന്നത്.

കടപ്പാട് – ഗ്രാമഫോൺ പംക്തി (ഷാജൻ സി. മാത്യു)