Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മാരനിലെ പാട്ടും കോപ്പിയെന്ന് ആരോപണം: പ്രതികരിക്കാതെ ഗോപി സുന്ദർ

gopi-kammara

പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. കമ്മാരസംഭവത്തിലെ 'ഞാനോ രാവോ' എന്ന ഗാനമാണ് കോപ്പിയടിയെന്ന് സമൂഹമാധ്യമങ്ങൾ ആരോപിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലുള്ള ഇൗ ഗാനം മറാഠി ചിത്രം സൈറത്തിലെ ‘സൈറത്ത് സാലാ ജി’ എന്ന പാട്ടിന്റെ തനിപ്പകര്‍പ്പാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ ആരോപണം.

ഹരിചരണും ദിവ്യ എസ്. മേനോനും ആലപിച്ച 'ഞാനോ രാവോ'യ്ക്ക് വലിയ സ്വീകരണമാണ് ആദ്യം ലഭിച്ചത്. ചിത്രത്തിലെ നായകനായ ദിലീപിനൊപ്പം നമിത പ്രമോദാണ് ഈ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. 2016–ലാണ് സൈറത്ത് എന്ന സിനിമ പുറത്തിറങ്ങുന്നത്. 100 കോടി ക്ലബില്‍ കയറിയ ആദ്യ മറാഠി ചിത്രമായ സൈറത്തിലെ ഗാനത്തിനോടുള്ള സാമ്യം ചൂണ്ടിക്കാട്ടിയിട്ടും ഗോപി സുന്ദർ ഇതു വരെ പ്രതികരിച്ചിട്ടില്ല. ചിന്മയിയും അജയ് ഗോഗ്‌വാലെയും ആലപിച്ചിരിക്കുന്ന സൈറത്തിലെ ഗാനവും ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റിയതാണ്.

നേരത്തെയും ഇത്തരത്തിൽ ഒരുപാട് കോപ്പിയടി ആരോപണങ്ങൾ ഗോപി സുന്ദറിനു നേരെ ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ പ്രതികരിച്ചും അല്ലാത്തപ്പോൾ മൗനം പാലിച്ചും മുന്നോട്ടു പോകാറുള്ള ഗോപി ഇതിനെന്തു മറുപടിയാകും നൽകുകയെന്ന ആകാംക്ഷയിലാണ് ആരാധകർ.