Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പാടാൻ ചാൻസ് ചോദിച്ചപ്പോൾ ഷാൻ പരിഹസിച്ച് ചിരിച്ചു’: ശ്രീനിവാസൻ പറയുന്നു

താനും മകനായ വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ പൊട്ടിച്ചിരി പടർത്തി നടൻ ശ്രീനിവാസൻ. സ്വതസിദ്ധമായ ശൈലിയിൽ നർമരസപ്രധാനമായി സംസാരിച്ച് പ്രേക്ഷകരെ കയ്യിലെടുത്തു അദ്ദേഹം. 

‘എന്നെ ഇതു വരെ ആരും ഒാഡിയോ ലോഞ്ചിനു വിളിച്ചിട്ടില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു പരിപാടിക്കു വിളിക്കുന്നത്. സത്യൻ അന്തിക്കാടിനു വേണ്ടി ഒരുപാട് തിരക്കഥകൾ എഴുതിയിട്ടുണ്ട്. പക്ഷേ അദ്ദേഹവും ഇതു വരെ വിളിച്ചിട്ടില്ല.’ ശ്രീനിവാസന്റെ ഇൗ സംസാരം സദസ്സിൽ വലിയ പൊട്ടിച്ചിരിക്കു വഴി തുറന്നു. 

‘ഒരിക്കൽ വിനീത് ഷാൻ റഹ്മാന്റെ അടുത്ത് നിൽക്കുന്നതു കണ്ടപ്പോൾ എനിക്ക് പാടാനൊരു ചാൻസ് കിട്ടുമൊ എന്നു ഷാനിനോട് ചോദിക്കാമോ എന്നു ഞാൻ വിനീതിനോട് ചോദിച്ചു. വിനീത് ഷാനിനോട് ചോദിക്കുന്നതും ഷാൻ ഒരു പരിഹാസച്ചിരി ചിരിക്കുന്നതും ഞാൻ‌ കണ്ടു. അന്നു മുതൽ എനിക്ക് ചെറിയൊരു വാശിയായി. എന്റെ ഉള്ളിലെ സംഗീതജ്ഞൻ കുറച്ചു വൈരാഗ്യബുദ്ധിയോടെ ചിന്തിച്ചു. അങ്ങനെ ഞാനൊരു മ്യൂസിക്ക് ആൽബം തയ്യാറാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പത്തു പതിനഞ്ച് പാട്ടുകളുണ്ടാകും എന്റെ ആൽബത്തിൽ. സത്യൻ അന്തിക്കാട് പാട്ടുകൾ എഴുതിത്തരാമെന്നു പറഞ്ഞിട്ടുണ്ട്. ഞാൻ തന്നെയാണ് പാട്ടുകൾക്ക് ഇൗണം കൊടുക്കുന്നതും പാടുന്നതും. കേൾക്കുന്നതും ഞാൻ തന്നെയായിരിക്കും. ഇതു നിർമിക്കാൻ തയ്യാറുള്ളവർക്ക് സ്വാഗതം.’ പൊട്ടിച്ചിരിയോടെയാണ് ശ്രീനിവാസൻ ഇൗ സംസാരം അവസാനിപ്പിച്ചത്. സദസ്സാവട്ടെ പഴയ ശ്രീനിവാസൻ സിനിമകളിലെ നർമരംഗങ്ങൾ കണ്ടാസ്വദിക്കുന്ന കണക്കെ ചിരിച്ചു. സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ പറഞ്ഞ ശ്രീനിവാസൻ ചിത്രത്തിന്റെ നൂറാം ദിനവും ആഘോഷമായി കൊണ്ടാടാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു.  

‘ഇൗ സിനിമയുടെ ഷൂട്ട് വലിയ അനുഭവമായിരുന്നു. അ‍ഞ്ചു ദിവസം കൊണ്ടാണ് ഇതിന്റെ പശ്ചാത്തല സംഗീതം ഷാൻ തീർത്തത്. ഞാനും ഷാനിനൊപ്പം ഉണ്ടായിരുന്നു. മറക്കാനാകാത്ത അനുഭവമായിരുന്നു. പശ്ചാത്തല സംഗീതം ചെയ്തപ്പോൾ ഒരു നാലഞ്ചു പാട്ടുകൾ കൂടി ചെയ്തു. കംപ്ലീറ്റ് ഫാമിലി സിനിമ എന്നു വേണമെങ്കിൽ പറയാം. 9 വർഷങ്ങൾക്കു ശേഷമാണ് അച്ഛനൊപ്പം അഭിനയിക്കുന്നത്. ഞങ്ങൾ ഒരുമിച്ചഭിനയിച്ചത് വളരെ ആസ്വദിച്ചാണ്. പ്രേക്ഷകർക്കും ഇൗ സിനിമ നന്നായി ആസ്വദിക്കാനാകുമെന്നാണ് വിശ്വാസം.’ വിനീത് ശ്രീനിവാസൻ പറഞ്ഞു. 

എം മോഹനൻ ഒരുക്കുന്ന അരവിന്ദന്റെ അതിഥികളിൽ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും ഉർവശിയും ശാന്തികൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. നിഖില വിമൽ ആണ് നായിക. സലിം കുമാർ, അജു വർഗീസ്, ഷമ്മി തിലകൻ, ദേവൻ, ബൈജു, ബിജുക്കുട്ടൻ, സുഭീഷ് സുധി, നിയാസ് ബക്കർ, കെപിഎസി ലളിത, സ്നേഹ ശ്രീകുമാർ എന്നിവരാണ് മറ്റുതാരങ്ങൾ. 

പതിയാറ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പ്രദീപ് കുമാർ പതിയാറയാണ് നിർമാണം. രചന–രാജേഷ് രാഘവൻ. ഛായാഗ്രഹണം–സ്വരൂപ് ഫിലിപ്പ്. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റിങ് രഞ്ജൻ എബ്രഹാം.