Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പാട്ടു കേട്ട സത്യൻ അന്തിക്കാട് ശ്രീനിവാസനോട് പറഞ്ഞു: ‘നമ്മുടെ പടത്തിന് ഷാൻ മതി’

പതിനേഴു വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പുതുതലമുറ സംഗീതസംവിധായകരിൽ പ്രമുഖനായ ഷാൻ റഹ്മാൻ. എന്തു കൊണ്ടാണ് താൻ ഷാനിനെ തന്നെ തിരഞ്ഞെടുത്തതെന്ന് കഴിഞ്ഞ ദിവസം സത്യൻ അന്തിക്കാട് തന്നെ ഒരു ചടങ്ങിൽ വച്ച് പറഞ്ഞു. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ച് വേദിയിൽ വച്ചാണ് ഫഹദ് നായകനാകുന്ന തന്റെ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാനായിരിക്കും എന്ന് സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നത്.

‘എന്റെ സിനിമയിൽ വരുന്ന ആളുകൾ പിന്നീട് എന്റെ കുടുംബാംഗങ്ങൾ ആയി മാറുകയാണ് പതിവ്. ജോൺസൺ എന്റെ 22 സിനിമകൾക്ക് സംഗീതം നൽകി. 12 സിനിമകൾക്ക് ഇളയരാജയും, കുറേ സിനിമകൾക്ക് വിദ്യാസാഗറും സംഗീതം ചെയ്തു. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലെ പാട്ടുകൾ ഞാൻ കേട്ടു. 17 വർഷങ്ങൾക്ക് ശേഷം ഞാനും ശ്രീനിവാസനും പുതിയ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുകയാണ്. കാറിൽ സഞ്ചരിക്കുമ്പോഴാണ്  അരവിന്ദന്റെ അതിഥികളിലെ അമ്മേ  ജനനി എന്ന പാട്ട് കേൾക്കാനിടയായത്. ഉടൻ തന്നെ ശ്രീനിവാസനെ ഞാൻ വിളിച്ചു പറഞ്ഞത് നമ്മുടെ പടത്തിന്റെ സംഗീതം ഷാൻ റഹ്മാൻ തന്നെ ചെയ്യണം എന്നാണ്. മനസ്സുകൊണ്ട് അത്രയും ഇഷ്ടപ്പെട്ടു ആ പാട്ട്.’ അദ്ദേഹം പറഞ്ഞു. 

‘സംവിധായകനായ മോഹനൻ എന്റെ സഹപ്രവർത്തകനായിട്ടാണ് സിനിമയിലേക്ക് കടന്ന് വന്നത്. ഇൗ ചിത്രത്തിന്റെ നിർമാതാവിന് ലഭിച്ച ഭാഗ്യമാണ് മോഹനെ പോലൊരു സംവിധായകൻ. സിനിമയിൽ ഏറ്റവും കൂടുതൽ ചതിക്കപ്പെടുന്നത് നിർമാതാക്കളാണ്. ഒരു സിനിമ കിട്ടാൻ വേണ്ടി പല കള്ളങ്ങൾ പറഞ്ഞ് നിർമാതാക്കളെ കുഴിയിൽ ചാടിക്കുന്നവരുണ്ട്. എന്നാൽ പ്രദീപിനെ സംബന്ധിച്ചിടത്തോളം കള്ളം  പറയാൻ പറ്റാത്ത മോഹനനെ സംവിധായകനായി ലഭിച്ചത് ഭാഗ്യമാണ്.’ 

‘മോഹന്റെ ആദ്യത്തെ സിനിമയായ കഥപറയുമ്പോൾ ചെയ്യുമ്പോൾ വിളക്ക് കൊളുത്തി തുടക്കം കുറിക്കണമെന്നു പറഞ്ഞപ്പോൾ പേടിയാണ് തോന്നിയത്. കാരണം പടം ഓടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം എന്റെ പേരിൽ ആവില്ലേ എന്ന് ഞാനോർത്തു. പിന്മാറാൻ ശ്രമിച്ചെങ്കിലും മോഹൻ വിട്ടില്ല. ആ സിനിമയ്ക്ക് വിളക്ക്  കൊളുത്തി ഞാൻ തുടക്കം കുറിച്ചു. ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള സ്വിച്ച് ഓൺ ചെയ്യണമെന്ന് എന്നോടു പറഞ്ഞു. ഞാൻ പറഞ്ഞു ഞാനില്ല എന്ന്. അതിന്റെ പേരിൽ പടം പൊട്ടിയാൽ ഞാൻ സഹിച്ചു എന്ന് ശ്രീനി പറഞ്ഞു. ഇൗ പടവും അതു പോലെ തന്നെ വലിയ ഹിറ്റായി മാറട്ടെ എന്ന് ഞാൻ ആശംസിക്കുന്നു’ അദ്ദേഹം പറഞ്ഞു.