Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയെ അമ്പരിപ്പിച്ച് 16–കാരിയായ ഇന്ത്യൻ‌ പെൺകുട്ടി

alyssa-raghu

പതിനാറുകാരിയായ ഇൗ ഇന്ത്യൻ പെൺകുട്ടിയാണ് ഇപ്പോൾ അമേരിക്കയിലെ ചർച്ചാവിഷയം. അമേരിക്കൻ ഐഡൽ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ പുതിയ പതിപ്പിലെ പ്രകടനം ഇന്ത്യൻ വംശജയായ അലീസ്സാ രഘുവിനെ എത്തിച്ചിരിക്കുന്നത് പ്രശസ്തിയുടെ പുതിയ ഉയരങ്ങളിലാണ്. നീലക്കണ്ണുള്ള സുന്ദരിയെന്ന് കാറ്റി പെറി ഉൾപ്പടെയുള്ള ഗായകർ വാഴ്ത്തിയ അലീസ്സയ്ക്ക് അമേരിക്കൻ ജനതയ്ക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

അമേരിക്കൻ ഐഡലിന്റെ അവസാന റൗണ്ടിലെത്തിയ 24 മത്സരാർഥികളിൽ ഒരാളാണ് അലീസ്സാ. അലീസ്സയുടെ ഒാരോ റൗണ്ടിലെയും പ്രകടനങ്ങൾ അമ്പരപ്പോടെയാണ് വിധികർത്താക്കളും ആസ്വാദകരും കണ്ടത്. പ്രശസ്ത സംഗീതജ്‍ഞരായ കാറ്റി പെറി, ലൂക്ക് ബ്രയാൻ, ലയണൽ റിച്ചി എന്നിവരാണ് ഷോയുടെ വിധികർത്താക്കൾ. അലീസ്സ ഒടുവിൽ നടത്തിയ പ്രകടനത്തെ വിസ്മയമെന്നാണ് ഇവർ വിശേഷിപ്പിച്ചത്. റിഹാനയുടെ ‘സ്റ്റേ’ എന്ന ഗാനമാണ് അലീസ്സ അന്ന് വേദിയിൽ ആലപിച്ചത്.

അലീസ്സയ്ക്കു വേണ്ടി ഉണ്ടാക്കിയ ഗാനമെന്നാണ് പാട്ടു കേട്ട ശേഷം വിധികർത്താക്കൾ പറഞ്ഞത്. വലിയ വേദിയിൽ പതർച്ചയില്ലാതെ പാടിയ അലീസ്സയുടെ പക്വതയെയും ആസ്വാദകരെ കയ്യിലെടുക്കുന്ന പൊടിക്കൈകളെയും കാറ്റി പെറി വാനോളം പുകഴ്ത്തി. ‘വിൻഡ് ബിനീത്ത് മൈ വിങ്സ്’ എന്ന ഗാനം പാടിയതോടെയാണ് അലീസ്സ ഷോയുടെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

ഇന്ത്യക്കാരനായ ഹൻസ്‌രാജ് ഡെന്നിസ് രഘുനാഥനാണ് അലീസ്സയുടെ പിതാവ്. യു.എസ് എയർഫോഴ്സിൽ ജോലിക്കാരനായിരുന്ന ഇദ്ദേഹം വേൾഡ് ഒാട്ടമോട്ടീവ് സെർവീസസ് എന്ന കമ്പനിയുടെ ഉടമസ്ഥനാണ്. അലീസ്സയ്ക്കു രണ്ടു വയസ്സുള്ളപ്പോൾ രഘുനാഥനും ഭാര്യയും വേർപിരിഞ്ഞു. പിന്നീടങ്ങോട്ട് അച്ഛനായിരുന്നു അലീസ്സയുടെ എല്ലാം. അച്ഛനാണ് തന്റെ സംഗീതവാസനയെ ഏറ്റവും കൂടുതൽ പിന്തുണച്ചതെന്നും അച്ഛന് അഭിമാനമാകാനാണ് താൻ ശ്രമിക്കുന്നതെന്നും ഒരിക്കൽ അലീസ്സ പറഞ്ഞിട്ടുണ്ട്.

ലോക പ്രശസ്ത ഷോയുടെ അവസാനഘട്ടത്തിലെത്തിയതോടെ അലീസ്സയ്ക്ക് ആരാധകരേറിയിരിക്കുകയാണ്. ഇനിയങ്ങോട്ടുള്ള കടമ്പകൾ എളുപ്പമല്ലെങ്കിലും ഇതിനോടകം തന്നെ ആളുകളുടെ മനസ്സിൽ സ്ഥാനമുറപ്പിക്കാനായതിൽ അലീസ്സയ്ക്ക് അഭിമാനിക്കാം.