Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്താ ജോൺസാ കള്ളില്ലേ ?’ ബിജിബാലിന്റെ ഇൗണത്തിൽ മമ്മൂട്ടിയുടെ തകർപ്പൻ‌ പാട്ട്

mammootty-singing

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം അങ്കിളിലെ അദ്ദേഹം തന്നെ ആലപിച്ച നാടൻ ശൈലിയിലുള്ള പാട്ട് പുറത്തിറങ്ങി. ‘എന്താ ജോൺസാ കള്ളില്ലേ ?’ എന്നു തുടങ്ങുന്ന ഗാനം മമ്മൂട്ടി പാടുന്നതിന്റെ മെയ്ക്കിങ് വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ബിജിബാൽ ഇൗണം കൊടുത്തിരിക്കുന്ന പാട്ട് അതീവരസകരവും മനോഹരവുമായാണ് മമ്മൂട്ടി ആലപിക്കുന്നത്.

വായ്മൊഴിയായി പകർന്നു വന്ന ഇൗ നാടൻ പാട്ടിന് അൽപം മാറ്റങ്ങളൊക്കെ വരുത്തിയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന രംഗത്തിൽ ഇൗ ഗാനവുമുണ്ടാകും. മെയ്ക്കിങ് വിഡിയോയിൽ ഒരു പാട്ടു പാടുന്ന പിരിമുറക്കങ്ങളൊന്നുമില്ലാതെ അനായാസമായി മമ്മൂട്ടി ഗാനം ആലപിക്കുന്നത് കാണാം. സംഗീതസംവിധായകനായ ബിജിബാലിനും ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് ദാമോദറിനും ഒപ്പമാണ് മമ്മൂട്ടി സ്റ്റുഡിയോയിൽ ഗാനം ആലപിക്കുന്നത്. അങ്കിളിന്റെ തിരക്കഥ രചിച്ച ജോയ് മാത്യുവും നടൻ സിദ്ദിഖും മമ്മൂട്ടിക്കൊപ്പമുണ്ട്.

ഇവരോടൊക്കെ രസകരമായി ഇടപെട്ട് തമാശരൂപേണയുള്ള ആംഗ്യങ്ങൾ കാണിച്ചാണ് മെഗാസ്റ്റാർ പാട്ടു പാടുന്നത്. ‘എന്താ ജോൺസാ കള്ളില്ലേ ?’ എന്ന വരികളും അതിനിണങ്ങുന്ന സംഗീതവും വരും ദിവസങ്ങളിൽ മലയാളികൾ ഏറ്റെടുക്കമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്തരത്തിലൊരു നാടൻ  പാട്ട് അടുത്തെങ്ങും ഇറങ്ങിയിട്ടില്ലെന്നതു കൂടി കണക്കിലെടുത്താൽ പാട്ട് വൻ ജനപ്രീതി നേടുമെന്നു വേണം കരുതാൻ. 

ഇതാദ്യമായല്ല മമ്മൂട്ടി തന്റെ സിനിമയ്ക്കായി പാടുന്നത്. നേരത്തെ ബിജിബാലിന്റെ തന്നെ ഇൗണത്തിൽ ലൗഡ്സ്പീക്കർ, ജവാൻ ഒാഫ് വെള്ളിമല തുടങ്ങിയ ചിത്രങ്ങൾക്കായി മമ്മൂട്ടി പാടിയിട്ടുണ്ട്. ഷാജി എൻ. കരുണിന്റെ കുട്ടിസ്രാങ്ക്, ശ്യാമപ്രസാദിന്റെ ഒരേ കടൽ, രഞ്ജിത്തിന്റെ കയ്യൊപ്പ് എന്നീ ചിത്രങ്ങളിലും അദ്ദേഹം പാട്ടു പാടിയിട്ടുണ്ട്. 1995–ൽ ഇറങ്ങിയ മഴയെത്തും മുമ്പെയിലാണ് മമ്മൂട്ടി ആദ്യമായി പാട്ടു പാടിയതെന്നത് അധികമാർക്കും അറിയാത്ത വസ്തുതയാണ്. പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിൽ രവീന്ദ്രൻ മാഷിന്റെ ഇൗണത്തിലും മഹാനടൻ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മകനായ ദുൽക്കർ സൽമാനും അടുത്തിടെ ഒരുപാട് ഹിറ്റ് ഗാനങ്ങൾ പാടിയിരുന്നു. ‘ചുന്ദരിപ്പെണ്ണേ’, ‘കേരള മണ്ണിനായി’ തുടങ്ങിയ ദുൽക്കർ ഗാനങ്ങൾ ഇപ്പോഴും ഹിറ്റ് ചാർട്ടുകളിൽ ഒന്നാം നിരയിലുണ്ട്. 

ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന അങ്കിളിന്റെ ടാഗ്‌ലൈൻ ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്നതാണ്. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും കഥ പറയുന്ന ചിത്രമാണിത്. കൃഷ്ണകുമാര്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലാണ് മെഗാസ്റ്റാർ ഈ സിനിമയില്‍ എത്തുന്നത്. ദുൽക്കർ ചിത്രമായ ‘സിഐഎ’യിലൂടെ നായികയായി മലയാളത്തിലെത്തിയ കാര്‍ത്തിക മുരളീധരൻ തന്റെ രണ്ടാമത്തെ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമെത്തുന്നുവെന്ന അപൂർവതയുമുണ്ട്. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴഗപ്പനാണ് നിർവഹിക്കുന്നത്.