Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തരമാറ്റോടെ ഇൗ പത്തു ഗാനങ്ങൾ ‍!

tovino

സന്തോഷം പൂത്തിരിയായും മഞ്ഞക്കണിക്കൊന്നയായും പൂത്തുലഞ്ഞൊരു വിഷുക്കാലം കടന്നുപോയി. എപ്പോഴത്തെയും പോലെ കുറേ നല്ല ഓര്‍മകളും പാട്ടും സിനിമയും സമ്മാനിച്ചു കൊണ്ടു തന്നെയായിരുന്നു ആ വിടവാങ്ങല്‍. വിഷുവിനോടനുബന്ധിച്ച് പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും നല്ല പാട്ടുകളുണ്ടായിരുന്നു. അതുപോലെ വരാനിരിക്കുന്ന ചിത്രങ്ങളിലെയും കുറേ നല്ല പാട്ടുകൾ നമ്മള്‍ കേട്ടു. പാട്ടിന്‍ കൂടാരത്തിലേക്ക് അടുത്ത കാലത്ത് വന്നെത്തിയ മികച്ച പത്ത് പുതിയ പാട്ടുകളെ കുറിച്ച് അറിയാം.

ജീവാംശമായ്...

ജീവാംശമായ് എന്ന വാക്കിനെ അര്‍ഥവത്താക്കി ഈ ഗാനം ഉള്ളിന്റെയുള്ളിലേക്കു ചേക്കേറി. പാട്ടിന്റെ ലോകത്ത് എത്ര തന്നെ നവഭംഗിയുള്ള ഗാനങ്ങള്‍ വന്നാലും അവതരണത്തില്‍ എത്ര തന്നെ നവീനത്വം കൈവന്നാലും മലയാളിത്തമുള്ള പാട്ടുകള്‍ക്കായാണ് മലയാളി അറിഞ്ഞോ അറിയാതെയോ കാത്തിരിക്കുന്നത്. അങ്ങനെയുള്ളൊരു പാട്ടാണിത്. ടൊവിനോ തോമസും സംയുക്താ മേനോനും പ്രണയാര്‍ദ്രരായി അഭിനയിക്കുന്ന ഗാനം, പുറത്തിറങ്ങുന്നതിനു മുന്‍പു തന്നെ വിഖ്യാത ഗായിക ശ്രേയാ ഘോഷാലിന്റെ അഭിപ്രായ പ്രകടനത്തോടെ പ്രശസ്തമായിരുന്നു. ആ പ്രതീക്ഷ തെറ്റിയില്ല. അതിമനോഹരമാണ് ഈ ഗാനം. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്ന് ബി.കെ. ഹരിനാരായണന്‍ എഴുതിയ പാട്ട് ശ്രേയയ്‌ക്കൊപ്പം പാടിയത് കെ.എസ്. ഹരിശങ്കറാണ്. 

ലാലേട്ടാ ലാ ലാ...

മോഹന്‍ലാല്‍ എന്നത് പകരം വയ്ക്കാനില്ലാത്തൊരു അഭിനയ സംസ്‌കാരത്തിന്റെ മറുപേരാണ്. ആ അഭിനയ വിസ്മയത്തോടുള്ള ആരാധനയില്‍ മുങ്ങി ജീവിക്കുന്നൊരു ആരാധികയുടെ കഥ പറഞ്ഞ ചിത്രമാണ് മോഹന്‍ലാല്‍. ലാലേട്ടന്‍ എന്ന വിളിയോട് മലയാളിക്കുള്ള സ്‌നേഹവും ആവേശവും മുഴുവനും നിറഞ്ഞു നില്‍ക്കുന്നൊരു പാട്ടുണ്ട് ചിത്രത്തില്‍. ലാലേട്ടാ ലാ ലാ എന്ന ഗാനം മോഹന്‍ലാല്‍ ആരാധനയുടെ പാട്ടായി മാറിക്കഴിഞ്ഞു. നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന മികച്ചൊരു ഗായിക കൂടിയാണെന്നു പറയുന്ന പാട്ടിന് ഈണമിട്ടത് ടോണി ജോസഫാണ്. മനു മഞ്ജിതിന്റേതാണ് പാട്ടെഴുത്. സുമേഷ് പരമേശ്വരന്‍, ജോസി ആലപ്പുഴ, തുടങ്ങിയ പ്രഗത്ഭരായ വാദ്യോപകരണ വിദഗ്ധര്‍ തീര്‍ത്ത രസകരമായ ഓര്‍ക്കസ്ട്രയാണ് പാട്ടിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.

ഞാനോ രാവോ...

ഒരു പാട്ടിന്റെ തുടക്കം എത്രമാത്രം ഹൃദയം തൊടുന്നവോ, അതിലേക്ക് അത്രയേറെ ഹൃദയങ്ങള്‍ ചേര്‍ന്നു നില്‍ക്കും. കമ്മാരസംഭവം എന്ന ചിത്രത്തിലെ ഞാനോ രാവോ എന്ന പാട്ടിന്റെ തുടക്കം അത്തരത്തിലൊന്നാണ്. അതിന്റെ ദൃശ്യമനോഹാരിത പോലെ സുന്ദരമായ ഗാനം. ഗോപി സുന്ദര്‍ ഈണമിട്ട പാട്ടിന്റെ വരികള്‍ റഫീഖ് അഹമ്മദിന്റേതാണ്. അദ്ദേഹത്തിന്റെ വരികള്‍ക്ക് എപ്പോഴുമുണ്ടാകുന്നൊരു സൗന്ദര്യം ഈ പാട്ടിലും ആവോളമുണ്ട്. ഹരിചരണും ദിവ്യ എസ്. മേനോനും ചേര്‍ന്നാണ് ഗാനം പാടിയത്. 

ഈറന്‍ മാറും...

ബിജിബാലും റഫീഖ് അഹമ്മദും ചേര്‍ന്ന പാട്ടു കൂട്ട് എപ്പോഴും തീര്‍ത്തത് നന്മയും സ്‌നേഹവും നിറയുന്ന പാട്ടുകളാണ്. അത് കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷം, ഒരു സുഖം നമുക്ക് അനുഭവപ്പെടും. കാട്ടിലേക്ക് യാത്ര പോകുന്ന, കാടിന്റെ കഥ പറയുന്ന കഥാപാത്രങ്ങൾക്കൊപ്പം പാറിപ്പോകുന്ന ഈ പാട്ടിനുമുണ്ട് ആ ഭാവഭംഗി. അങ്കിള്‍ എന്ന ചിത്രത്തിലെ ഇൗ ഗാനം ശ്രേയ ഘോഷാലാണു പാടിയത്. 

ചക്കപ്പാട്ട്

ചില ഗാനങ്ങള്‍ പെരുത്തിഷ്ടമാകുന്നത് ആ പാട്ടിന്റെ രംഗങ്ങളിലെ രസികത്വം കൊണ്ടു കൂടെയാണ്. ഗായിക സയനോര ഫിലിപ് ആദ്യമായി സംഗീത സംവിധായികയായ കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ എന്ന ചിത്രത്തിലെ ചക്കപ്പാട്ടിന്റെ വരികള്‍ ചക്കയെ പോലെ കൗതുകമുണര്‍ത്തുന്നതാണ്. സന്നിദാനന്ദനും നിമ്മിയും ചേര്‍ന്നു പാടിയ പാട്ടിനു വരികള്‍ അന്‍വര്‍ അലിയുടേതാണ്. മനസ്സു നിറയെ ചിരിപടര്‍ത്തുന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.

രാസാത്തി...

രാസാത്തി...എന്നത് തമിഴിന്റെ സ്‌നേഹം നിറഞ്ഞ അഭിസംബോധനകളിലൊന്നാണ്. ആ വാക്കു പോലെ സ്‌നേഹം നിറയ്ക്കുന്നൊരു പാട്ടും ദൃശ്യങ്ങളുമാണ് അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലുള്ളത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട പാട്ട് വിനീത് ശ്രീനിവാസന്‍, ലിയാ സൂസന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് പാടിയത്. ബി.കെ ഹരിനാരായണന്റേതാണു വരികള്‍. ജോസി ആലപ്പുഴ, കൊച്ചിന്‍ സ്ട്രിങ്‌സ് എന്നിവരുള്‍പ്പെടുന്ന ഓര്‍ക്കസ്ട്രയുടെ വായനയും ഗംഭീരമാണ്. അതാണ് പാട്ടിന്റെ ഹൈലൈറ്റും.

ഏതോ വഴിത്താരയില്‍...

ആദ്യ കൂടിക്കാഴ്ച...ആദ്യാനുരാഗത്തിന്റെ അനുഭൂതി... ഇതെല്ലാം അമൂല്യമാണ്. ആ ഓര്‍മകള്‍ ചെറുമഴയുടെ കുളിരുപടര്‍ത്തും മനസ്സില്‍. ചില പാട്ടുകളും അതുപോലെയാണ്. ചാണക്യതന്ത്രത്തില്‍ ഉണ്ണി മുകുന്ദനും ടെസ്സ ചാവറയും ചേര്‍ന്നു പാടിയ ഏതോ വഴിത്താരയില്‍ എന്ന ഗാനം പുതിയ കാല സംഗീത വഴികളിലൂടെ നമ്മെ ഗൃഹാതുരത്വത്തിലേക്കു കൈപിടിച്ച് ആനയിക്കുന്നു. കൈതപ്രത്തിന്റേതാണു വരികള്‍ എന്നതിനാല്‍ അത്തരമൊരു അനുഭൂതി സമ്മാനിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഷാന്‍ റഹ്മാനാണ് ഈ പാട്ടിനും ഈണമിട്ടത്. 

ഏതോ പാട്ടന്‍ ഈണം...

ഉറങ്ങിയെഴുന്നേൽക്കുമ്പോൾ മുഖത്തു വന്നു തൊടുന്ന ആദ്യ പുലര്‍കിരണം പോലൊരു ഉണര്‍വ് സമ്മാനിക്കും ചില ഗാനങ്ങള്‍ നമുക്ക്. വാതില്‍ വിടവിലൂടെ കുസൃതി കാണിച്ച് വന്നു തൊടുന്ന ചെറു കാറ്റിന്റെ അനുഭൂതി പകരുന്ന പാട്ട്. ഏതോ പാട്ടിന്‍ ഈണം...എന്ന വരികള്‍ പോലെ മനോഹരമാണ് ഈണവും. ഇര എന്ന ചിത്രത്തിലെ ഈ പാട്ട് വിജയ് യേശുദാസ്-സിത്താര എന്നീ ഗായകര്‍ ചേര്‍ന്നു പാടിയ മനോഹരമായൊരു മെലഡിയാണ്. ഗോപി സുന്ദറിന്റെ ഈണത്തിനു പാട്ടെഴുതിയത് ഹരിനാരായണനാണ്.

ഒരു നിലാ ഒരേ വെയില്‍...

സൗഹൃദത്തിന്റെ തന്നെ കുസൃതിയാണ് ചില ഗാനങ്ങള്‍ക്ക്. ബി.ടെക് എന്ന ചിത്രത്തിലെ ഒരേ നിലാ ഒരേ വെയില്‍ എന്ന പാട്ടിന് ആ ചന്തമാണ്. രാത്രിയും പകലും ഒരേ പോലെ ആഘോഷിക്കുന്ന, സ്വാതന്ത്ര്യത്തിന് അതിരുകളിടാത്തൊരു സൗഹൃദക്കൂട്ടത്തിനൊപ്പം നമ്മള്‍ എത്രമാത്രം സന്തോഷത്തിലായിരിക്കുമോ അതുപോലെയാണ് ഈ പാട്ട് കേള്‍ക്കുമ്പോഴും. പാട്ടിന്റെ വരികള്‍ക്കും ആലാപനത്തിനും ആ നവീനത്വമുണ്ട്. ഹരിനാരായണന്റെ വരികള്‍ക്കു രാഹുല്‍ രാജാണ് സംഗീതം കൊടുത്തിരിക്കുന്നത്. ലളിത സുന്ദരമായ ഈണങ്ങളൊരുക്കി കേള്‍വിക്കാരില്‍ എത്ര കേട്ടാലും മതിവരാത്ത ഇഷ്ടം തീര്‍ക്കുന്ന പാട്ടുകള്‍ തീര്‍ത്തിട്ടുള്ള രാഹുലിന്റെ ഈ ഗാനം നിഖില്‍ മാത്യുവാണ് ഭാവസാന്ദ്രമായി പാടിയത്. 

നിന്നുള്ളില്‍...

ഇഷ്ടം തോന്നിയ പെണ്ണിന് തിരിച്ചും അതു തന്നെ തോന്നാന്‍ വഴിപാടുകള്‍ വരെ കഴിക്കുന്ന വിരുതന്‍മാരുണ്ട്. അവള്‍ക്ക് മുമ്പിലൊന്നു ആളാകാന്‍, അവളുടെ ശ്രദ്ധ കിട്ടാന്‍ എന്തൊക്കെ പണികളാണ് ഇവര്‍ കാണിക്കുന്നത്. ആ രസികത്വം പലപ്പോഴും സിനിമകളിലും പാട്ടുകളിലും വന്നുപോയിട്ടുണ്ട്. അതുപോലെയാണ് പ്രേമസൂത്രത്തിലെ ഈ പാട്ടും. സ്‌കൂളുകളിലൊക്കെ പാടാറുള്ള പഴയൊരു ഈശ്വര പ്രാര്‍ഥനയുടെ ശൈലിയിലാണ് ഗോപി സുന്ദര്‍ ഈ പാട്ട് തീര്‍ത്തത്. ദൃശ്യങ്ങളിലെ ഹാസ്യത്തിനും അഭിനേതാക്കളുടെ പ്രകടനത്തിനുമപ്പുറം ഈണത്തില്‍ കാണിച്ച വ്യത്യസ്തതയാണ് പാട്ടിനെ ശ്രദ്ധേയമാക്കിയത്. ജിജു അശോകന്റെ വരികള്‍ മിഥുന്‍ ജയരാജ്, അരുണ്‍ ഗോപന്‍, സുധീഷ് കുമാര്‍, ഉദയ് രാമചന്ദ്രന്‍, കൃഷ്ണജിത്, സച്ചിന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് ആലപിച്ചത്.