Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്കപ്പാട്ട് ഹിറ്റായി, സയനോര ഹാപ്പി ആയി !

sayanora

പ്രശസ്ത പിന്നണി ഗായികയായ സയനോര ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി. ചിത്രത്തിലെ ചക്കപ്പാട്ട് എന്ന പേരിൽ പ്രശസ്തമായ ഗാനം വലിയ ഹിറ്റായിരുന്നു. യൂട്യൂബിൽ ഇൗ ഗാനം 10 ലക്ഷം ആളുകൾ കണ്ടതിന്റെ ആഹ്ലാദത്തിൽ സയനോരയും സുഹൃത്തും ഗായികയുമായ രാജലക്ഷ്മിയും ഇതേ ഗാനത്തിനായി ചുവടു വയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 

‘ചക്കപ്പാട്ട് 1 million views ആയെന്റെ സന്തോഷത്തിൽ നമ്മൾ ബെർതെ അതൊന്ന് എടുത്ത് സ്റെപ്പിടാൻ നോക്കിയതാ ! അപ്പൊ നമ്മള രാജി പെണ്ണിന് ഒരു പൂതി ..മൂപ്പർക്കും കൂടണം ന്ന് ! അപ്പൊ പിന്നെ ആയിക്കോട്ടെ ന്നു ഞമ്മളും പറഞ്ഞു. ഡാൻസ് മാഷ്, ആ മുന്നിൽ തുള്ളുന്ന ചുള്ളൻ ചെക്കൻ. നമ്മളെ സ്വന്തം അജയ്.. നേരെ ഇപ്പുറത്തു മൂപ്പർടെ ഏട്ടൻ, കുട്ടൻ പിള്ളക്ക് കീപ്രോഗ്രാമ്മിങ് ചെയ്ത വല്യ മുന്തിയ പിയാനിസ്റ്റ്റാ, വർക്കിച്ചൻ .. പിന്നെ ആ മൊഞ്ചത്തി കുട്ടി ഇല്ലേ? അതിന്റെ പേര് പൂജ ..വന്പൻ ഡാൻസറാ ! ഫുൾ സ്റ്റെപ്പ് ഒന്നും ഒപ്പിക്കാൻ പറ്റീട്ടില്ല ഡേയ് ! മ്മളെ കൊണ്ട് ഇത്രേ പറ്റൂ.. ഇഷ്ടായാ ബെറുതെ ഒരു ഷെയർ ഇട്ടോളീ! മടിക്കേണ്ട’ വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് സയനോര കുറിച്ചത് ഇങ്ങനെയാണ്.  

ഫെബ്രുവരി 22–നാണ് ചക്കപ്പാട്ട് യൂട്യൂബിൽ‌ എത്തുന്നത്. നാടൻ ഇൗണമുള്ള പാട്ടിന്റെ വരികൾ രചിച്ചത് അൻവർ അലിയാണ്. സന്നിധാനന്ദനും ആർ.ജെ. നിമ്മിയും ചേർന്നാണ് ഗാനം ആലപിച്ചത്. ഇതു കൂടാതെയുള്ള ചിത്രത്തിലെ മറ്റു രണ്ടു ഗാനങ്ങൾക്കും ഇൗണം കൊടുത്തത് സയനോരയാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചതും സയനോര തന്നെ. സുരാജ് വെഞ്ഞാറമ്മൂട് പ്രധാന വേഷത്തിലെത്തിയ ചിത്രം തീയറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്.