Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘യേശുദാസിന്റെ ശബ്ദത്തിലാണ് ആദ്യം പാടി അഭിനയിച്ചത്, ഷൂട്ടിനു മുമ്പുള്ള ദിവസങ്ങൾ ഉറങ്ങിയിട്ടില്ല’

ആദ്യമായി സിനിമയിൽ പാടി അഭിനയിച്ച അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി. മേള എന്ന ചിത്രത്തിലാണ് ആദ്യമായി പാടി അഭിനയിച്ചതെന്നും യേശുദാസിന്റെ പാട്ടാണെന്ന് അറിഞ്ഞതോടെ മുന്നു നാലു ദിവസങ്ങൾ ഉറങ്ങാൻ സാധിച്ചില്ലെന്നും മമ്മൂട്ടി പറഞ്ഞു. മഴവിൽ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

മറക്കാനാകാത്ത പാട്ടിനെക്കുറിച്ച് പരിപാടിയുടെ അവതാരകയായ ആര്യ ചോദിച്ചപ്പോഴാണ് മമ്മൂട്ടി തന്റെ ആദ്യ ഗാനത്തെക്കുറിച്ച് പറഞ്ഞത്. ‘മേള എന്ന സിനിമയിലാണ് ഞാൻ ആദ്യമായി ഒരു പാട്ട് പാടി അഭിനയിക്കുന്നത്. യേശുദാസാണ് ആ പാട്ട് പാടിയത്. മനസ്സൊരു മാന്ത്രിക കുതിരയായി പായും എന്ന എം.ബി. ശ്രീനിവാസ് ഇൗണമിട്ട ഗാനം. ഇൗ പാട്ടു കേട്ട് കഴിഞ്ഞ കുറെ ദിവസങ്ങൾ എനിക്ക് ഉറങ്ങാൻ‌ സാധിച്ചില്ല. ഇൗ പാട്ട് എന്റെ കാതിൽ മുഴങ്ങുകയായിരുന്നു. ഞാനിതെങ്ങനെ പാടും എന്ന ചിന്ത എന്നെ അലട്ടി’ മമ്മൂട്ടി പറഞ്ഞു. 

‘യേശുദാസിനെ ഞാൻ അന്നു ദൂരെ നിന്ന് കണ്ടിട്ടേയുള്ളൂ. ഞാനാരോടിത് പറയും ? യേശുദാസ് എനിക്കു വേണ്ടി പാടുകയാണെന്ന് എനിക്ക് അറിയാവുന്നവരോടൊക്കെ ഞാൻ പറഞ്ഞു. കൂട്ടുകാരോടും വീട്ടുകാരോടും ഒക്കെ. ഷൂട്ടിങ് സമയത്ത് അതിനെക്കാൾ ടെൻഷനായിരുന്നു. സർക്കസ് കൂടാരത്തിലാണ് ചിത്രീകരണം. വെളുപ്പിന് രണ്ട് മണിക്കാണ് തുടങ്ങുന്നത്. അങ്ങനെ അഞ്ചാറു ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. പാടി അഭിനയിച്ചുള്ള ശീലമൊന്നും എനിക്കില്ലായിരുന്നു. യഥാർഥ ജീവിതത്തിൽ ആരും വഴിയിൽ കൂടി പാടിക്കൊണ്ട് നടക്കാറില്ലല്ലോ. അതു കൊണ്ട് കണ്ടു പഠിച്ചതും മറ്റു സിനിമകളിൽ നിന്നാണ്. ഇൗ അനുഭവമാണ് ആ പാട്ടിനെ ഒരിക്കലും മറക്കാനാവാത്ത ഒന്നാക്കുന്നത്’ മമ്മൂട്ടി കൂട്ടിച്ചേർത്തു.