Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എപ്പോഴും ചിരിച്ചിരുന്ന ശാന്തിക്കായി സൗമ്യ പാടി !

bijibal-santhi

നമ്മളീ കണ്ണുകള്‍ കൊണ്ട് കാണുന്നതിനുമപ്പുറമൊരു ലോകമുണ്ടോ... നമ്മള്‍ക്കിടയില്‍ നിന്ന് നമ്മളോടു ചോദിക്കാതെ അപ്രതീക്ഷിതമായി പാറിപ്പോയവര്‍ അവിടെയുണ്ടാകുമോ....അറിയില്ല. എങ്കിലും ഒന്നുറപ്പാണ് മിന്നുന്ന പുഞ്ചിരിയുള്ള നക്ഷത്രമായും ചിത്രശലഭമായും പൂവായും മേഘമാലകളായും പുനര്‍ജനിച്ച് നമ്മളറിയാതെ അവര്‍ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയുള്ളൊരു ചിത്രശലഭത്തിനു പിറന്നാള്‍ സമ്മാനമായാണ് ഈ പാട്ടു വന്നത്. മയീ മീനാക്ഷി...ഹൃദയംകൊണ്ടു തീര്‍ത്ത ഈ സംഗീത സൃഷ്ടി സംഗീത സംവിധായകന്‍ ബിജിബാലിന്റേതാണ്. പ്രിയതമ ശാന്തിയുടെ പിറന്നാള്‍ ദിനത്തില്‍ അവര്‍ക്കു സമ്മാനമായി ബിജിബാല്‍ നല്‍കിയത്. ആ പാട്ട് പാടിയ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ഗായിക സൗമ്യ രാമകൃഷ്ണന്‍. ഹൃദയംകൊണ്ടു തീര്‍ത്ത ഈണത്തില്‍ സ്വരമാകാനാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍...

ബിജിബാല്‍ സാറില്‍ നിന്നു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാനീ പാട്ടിനെ കാണുന്നത്. അത് പ്രിയപ്പെട്ട ശാന്തി ചേച്ചിക്ക് വേണ്ടിയുള്ളതാകുമ്പോള്‍ ഒരുപാടിഷ്ടം. ജീവിതത്തിന് മൂല്യം നല്‍കുന്ന എന്തെങ്കിലുമൊരു കാര്യം നടക്കണമേയെന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. വെറുതെയങ്ങ് ജീവിച്ചു മരിക്കാനിടവരരുതേ എന്ന് എപ്പോഴും ചിന്തിച്ചിരുന്നു.  എനിക്ക് അങ്ങനെയൊരു സന്തോഷം പകര്‍ന്ന പാട്ടാണ് മയീ മീനാക്ഷി. ഇക്കാലയളവിനിടയില്‍ കുറേ പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ പാട്ട്. മുന്‍പൊരിക്കലും തോന്നിയിട്ടില്ലാത്തൊരു ആത്മസംതൃപ്തി, നമ്മള്‍ എന്തോ വിശിഷ്ടമായൊരു കാര്യം ചെയ്തു എന്നൊരു തോന്നലുണ്ടായ ഗാനമാണത്. 

bijibal-shanthi ബിജിബാലും ശാന്തിയും

 

മയീ മീനാക്ഷി മധുര മീനാക്ഷിയെ കുറിച്ചുള്ളൊരു കീര്‍ത്തനമാണ്. ദേവീ കീര്‍ത്തനങ്ങളുടെ ഒരു പുസ്തകത്തില്‍ നിന്ന് തിരഞ്ഞെടുത്തത്. സാറിന്റെ തന്നെ ആശയമായിരുന്നു അത്തരമൊരു പാട്ട് വേണമെന്ന്. ബിജിബാല്‍ സര്‍ തന്നെ തിരഞ്ഞെടുത്തതാണ്. ആ പുസ്തകത്തില്‍ നിന്ന് ആദ്യമേ തന്നെ കണ്ണിലുടക്കിയ കീര്‍ത്തനമാണിത്. ആ കീര്‍ത്തനം പാട്ടായി വന്നപ്പോഴാണ് സര്‍ പറയുന്നത് ചേച്ചിക്ക് ഏറെ ഇഷ്ടമുള്ള ദേവിയായിരുന്നു മധുരമീനാക്ഷിയെന്ന്. സമയം കിട്ടുമ്പോള്‍ പോകാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളിലൊന്നായിരുന്നു. ഒരു അവസരം കിട്ടിയാല്‍ എന്തു വിലകൊടുത്തും അങ്ങോട്ടേക്ക് പോകുമായിരുന്നു ചേച്ചി. ഇപ്പോള്‍ ആലോചിച്ചു നോക്കുമ്പോള്‍ എനിക്കത് യാദൃശ്ചികമായി തോന്നുന്നു. കാരണം, ഈ പാട്ടിലെ വരികളിലൊന്നിന്റെ അര്‍ഥം മനോഹരമായ പുഞ്ചിരി കൊണ്ട് എല്ലാ വിഘ്‌നങ്ങളേയും ഇല്ലാതാക്കുന്നു ആ ദേവി എന്നാണ്. ശാന്തി ചേച്ചിക്കും മനോഹരമായ ചിരിയായിരുന്നു. അതിമനോഹരമായത്. ഒരു വട്ടം കണ്ടാല്‍ ആരും മറക്കാത്ത വ്യക്തിത്വം. ചേച്ചി അടുത്തില്ലെങ്കിലും ആ പുഞ്ചിരി നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ആ അമ്പലത്തിനെ കുറിച്ചുള്ള പാട്ടുകളിലേയും എഴുത്തുകളിലേയും വരികളിലെല്ലാം ആ പുഞ്ചിരിയെ കുറിച്ച് പറയുന്നുണ്ട്. ശാന്തി ചേച്ചിയെ കുറിച്ചോര്‍ക്കുമ്പോഴും ആദ്യം ഓര്‍മ്മ വരുന്നത് ആ ചിരി മാത്രമാണ്. 

686104430 ബിജിബാലും ശാന്തിയും

 

എപ്പോള്‍ ഏത് പാട്ട് പാടാന്‍ പോയാലും ഒരു തുടക്കക്കാരിക്കെന്ന പോലെ പാട്ടിലെ ഓരോ ചെറിയ ഘടകങ്ങളെ കുറിച്ചും സര്‍ പറഞ്ഞു തരും. എങ്ങനെ പാടണം എന്നതിനപ്പുറം സംഗതികളെ കുറിച്ച് വ്യക്തമായി പറയും. മുന്‍പത്തെ പാട്ടുകളേക്കാള്‍ ഏറെ സ്പെഷ്യല്‍ എന്ന തരത്തിലായിരുന്നു ഇതിനു നല്‍കിയ ട്രീറ്റ്മെന്റ്. മൂന്നു രാഗങ്ങളിലായാണ് പാട്ട്് ചിട്ടപ്പെടുത്തിയിരുന്നത്. വസന്ത, മോഹനം, പന്തുവരാളീ എന്നീ രാഗങ്ങളിലെ പാട്ടാണ് ഇത്. ആ രാഗത്തിന്റെ ഭാവഭംഗി ഉള്‍ക്കൊണ്ട് ആധികാരികമായി പാടണം എന്നായിരുന്നു സാറിന്റെ നിര്‍ദ്ദേശം. സ്തുതിയില്‍ നിറയുന്ന ആത്മവിശ്വാസവും ഊര്‍ജ്ജവും അതേപടി ഉള്‍ക്കൊണ്ട് ആധികാരികമായി പാടുക എന്നായിരുന്നു പറഞ്ഞിരുന്നത്. കേള്‍ക്കുന്നവരില്‍ വളരെ പോസിറ്റീവ് ആയി മാത്രം സംവദിക്കണം എന്നത് മനസ്സില്‍ വച്ചാണു പാടിയത്.

bijibal-and-wife-santhi ബിജിബാലും ശാന്തിയും

 

ഞാന്‍ സാറിനൊപ്പം ഡൗണ്‍ ടു എര്‍ത്ത് എന്ന ബാന്‍ഡിലും നിരവധി മ്യൂസിക് വിഡിയോകളിലുമൊക്കെ പാടിയിട്ടുണ്ട്. പക്ഷേ ഈ വിഡിയോയുടെ കാര്യത്തില്‍ പാട്ടിനപ്പുറം, കൊറിയോഗ്രഫി, കാമറ, കളറിങ്, വ ്‌സ്ത്രാലങ്കാരം തുടങ്ങി എല്ലാ ഘടകങ്ങളിലും സാറിന്റെ മനസ്സില്‍ ഉറച്ചൊരു നിലപാടുണ്ടായിരുന്നു. മുമ്പ് സാറിന്റെ വിഡിയോകള്‍ ചെയ്ത ടീം തന്നെയായിരുന്നു ഇത്തവണയും. സാറുമായി സ്ഥിരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ പ്രൊഫഷണലിസത്തേക്കാള്‍ സ്നേഹബന്ധമാണ് മുന്നില്‍ നില്‍ക്കുക. അപ്പോള്‍ ഓരോ അഭിപ്രായം അദ്ദേഹം പറയുമ്പോള്‍ അത് നടപ്പിലാക്കാന്‍ എല്ലാവരും അത്രമാത്രം ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും.അതു തന്നെയായിരുന്നു, അല്ലെങ്കില്‍ അതിനേക്കാള്‍ ഉയരത്തിലുള്ള ആത്മസമര്‍പ്പണത്തോടെയാണ് ഓരോരുത്തരും വിഡിയോയ്ക്കായി നിന്നത്. 

 

ഡാന്‍സ് സിറ്റിയിലെ ശ്രീജിത്തും ശിഷ്യരുമായിരുന്നു നൃത്തത്തില്‍.  സകലദേവനുതേ എന്ന പാട്ടിനൊപ്പം ശാന്തി ചേച്ചി നൃത്തം ചെയ്യുന്ന വിഡിയോയിലെ ഏറ്റവും മനോഹരമായ എക്സ്പ്രെഷനുകളും ഈ കുട്ടികളുടെ ഡാന്‍സും ചേർത്തു വച്ച് വിഡിയോ എഡിറ്റ് ചെയ്തത് ബിജിത് ബാലയാണ്. ശാന്തി ചേച്ചി ചെയ്ത ക്ലാസിക്കല്‍ ഡാന്‍സും ഈ കുട്ടികള്‍ ചെയ്ത കണ്ടംപററി ഡാന്‍സുമാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. പക്ഷേ ശാന്തി ചേച്ചിയെ കാണിക്കുന്ന നേരം ചേച്ചിയുടെ ഭാവത്തിന്റെ തുടര്‍ച്ചയെന്നോളമായിരുന്നു കുട്ടികളുടെ ഡാന്‍സ്. കൊറിയോഗ്രഫി ചെയ്ത ശ്രീജിത് അങ്ങനെയാണ് ചിട്ടപ്പെടുത്തിയത്. അതുകൊണ്ടു തന്നെ പാട്ടിനെ കുറിച്ച് സംസാരിക്കാന്‍ വിളിച്ചവരെല്ലാം ഇത് മുന്‍പ് ചെയ്ത വിഡിയോയാണോ എന്നു ചോദിച്ചിരുന്നു. എഡിറ്റിങ്ങിന്റെയും കൊറിയോഗ്രഫിയുടെയും ഗ്രാഫിക്‌സിന്റെയും കഴിവാണത്. സാറിന്റേതാണ് സംഗീതവും ആശയവും സംവിധാനവുമെല്ലാം. രജിമയായിരുന്നു വസ്ത്രാലങ്കാരം. പ്രശാന്തിന്റേതായിരുന്നു ഛായാഗ്രഹണം. കൊച്ചിയിലെ യെസ് സ്റ്റുഡിയോയുടേതായിരുന്നു ഗ്രാഫിക്‌സ്. എല്ലാവരും സാറിന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ചു. അതുകൊണ്ടു തന്നെ വിഡിയോ കണ്ടവരുടെ പ്രതികരണവും അതുപോലെ തന്നെയായിരുന്നു. ഒരുപാട് ആത്മസംതൃപ്തി തരുന്ന വാക്കുകളാണ് പലരും പറഞ്ഞത്. 

soumya-ramakrishnan-photos സൗമ്യ രാമകൃഷ്ണൻ

 

എന്തുകൊണ്ടാണ് ഈ വിഡിയോയ്ക്ക് ഇത്രമാത്രം ആളുകളുടെ ഇഷ്ടം നേടാനാകുന്നതെന്നു ചോദിച്ചാല്‍ എനിക്കൊരു ഉത്തരമേയുള്ളൂ. ബിജിബാല്‍ സര്‍ ഹൃദയവും മനസ്സും ഒരുപോലെ സമര്‍പ്പിച്ച സൃഷ്ടിയാണിത്. ശാന്തി ചേച്ചി എനിക്കെന്നും ഒരു വണ്ടര്‍ ഗേള്‍ ആയിരുന്നു. 2002 മുതല്‍ക്കേ ഞാന്‍ ബിജിബാല്‍ സാറിനേയും ശാന്തി ചേച്ചിയേയും കാണുന്നു. എങ്ങനെയാണ് ഒരു സ്ത്രീയ്ക്ക് ഇത്രമാത്രം മനസ്സറിഞ്ഞ് എല്ലാവരോടും ചിരിക്കാനും അവരുടെ പോസിറ്റീവും നെഗറ്റീവും മനസ്സിലാക്കിക്കൊണ്ടു തന്നെ ആത്മാര്‍ഥമായി സ്നേഹിക്കാനും കഴിയുന്നുവെന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. എല്ലാവരോടും ഒരുപോലെയാണ്. ആ ചിരി എത്രമാത്രം ഊര്‍ജ്ജസ്വലവും ആകര്‍ഷണമുള്ളതുമായിരന്നുവെന്ന് എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്. ആ സ്റ്റുഡിയിലേയ്ക്കും വിട്ടിലേക്കും പിന്നെ അങ്ങേയറ്റം സന്തോഷത്തോടെ, മുന്‍പത്തേക്കാള്‍ കരുത്തോടെ ബന്ധിപ്പിച്ചു നിര്‍ത്തുന്നത് ആ ചിരിയാണ്. മരണം ഇത്രമാത്രം പോസിറ്റീവ് ആയി എല്ലാവരുടെ ജീവിതത്തിനേയും സ്വാധീനിക്കണമെങ്കില്‍ ജീവിച്ചിരുന്നപ്പോള്‍ എത്രമാത്രം നല്ലൊരു വ്യക്തിയായിരിക്കണം എന്ന് ഊഹിക്കാമല്ലോ. ഉള്ളിലൊലൊരുപാട് വേദനയാണ് ആ സത്യമെങ്കിലും പോസിറ്റീവ് ആയി എന്നെ പോലും മുന്നോട്ട് നയിക്കണമെങ്കില്‍ എത്രമാത്രം നല്ല വ്യക്തിത്വമായിരുന്നിരിക്കണം എന്ന് പറയേണ്ടതില്ലല്ലോ. കരയാനല്ല പഠിപ്പിക്കുന്നത്...അതാണ് ആ ജീവിതം എല്ലാവരിലേക്കും പകരുന്നത്. സാറിപ്പോള്‍ എഴുതാറില്ലേ...മൈ സ്മൈലിങ് ഗേള്‍ എന്ന്. അതാണ് ഏറ്റവും ശരിയായ പദം. അങ്ങനെ തന്നെയാണ് ചേച്ചി ഇപ്പോഴും എപ്പോഴും എല്ലാവരുടെയും ജീവിതത്തിലുണ്ടാകുക...സൗമ്യ പറഞ്ഞു.

 

ഇങ്ങനെ ഈ ഭൂമി വിട്ടകന്ന് മറ്റൊരു ലോകത്തേക്കു പോയിക്കഴിഞ്ഞാലും പ്രകാശം ചൊരിഞ്ഞു കൊണ്ടു നിലകൊള്ളണമെങ്കില്‍ അവരൊക്കെ എത്രമാത്രം തേജസ്സാര്‍ന്ന ജീവിതമായിരിക്കണം നയിച്ചിരിക്കുക. അങ്ങനെയൊരു ജീവിതത്തിനുള്ള ഏറ്റവും അര്‍ഥവത്തായ സമര്‍പ്പണം തന്നെയായിരുന്നു മയീ മീനാക്ഷി എന്ന സംഗീത സൃഷ്ടി...