Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഗപ്പാട്ടിന്റെ താളത്തിൽ കൊച്ചുണ്ണി വരുന്നു

kayamkulam-kochunni-trailer

നിവിൻ പോളി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിൽ ഇത്തിക്കര പക്കിയായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ എത്തുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. കായംകുളം കൊച്ചുണ്ണിയെ പറ്റി ഗോപീ സുന്ദർ പറയുന്നത് ഇങ്ങനെ. 

"മലയാളത്തിന്റെ ബാഹുബലി എന്ന് വിശേഷിപ്പിക്കാവുന്ന കായംകുളം കൊച്ചുണ്ണി പോലൊരു ചിത്രം ഇനി ജീവിതത്തിൽ ഉണ്ടാകുമോയെന്ന് ഉറപ്പ് പറയാൻ ആകില്ല. അതിഗംഭീര പെർഫോമൻസും എല്ലാ വിഭാഗങ്ങളിലും പ്രഗത്ഭരായ കലാകാരന്മാരുമാണ് ഉള്ളത്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇങ്ങനെയൊരു ചിത്രം ഉണ്ടാകുന്നതിലും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ഒരു സംഗീത സംവിധായകനെന്ന നിലയിലും ഒരു ടെക്‌നീഷ്യൻ എന്ന നിലയിലും ഞാൻ വളരെ സന്തോഷവാനാണ്.

ചിത്രത്തിൽ ഒരു പ്രണയഗാനവും ഒരു ഐറ്റം സോങ്ങുമുണ്ട്. വിജയ് യേശുദാസും ശ്രേയാ ഘോഷാലും ചേർന്നാണ് പ്രണയഗാനം ആലപിച്ചിരിക്കുന്നത്. ആ ഗാനം സൂപ്പർഹിറ്റായി തീരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഐറ്റം സോങ്ങ് എന്ന് പറയുമ്പോൾ ഒരു അടിപൊളി പാട്ട് അല്ല. മറിച്ച് ഒരുപാട് അദ്ധ്വാനം വേണ്ടിവന്ന ഒരു ഗാനമാണ് അത്. പുഷ്പവതിയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. പഴയ നാഗപ്പാട്ടിനെ ഓർമപ്പെടുത്തുന്നതിനോടൊപ്പം പഴയ വെസ്റ്റേൺ ക്ലാസ്സിക്കൽ സ്പാനിഷ് സ്വാഭാവവുമെല്ലാം ഉൾപ്പെടുത്തിയ ഒരു പുതിയ മിക്‌സാണ് ആ ഗാനം. ഞാൻ ഇത്രയധികം ശ്രദ്ധ ചെലുത്തിയ മറ്റൊരു ആൽബം ഇല്ലായെന്ന് തന്നെ പറയാം.

ഒരു അടിപൊളി പാട്ട് മലയാളത്തിൽ ചെയ്യുക, അത് ഹിറ്റാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. മലയാളത്തിൽ ഒരു ഐറ്റം സോങ്ങ് ഹിറ്റാകണമെങ്കിൽ അതിന്റെ ഉള്ളടക്കം, സഹചര്യം എന്നിങ്ങനെ പല ഘടകങ്ങളും ഒത്തുചേരേണ്ടതായിട്ടുണ്ട്. അതെല്ലാം ഒത്തിണങ്ങിയ രു ഗാനമാണ് ഇത്. അതിനാൽ തന്നെ ഈ ഐറ്റം സോങ്ങ് ഹിറ്റാകുമെന്ന് ഉറപ്പുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് വെസ്റ്റേൺ ക്ലാസിക്കൽ എലമെന്റ്സിനൊപ്പം തന്നെ നാടൻ സ്വഭാവമുള്ള, കാലഹരണപ്പെട്ട് പോയ ഒരുപാട് പഴയ സംഗീതോപകരണങ്ങൾ ഉപയോഗിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇവയെല്ലാം കൃത്യമായ അനുപാതത്തിൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

അതുപോലെ തന്നെ ഇതിന്റെ കപ്പിത്താൻ റോഷൻ ആൻഡ്രൂസ്, ഇതിന്റെ 'ആധാരശ്രുതി' എന്ന് വിളിക്കപ്പെടുന്ന സഞ്ജു. ഇവരുടെ സ്ക്രിപ്റ്റ്. ഈ ഒരു ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യാൻ എന്നെ തിരഞ്ഞെടുത്തതിന് ഞാൻ റോഷൻ ആൻഡ്രൂസ് സാറിനോടുള്ള എന്റെ നന്ദി അറിയിക്കുകയാണ്. അദ്ദേഹത്തിന് എന്നോടുള്ള വിശ്വാസം വളരെ വലുതാണ്. ഇതുവരെ അതിനൊരു കോട്ടവും തട്ടാൻ ഞാൻ സമ്മതിച്ചിട്ടില്ല. നോട്ട്ബുക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെ ആദ്യമായി സിനിമ ലോകത്തേക്ക് കടന്നുവരുവാൻ എനിക്ക് അവസരം തന്നത് അദ്ദേഹമാണ്. ദിനരാത്രങ്ങളായി കായംകുളം കൊച്ചുണ്ണിയെ ഒരു വലിയ ചിത്രമാക്കാൻ ഉള്ള  ശ്രമത്തിൽ തന്നെയായിരുന്നു. മറ്റു പല ഭാഷകളിലേക്കും ചിത്രം റീമേക്ക് / ഡബ്ബിങ് നടത്തുന്നുണ്ടെന്ന് അറിയാൻ സാധിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി എന്ന ഈ ചിത്രം ഒരു വലിയ വിജയമായി തീരട്ടെ എന്ന ആഗ്രഹിക്കുന്നു..പ്രാർത്ഥിക്കുന്നു."

ഉദയനാണ് താരം മുതൽ റോഷൻ ആൻഡ്രൂസിന്റെ എല്ലാ ചിത്രങ്ങളിലും ഗോപി സുന്ദർ തന്നെയാണ് സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. അവർ ഇരുവരും തമ്മിൽ നല്ലൊരു കെമിസ്ട്രി നിലനിർത്തിപ്പോരുന്നുണ്ട്. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ മനസിൽ ഒരുക്കുന്ന ആശയങ്ങൾക്ക് ഒരു പാടി കൂടി മുകളിൽ നിൽക്കുന്ന ഒരു റിസൾട്ടാണ് ഗോപി സുന്ദർ ഓരോ തവണയും പകർന്ന് നൽകിയിട്ടുള്ളത്. ഗാനങ്ങളുടെ ഈണം പോലെ തന്നെ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ് അതിന്റെ വരികളും.

ട്രെയിലറിൽ 'കളരിയടവും ചുവടിനഴകും കണ്ടൂ ഞാൻ...' എന്ന ആ വരികൾ കേൾക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് അതിന് പിന്നിൽ ആരെന്ന് ഒരു സംശയം ഉണർന്നിട്ടുണ്ടാകും. സംവിധായകൻ റോഷൻ ആൻഡ്രൂസിനെ ഞെട്ടിച്ച ഒരു കലാകാരനാണ് അദ്ദേഹം. പേര് ഷോബിൻ കണ്ണങ്ങാട്ട്. പലരേയും കൊണ്ട് പ്രണയഗാനവും ഐറ്റം സോങ്ങും എഴുതിച്ചു നോക്കിയെങ്കിലും ഒന്നും തന്നെ ശരിയാകാത്തതിനാൽ സംവിധായകൻ വിഷമിച്ചിരുന്ന അവസ്ഥയിലാണ് അദ്ദേഹത്തിന്റെ ഭാര്യ സ്ഥിരം അവസരം ചോദിച്ചുവരുന്ന ഷോബിൻ എന്നയാളുടെ കാര്യം അദ്ദേഹത്തെ ഓർമിപ്പിച്ചത്. അർജുനൻ മാസ്റ്ററാണ് ഷോബിനെ റോഷൻ ആൻഡ്രൂസിന്റെ പക്കലേക്ക് അയച്ചത്. അഞ്ച് വർഷത്തോളമായിരുന്നു ഷോബിൻ അവസരം ചോദിച്ചു വരാൻ തുടങ്ങിയിട്ട്. സംവിധായകൻ ഷോബിനെ വിളിച്ചുവരുത്തി പ്രണയഗാനത്തിന്റെ ഒരു ഐഡിയ പറഞ്ഞുകൊടുത്തു. അപ്പോൾ തന്നെ സംവിധായകനെ ഞെട്ടിച്ച് ഷോബിൻ ഗാനത്തിന്റെ നാലഞ്ച് കാര്യങ്ങൾ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുകയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ആ ആശയങ്ങളെ വരികളാക്കി തീർക്കുകയും ചെയ്‌തു. ഒരു പാട്ട് കൊടുക്കുവാൻ വിളിച്ചുവരുത്തിയ ഷോബിന് രണ്ടു പാട്ടുകളാണ് റോഷൻ ആൻഡ്രൂസ് നൽകിയത്. കായംകുളം കൊച്ചുണ്ണിയിലെ ഗാനങ്ങൾ പുറത്തിറങ്ങുന്നതോട് കൂടി മലയാളത്തിലെ മികച്ച ഗാനരചയിതാക്കളുടെ ശ്രേണിയിലേക്ക് ഷോബിൻ കണ്ണങ്ങാട്ട് എന്ന ചെറുപ്പക്കാരനും എത്തുമെന്നുള്ളത് തീർച്ചയാണ്. 

തയ്യാറാക്കിയ ഗാനങ്ങൾ ആവർത്തിച്ച് കേട്ട് ഓരോ വരിയിലും ഓരോ ഷോട്ടിലും എന്തൊക്കെ ചിത്രീകരിക്കാമെന്നുള്ള ഒരു വ്യക്തമായ ധാരണ സംവിധായകൻ റോഷൻ ആൻഡ്രൂസ് തയ്യാറാക്കിയിരുന്നു. അതിനാവശ്യമുള്ള ചിത്രങ്ങളും സ്റ്റിൽസും എല്ലാം മുൻകൂട്ടി തന്നെ തയ്യാറാക്കിയിരുന്നു. ഓരോ പാട്ടും എങ്ങനെ ചിത്രീകരിക്കണമെന്ന് കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കിയതിന് ശേഷം മാത്രമാണ് ഷൂട്ടിങ്ങ് നടത്തിയത് തന്നെ. പല ദിവസങ്ങളിലായി വ്യത്യസ്ഥ സമയങ്ങളിൽ എടുക്കേണ്ട ഒന്നായിരുന്നു 'കളരിയടവും' എന്ന പ്രണയഗാനം. ഐറ്റം സോങ്ങ് വളരെയേറെ വ്യത്യസ്ഥത നിറഞ്ഞതായിരിക്കണം എന്നുള്ള തീരുമാനം കൊണ്ടാണ് ബ്രിട്ടീഷുകാരെയും ഉൾപ്പെടുത്തി ബാഹുബലി ഫെയിം നോറ ഫത്തേഹിയെ വെച്ച് ഐറ്റം സോങ്ങ് ഒരുക്കിയത്. റഫീഖ് അഹമ്മദ് എഴുതിയ മറ്റൊരു ഗാനം കൂടി ചിത്രത്തിലുണ്ട്. ഇങ്ങനെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.