Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഴ്ചയില്ല; പക്ഷെ, ഈ ആനമുത്തശിക്ക് സംഗീതം ജീവനാണ്

elephantmusic

ആർക്കാണ് സംഗീതം ഇഷ്ടമല്ലാത്തത്? മനുഷ്യനു മാത്രമല്ല, മൃഗങ്ങൾക്കും ഇഷ്ടമാണ് മനോഹര സംഗീതം. അതിനു പ്രായവും പരിധിയിലുമില്ല. ഇവിടെ അങ്ങനെയൊരു ആസ്വാദകയെ പരിചയപ്പെടുത്തുകയാണ് പ്രശസ്ത ബ്രിട്ടീഷ് പിയാനിസ്റ്റ് പോൾ ബാർട്ടന്‍. ബാർട്ടന്റെ പിയാനോ സംഗീതത്തിൽ മുഴുകി നിൽക്കുകയാണ് ഒരു ആനമുത്തശി. 62 വയസുണ്ട് ഈ പിടിയാനയ്ക്ക്. 

തായ്‌ലന്റിലെ 'എലിഫ്ന്റ് വേൾഡി'ലായിരുന്നു ആ സംഗീത വിരുന്ന്. തീറ്റതേടി നടക്കുകയായിരുന്നു  ആനമുത്തശി. അവിടെയെത്തിയ ബാർട്ടന് ഒരു മോഹം. മുത്തശിയെ ഒന്ന് പിയാനോ കേൾപ്പിക്കണം. പതുക്കെ അടുത്തുചെന്ന് വിളിച്ചു. ബാർട്ടന്റെ കൂടെ വന്നു മുത്തശി. പിന്നെ നേരെ പിയാനോയുടെ അടുത്തേക്ക്. ബാർട്ടൻ പിയാനോയിൽ സംഗീതം തുടങ്ങി. ഇടയ്ക്കൊക്കെ കണ്ണുകള്‍ അങ്ങനെ പാതിയടച്ച് ചെവിയാട്ടി ആനമുത്തശി പിയാനോ ഈണത്തിൽ മുഴുകി. സംഗീതത്തന്റെ താളം മാറുന്നതിനനുസരിച്ച് ആസ്വാദനത്തിലുമുണ്ട് മാറ്റം. ചിലപ്പോഴൊക്കെ ചുവടുവച്ചു. ശരീരം ആ താളത്തിനൊത്ത് ഇളക്കി. അങ്ങനെ ആസ്വാദനം അങ്ങ് മൂർധന്യത്തിൽ. 

'അവൾക്ക് കാഴ്ച ശക്തിയില്ല. പക്ഷെ, നല്ല കേൾവിക്കാരിയാണ്'.ബാർട്ടൻ പറയുന്നു. വാർധക്യത്തിന്റെ അസ്വസ്ഥതകളുണ്ട്. പക്ഷെ സംഗീതം ക്ഷമയോടെ കേട്ടു നിൽക്കും. ശാന്തശീലയായി തലയും തുമ്പിക്കൈയുമൊക്കെ ആട്ടും. ഇടക്കിടെ താളത്തിനൊത്തുള്ള ചില ചുവടുവെപ്പും കാണാമെന്നും ബാർട്ടൻ പറയുന്നു. ബാർട്ടൻ ഷെയർ ചെയ്ത വിഡിയോ ഇപ്പോൾ വൈറാലായി

ലാം ഡുവാൻ എന്നാണ് പേര്. സംഗീതം ആസ്വദിക്കുന്നതു കണ്ടാൽ പ്രായം തോന്നില്ല. അൽപം കുസൃതിയുള്ള ഒരു കുട്ടിയാന ആണെന്നേ പറയൂ. വാർക്യത്തിന്റെ ചെറിയ അവശതകളുണ്ടെങ്കിലും ലാം മുത്തശി ആൾ ഉഷാറാണ്. അസുഖബാധിതരും പ്രായമേറിയതുമായ ആനകളെ സംരക്ഷിക്കുന്ന സ്ഥലമാണ് തായ്‌ലന്റിലെ ഈ 'ആനലോകം'. 62 ആനകളാണ് ഇവിടത്തെ അന്തേവാസികൾ.