ഇനി പ്രിയങ്ക പാടും; നിക്കിനു വേണ്ടി

അമേരിക്കൻ ഗായകൻ നിക്ക് ജോനാസും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും തമ്മിലുള്ള പ്രണയകഥ ആരാധകർ പാടി നടക്കാൻ തുടങ്ങിയിട്ടു നാളേറെയായി. ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞു എന്നുവരെയുള്ള വാർത്തകൾ പുറത്തുവന്നു. എന്നാലിപ്പോൾ പുറത്തു വരുന്ന വാര്‍ത്ത സംഗീത ആസ്വാദകർക്കുകൂടി സന്തോഷം പകരുന്നതാണ്.

നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും ഒരുമിച്ച് ഒരു ഗാനം ആലപിക്കാൻ പോകുന്നു. ഇതിനുള്ള ശ്രമങ്ങൾ നിക്ക് ആരംഭിച്ചതായാണ് വിവരം. എന്നാൽ, ആൽബത്തിൽ പ്രിയങ്ക അഭിനയിക്കില്ല. പകരം ശബ്ദം നൽമുമെന്നാണ് നിക്ക് ജോനാസിനോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. 

നല്ല അഭിനേത്രി മാത്രമല്ല, നല്ലൊരു ഗായിക കൂടിയാണെന്നു നേരത്തെ തന്നെ തെളിയിച്ചതാണ് പ്രിയങ്ക. 2012ല്‍ 'മൈ സിറ്റി' എന്ന സംഗീത ആൽബം  പ്രിയങ്ക പുറത്തിറക്കിയിരുന്നു. പ്രിയങ്ക തന്നെയായിരുന്നു ആലാപനവും. സ്വന്തം മറാത്തി ചിത്രമായ 'വെന്റിലേറ്ററി'ലും ഒരു ഗാനം  ആലപിച്ചു. 

ജൂലൈ ആദ്യത്തിൽ തന്നെ പ്രിയങ്കാ ചോപ്രയും നിക്ക് ജോനാസു തമ്മിലുള്ള വിവാഹ നിശ്ചയം നടന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്തു വന്നു. നിക്കിനു വേണ്ടിയാണു പ്രിയങ്ക ഭാരത് എന്ന സിനിമയിൽ നിന്നു പിൻമാറിയതെന്നാണ് സിനിമയുടെ സംവിധായകൻ അലി അബ്ബാസ് സഫർ ട്വിറ്ററിൽ കുറിച്ചത്. ഏതായാലും പ്രിയതാരത്തിന്റെ പാട്ടു കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.