പാട്ടുപാടി ഉണ്ണി മുകുന്ദൻ 'ആ' നിരാശ തീർത്തു

മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗി'ൽ ഗായകനായി ഉണ്ണി മുകുന്ദൻ. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചത്. നവാഗതനായ ശ്രീനാഥാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 

ഉണ്ണി മുകുന്ദന്റെ പോസ്റ്റിന്റെ പൂർണ രൂപം

'കാമറയ്ക്കു പിന്നിൽ വളരെ താത്പര്യത്തോടെ ഒരു വേഷം ചെയ്യുകയാണ് ഞാൻ. 'ഒരു കുട്ടനാടൻ ബ്ലോഗി'ൽ ഗായകന്റെതാണ് വേഷം. മറ്റു ചില പ്രൊജക്ടുകൾ ഏറ്റെടുത്തതിനാൽ എനിക്ക് ഈ ചിത്രത്തിലെ അവസരം സ്നേഹ പൂർവം നിരസിക്കേണ്ടി വന്നു. അതിലെ നിരാശ ഞാൻ ഒരു കുട്ടനാടൻ ബ്ലോഗിന്റെ സംവിധായകൻ സേതുവിനെ അറിയിച്ചിരുന്നു. അദ്ദേഹം എനിക്കു സഹോദരനെ പോലെയാണ്. പക്ഷെ, കിട്ടിയ ഈ അവസരം എല്ലാ നിരാശയും ഇല്ലാതാക്കുന്നതാണ്. 

ഈ സിനിമയുടെ ആത്മാവായ ഗാനത്തിനു ശബ്ദം നൽകാൻ എനിക്കു കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. ഞാൻ ഒരുപാട് സ്നേഹിക്കുന്ന മമ്മുക്കയുടെയും സേതു ചേട്ടന്റെയും സിനിമയാണ് ഇത്. സിനിമയിലെ ഗായക ലിസ്റ്റിൽ എന്റെ പേരു കാണുന്നതിനെ പറ്റി ചിന്തിക്കുമ്പോൾ അൽപം ഭയവും അതിലുപരി ആകാംക്ഷയുമുണ്ട് . കാരണം ആ സ്ഥാനം നല്ല പാട്ടുകാർക്കുള്ളതാണ്. അവർക്കൊരു മാനഹാനിയാകുമോ എന്റെ പേര് എന്ന് ഞാൻ ഭയപ്പെടുന്നു. ഈ ഗാനം പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ'.