Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിഭീകരമായ അവസ്ഥയിലെന്ന് സയനോര

sayanora-flood

പ്രളയ ദുരിതം പങ്കുവച്ച് ഗായിക സയനോര ഫിലിപ്പ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രക്കിടയിലെ അനുഭവമാണ് സയനോര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ട്രെയിന്‍ യാത്രക്കിടെ സയനോര വഴിയിൽ കുടുങ്ങുകയായിരുന്നു. തുടർന്നു ടാക്സിയിലുള്ള യാത്രയ്ക്കിടെയാണ് സയനോര സ്വന്തം അനുഭവം പങ്കുവച്ചത്. 

സയനോരയുടെ വാക്കുകളിങ്ങനെ. 'അതി ഭീകരമായ അവസ്ഥയാണ്. ഞാൻ തിരുവനന്തപുരത്തു നിന്ന് പട്ടാമ്പി വരെ ഒരു ട്രയിനിൽ യാത്ര ചെയ്തു. കണ്ട കാഴ്ചകളൊന്നും വിവരിക്കാൻ പോലും പറ്റാത്ത അത്രയും ഭീകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ നാട് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് വീടുകളിൽ സുരക്ഷിതരായി ഇരിക്കുന്നവർ ചുറ്റിലുമുള്ളവരും സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തുക. വണ്ടികൾ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാൻ മാക്സിമം സഹായിക്കുക. ഭയങ്കര ബുദ്ധിമുട്ടാണു നമ്മൾ നേരിടുന്നത്. എനിക്കത് മനസിലായതുകൊണ്ടാണ് പറയുന്നത്. ഇപ്പോൾ ഫെയ്സ് ബുക്കിൽ ഒരു വിവരണം നൽകാൻ പറ്റുന്നില്ല. വളരെ മോശമായ അവസ്ഥയാണ്. ഒരുപാട് ആളുകൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.  അതുകൊണ്ട് സഹായിക്കണമെന്ന് എല്ലാവരോടും ആത്മാർഥമായി പറയുകയാണ്.'

ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ഭയാനകമായ കാഴ്ചകൾകാണുന്നത്. യാത്രയിലുടനീളം നിസ്സഹായ ആളുകളെയാണ് കണ്ടത്. സഹായമഭ്യർഥിച്ചും മറ്റും പലരും നിസഹായരായി നിൽക്കുകയാണെന്നും സയനോര പറഞ്ഞു.ആ ട്രെയിൻ ആലുവ കടക്കുമെന്നു കരുതിയിരുന്നില്ല. പക്ഷെ, എന്തോ ഭാഗ്യം കാരണം അവിടെ കടന്നു. ഈ ട്രെയിൻ ആലുവ വിട്ടതിനു പിറകെയാണ് അതുവഴിയുള്ള ട്രെയിൻ ഗാതാഗതം നിയന്ത്രിച്ചത്.  ഭയപ്പെടുത്തും വിധമായിരുന്നു ഭാരതപ്പുഴയുടെ ദൃശ്യങ്ങൾ. അപ്പോൾ തന്നെ കുറെ ഭാഗം ട്രാക്കിലൊക്കെ വെള്ളം കയറിയിരുന്നു. ചുറ്റിലും വെള്ളം മാത്രമാണു കണ്ടതെന്നും സയനോര പറഞ്ഞു.