വീടുകളിലേയ്ക്കു മടങ്ങുന്നവരോടു ചിത്രയ്ക്കു പറയാനുള്ളത്

വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മടങ്ങുന്നവരോടു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി പറയുകയാണ് ഗായിക കെ എസ് ചിത്ര. എന്തെല്ലാം മുൻകരുതലുകളാണ് വീടുകളിലേക്കു മടങ്ങുന്നവർ സ്വീകരിക്കേണ്ടതെന്നതു സംബന്ധിച്ച വിശദമായ കുറിപ്പാണു ചിത്ര ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. 

ചിത്രയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

വെള്ളം കയറിയ വീടുകളില്‍ തിരികെ ചെല്ലുമ്പോൾ ശ്രെദ്ധികേണ്ട ചില കാര്യങ്ങൾ

കെട്ടിടങ്ങൾ ഘടനാപരമായും, വൈദ്യുതിയുമായി ബന്ധപ്പെട്ടും പ്രവേശനത്തിന് സുരക്ഷിതമാണോ എന്ന് കയറി പാർക്കുന്നതിനു മുൻപ് നിർണ്ണയിക്കുക.

ആദ്യമായി പ്രവേശിക്കുന്നതിനുമുമ്പ് ഇലക്ട്രിക്, ഗ്യാസ് കണക്ഷനുകൾ ഓഫാണെന്ന് ഉറപ്പാക്കുക. ഇലക്ട്രിക്ക് പണികളും കെട്ടിടത്തിന്റെ ഉറപ്പ് നോക്കുന്ന പണികളും, പ്ലംബിംഗ് പണികളും അറിയാവുന്ന ആൾക്കാരെ കൊണ്ട് ചെയ്യിക്കുക

വെള്ളപ്പൊക്കത്തിനു ശേഷം ഇലക്ട്രിക്കൽ സുരക്ഷ വളരെ പ്രധാനമാണ്. തീയാലുള്ള അപകടവും, വാതക ചോർച്ചയും പരിശോധിക്കുക. എല്ലാ ശരിയാവുന്നതു വരെ ബാറ്ററി-പവർ ലൈറ്റ് സ്രോതസ്സുകൾ ഉപയോഗിക്കുക.

അലമാരകൾ തുറക്കുന്നതിനു മുൻപ് തുറക്കുന്നവരുടെ പുറത്തേക്കു വീഴാതെ പ്രത്യേകം ശ്രദ്ധിക്കുക.

വീടിന്റെ പടികൾ പ്രത്യേകം ശ്രദ്ധിക്കുക, മുൻപിലും പുറകിലും മാത്രമല്ല, ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്കുള്ള പടികൾ. ഏറ്റവുമധികം ബലക്ഷയം അനുഭവപ്പെടുന്ന സ്ഥലങ്ങളാണ്, തൂണുകൾ, ബീമുകൾ, പടികൾ, വിള്ളലുള്ള മതിലുകൾ, ഇരുത്തിയ തറകൾ തുടങ്ങിയവ.

കെട്ടിടങ്ങൾ വൃത്തിയാക്കുന്നവർ ഉറപ്പുള്ള ഷൂസ്, റബ്ബർ കയ്യുറകൾ, കണ്ണ് പരിരക്ഷ എന്നിവ ധരിക്കുക.

വിഷമുള്ള ഇഴജന്തുക്കൾ, പാമ്പുകൾ, അപകടകാരികളായ മൃഗങ്ങൾ എന്നിവ കെട്ടിടങ്ങൾക്കുള്ളിൽ കയറിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.

കക്കൂസുകൾ ഉപയോഗിക്കാൻ പറ്റുന്ന അവസ്ഥ ആണോ എന്ന് തിട്ടപ്പെടുത്തുക, സെപ്റ്റിക് ടാങ്കുകൾ എല്ലാം താറുമാറായിട്ടുണ്ടാകും. വെള്ളമിറങ്ങിയാലും ശൗച്യാലയത്തിന്റെ പണികൾ പൂർത്തിയാകാതെ വീടുകളിൽ കയറി താമസിക്കാതിരിക്കുക.

കിണറുകൾ മലിനമായിരിക്കും എന്നുതന്നെ വിശ്വസിക്കുക, അത് പൂർണമായും വൃത്തിയാക്കാതെയും അണുവിമുക്തമാക്കാതെയും ഉപയോഗിക്കാതിരിക്കുക മതിലുകളിലും, മറ്റു സാധനങ്ങളിലും പൂപ്പൽ ഉണ്ടെങ്കിൽ, മൂക്കിൽ ഫിൽറ്റർ ചെയ്യാൻ കഴിയുന്ന മാസ്ക് ധരിക്കുക

വെള്ളപ്പൊക്ക ബാധിത പ്രദേശവും, അവിടെയുള്ള വെള്ളവും വസ്തുക്കളും മലിനമായിരിക്കും എന്നുള്ള ബോധം ഉണ്ടായിരിക്കണം

ജലസ്രോതസ്സ് സുരക്ഷിതമാണെന്ന് പൊതുജനാരോഗ്യ വകുപ്പ് സ്ഥിരീകരിക്കുന്നതുവരെ, നിങ്ങളുടെ കുടിവെള്ളം നിർബന്ധമായും ശുദ്ധീകരിച്ചിരിക്കണം പാചകം ചെയ്യാൻ മാത്രമല്ല, പാത്രങ്ങൾ കഴുകാനും, ശരീരത്തിൻറെ ഏതു ഭാഗം കഴുകുവാനാണെങ്കിലും, വെള്ളം: ശുദ്ധമായ തുണി അല്ലെങ്കിൽ ഫിൽട്ടർ ഉപയോഗിച്ച് അരിച്ചെടുക്കുക, വെള്ളം തിളപ്പിക്കുക, തിളയ്ക്കാൻ തുടങ്ങിയ വെള്ളം നന്നായി ഒരു നിമിഷത്തേക്ക് കൂടി തിളപ്പിക്കുക. എന്നിട്ടു തണുപ്പിച്ചുപയോഗിക്കുക .

തിളപ്പിക്കാൻ സാധ്യമല്ലെങ്കിൽ, വാസനയില്ലാത്ത ലിക്വിഡ് ക്ലോറിൻ ബ്ലീച്ച് ഉപയോഗിച്ചു ഇളക്കുക (8 തുള്ളി അല്ലെങ്കിൽ 1/8 ടീസ്പൂൺ / 3.5 ലിറ്റർ തെളിഞ്ഞ വെള്ളത്തിന്, 16 തുള്ളികൾ അല്ലെങ്കിൽ 1/4 ടീസ്പൂൺ / 3.5 ലിറ്റർ വാസനയില്ലാത്ത കലക്ക വെള്ളത്തിന്).; 30 മിനുട്ട്. കഴിഞ്ഞിട്ട് ഉപയോഗിക്കാം.

അയോഡിൻ, ശുദ്ധീകരണ ഗുളികകൾ എന്നിവ ഉപയോഗിക്കാതിരിക്കുക

വെള്ളപ്പൊക്കം ബാധിച്ച വീടുകളിൽ നിന്ന് കണ്ടെടുക്കുന്ന നനഞ്ഞ ആഹാരം, തുറന്ന ഭക്ഷണം, പാനീയം, മരുന്നുകൾ ഉപയോഗിക്കാതിരിക്കുക. അതിപ്പോൾ പത്തായത്തിലെ നെല്ലാണെങ്കിലും, പലചരക്കു സാധനമാണെങ്കിലും, കുത്തി ഒലിച്ചു വന്ന മലിനജലമാണ് കയറിയത്, നല്ല മഴവെള്ളമല്ല അതുകൊണ്ടു മുഴുവനായും കളയുക

കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

വെള്ളം കയറിയ മുറികളിൽ നിന്നുള്ള തടിയുടെ പാത്രങ്ങൾ, വട്ടി, കുട്ട, തവികൾ , പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, കുഞ്ഞുങ്ങളുടെ പാൽകുപ്പികൾ, പാസിഫയർ എന്നിവ കളയുക, മെറ്റൽ, സ്റ്റീൽ, അലൂമിനിയം, സിറാമിക് പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി എടുക്കാം, 1 ടീസ്പൂൺ ക്ലോറിൻ ബ്ലീച്ച് / 1 ലിറ്റർ വെള്ളത്തിൽ 15 മിനുട്ട് മുക്കിയെടുത്തു ഉപയോഗിക്കുക

അമോണിയ അല്ലെങ്കിൽ വിനാഗിരിയും ക്ലോറിൻ ബ്ലീച്ചും തമ്മിൽ ചേർക്കരുത്.

എല്ലാ ഫർണിച്ചറുകളും, വസ്ത്രങ്ങളും, കിടക്കാൻ ഉപ്രയോഗിച്ച മെത്ത , പാ, ഷീറ്റുകൾ, കയറ്റുപാ, തറ മൂടാൻ ഉപയോഗിച്ച, വിനൈൽ ടൈലുകൾ, തുടങ്ങിയവ കളയുന്നതാണ് ഉത്തമം..

നല്ല വിലപിടിപ്പുള്ള തടിയുടെ ഫർണിച്ചറുകൾ , മെറ്റൽ, പ്ലാസ്റ്റിക് ഫർണിച്ചറുകൾ എന്നിവയും വൃത്തിയാക്കി പുനഃസ്ഥാപിക്കാം ചെളി വൃത്തിയായി കഴുകി കളയുക. എല്ലാ ഭാഗങ്ങളും (ഡ്രോയർ, വാതിലുകൾ, മുതലായവ) നീക്കം ചെയ്തിട്ട് വൃത്തിയാക്കുക

താമസം തുടങ്ങുമ്പോൾ, ജനലും കതകും തുറന്നിട്ട് കാറ്റും വെയിലും വീട്ടിനുള്ളിൽ പരമാവതി കയറാൻ അനുവദിക്കുക, വീട് ഉണങ്ങിയില്ല എങ്കിൽ പൂപ്പൽ വന്നു വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. എല്ലാ സാധനങ്ങളും സൂര്യപ്രകാശത്തിൽ ഉണക്കി ശുചിയാക്കണം, ആഴ്ചകളും മാസങ്ങളും എടുക്കും.

ഇപ്പോഴത്തെ അവസ്ഥയിൽ കളയാനുള്ള സാധനങ്ങൾ വളരെ വളരെ കൂടുതൽ ആയതിനാൽ, നാട്ടുകാർ സംയുക്തമായി എല്ലായിടത്തു നിന്നും ഇതെല്ലം സംഭരിച്ചു സർക്കാർ അംഗീകൃത സ്ഥലത്ത് കൊണ്ടുപോയി നിർമ്മാർജനം ചെയ്യണം. ഒരു കാരണവശാലും വെള്ളപ്പൊക്ക കെടുതിയിൽ നശിച്ച സാധനങ്ങൾ പിന്നാമ്പുറത്തിടരുത്. ചപ്പുചവറുകൾ കുന്നുകൂടാൻ അനുവദിക്കരുത്,അത് മലിനീകരണവും കീടങ്ങളും അസുഖങ്ങളും കൂടുന്നതിന് കാരണമാകും

തയാറാക്കിയത് : ബീന എബ്രഹാം 

#StandWithKerala #DoForKeral #KeralaFloods #PrayForKerala