Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുറ്റിലും വെള്ളമാണ്; പക്ഷേ ഡേവിഡ് പാടുകയാണ്

davidsong

ചുറ്റിലും വെള്ളമാണെങ്കിലും ഡേവിഡ് പാടുകയാണ്. 'ഹൃദയവാഹിനീ ഒഴുകുന്നു നീ...' വെള്ളം നിറഞ്ഞു കിടക്കുന്ന പള്ളി ഹാളിലെ കസേരയിലിരുന്നാണു ഡേവിഡിന്റെ പാട്ട്. പ്രളയം തകർത്ത ഒരു മനസിന്റെ പാട്ടുകൂടിയാണ് ഇത്. ദുരിതാശ്വാസ ക്യാംപിലിരുന്നുള്ള ഡേവിഡിന്റെ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

വെള്ളപ്പൊക്കത്തെ തുടർന്ന് വൈക്കത്തെ ക്യാംപിൽ കഴിയുകയാണ് ഡേവിഡ്. താമസിക്കുന്ന ക്യാംപിൽ നിന്നു തൊട്ടടുത്ത ക്യാംപിലേക്കു പോയതായിരുന്നു അദ്ദേഹം. അവിടെ എത്തിയ ഡേവിഡ് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം പാടുകയായിരുന്നു. 

പ്രകൃതിയുടെ  മാറ്റവും നിലവിലെ അവസ്ഥയും കണ്ടപ്പോൾ ഈ പാട്ടാണു പാടാൻ അനുയോജ്യമായി തോന്നിയത്. അതുകൊണ്ടാണ് അവർ പാടാൻ നിർബന്ധിച്ചപ്പോൾ ഈ ഗാനം തന്നെ തിരഞ്ഞെടുത്തതെന്നു ഡേവിഡ് പറഞ്ഞു. വീടും പരിസരവും ഇപ്പോഴും വെള്ളവും ചെളിയും നിറഞ്ഞു കിടക്കുകയാണ്. താമസയോഗ്യമാകണമെങ്കിൽ ദിവസങ്ങളെടുക്കും. അതുവരെ ദുരിതാശ്വാസ ക്യാംപിൽ തന്നെ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായമായ അമ്മയ്ക്ക് ഒപ്പമാണ് ഡേവിഡ് ക്യാംപിലെത്തിയത്. അമ്മയെ സഹോദരന്റെ വീട്ടിലാക്കി ഡേവിഡ് ഇപ്പോഴും ക്യാമ്പിൽ കഴിയുകയാണ്.  

ചെറുപ്പം മുതൽ സംഗീത അഭിരുചിയുണ്ട് ഡേവിഡിന്. എന്നാൽ ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പെയിന്റിങ് തൊഴിലാളിയായ ഇദ്ദേഹം സ്റ്റേജ് പരിപാടികൾക്കു പാടിയിരുന്നു. നഷ്ടങ്ങളുണ്ടെങ്കിലും പോയതെല്ലാം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസവും ഡേവിഡ് പങ്കുവച്ചു.

എല്ലാം നഷ്ടപ്പെട്ടെന്ന ചിന്തയിലും ആശ്വാസമാകുന്നതാണ് ദുരിതാശ്വാസ ക്യാംപുകളിൽ നിന്നുണ്ടാകുന്ന ഇത്തരം ചിലവാർത്തകൾ.  അതിജീവിക്കാൻ ഡേവിഡിനെ പോലുള്ളവർ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഉയിർത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ് നമ്മൾ. നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഡേവിഡിനെ പോലുള്ളവർ.