Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കെടുതിയിൽ ദു:ഖം; 'എന്റെ കേരളം' മാറ്റിപ്പാടി ഉഷ ഉതുപ്പ്

ushauthuppu

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്നു ഗായിക ഉഷ ഉതുപ്പും. 'എന്റെ കേരളം 'എന്ന പ്രശസ്തഗാനം മാറ്റിപ്പാടിയാണു ഉഷ ഉതുപ്പ് കേരളത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്നത്. ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള ആദരസൂചകമാണ് ഈ ഗാനം. ഹരിതാഭവും ആരോഗ്യപൂർണവുമായ കേരളത്തിന്റെ നല്ലനാളെയ്ക്കായി ഒരു പ്രാര്‍ഥനയാണ് ഇത് എന്ന  കുറിപ്പോടെയാണു ഉഷാ ഉതുപ്പ് വിഡിയോ പങ്കുവച്ചത്.

'എന്റെ കേരളം എത്ര സുന്ദരം' എന്ന വരികൾക്കു പകരം 'എന്റെ കേരളം എത്ര സങ്കടം' എന്നുമാറ്റി പാടി. ഗാനത്തിലെ എല്ലാവരികളും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കുന്നതാണ്. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്റെ ചിത്രങ്ങൾ കോർത്തിണക്കിയാണ് ഗാനം. 'പ്രളയതാളം' എന്ന പേരിലാണ് ആൽബം എത്തിയത്. ചിറ്റൂർ ഗോപിയുടെ വരികൾക്കു സുമിത് രാമചന്ദ്രനാണു സംഗീതം 

ഗാനത്തെ പറ്റി ഉഷ ഉതുപ്പ് പറയുന്നത് ഇങ്ങനെ. 'കൊച്ചിയുടെ അവസ്ഥകണ്ട് എനിക്കാകെ സങ്കടമായി. തീവ്രമായ ദു:ഖം തോന്നുന്നു. ഇത്ര ദൂരെ ഇരുന്ന് കേരളത്തിനായി നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നു ഞാൻ  മകൾ അഞ്ജലിയോടു ചോദിച്ചു. കണ്ണുനീര്‍ ഒന്നിനും പരിഹാരമാകില്ല. ഇങ്ങനെ കരഞ്ഞുകൊണ്ടിരിക്കാതെ വേഗം ചിറ്റൂർ ഗോപിയെ വിളിച്ച് 'എന്റെ കേരളം' എന്ന ഗാനത്തിന്റെ വരികൾ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് മാറ്റി എഴുതാമോ എന്നു ചോദിക്കണമെന്നും അവൾ എന്നോടു പറഞ്ഞു. അതുപ്രകാരം ഞാൻ അദ്ദേഹത്തെ വിളിച്ചു. അങ്ങനെയാണു ഈ ഗാനം പിറന്നത്. കേരളത്തോടുള്ള ആദരസുചകമായി ഈ ഗാനം ഞാൻ സമർപ്പിക്കുന്നു.'

വരികൾ മാറ്റി എഴുതി നൽകിയതിൽ ചിറ്റൂർ ഗോപിയോടു നന്ദിയുണ്ടെന്നും ഉഷ ഉതുപ്പ് പറഞ്ഞു.  മാത്രമല്ല, ഈഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നവരാണ്. ബംഗാൾ സ്വദേശികളായ രണ്ടുപേരാണ് ഈ ഗാനം എഡിറ്റ് ചെയ്തത്. ചിറ്റൂർ ഗോപിയുടെ വരികൾ അവര്‍ക്ക് തർജമചെയ്തു നൽകി. അവർ അതുഭംഗിയായി എഡിറ്റ് ചെയ്തെന്നും ഉഷ ഉതുപ്പ് വ്യക്തമാക്കി.