Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പാനിഷിൽ സഹായം ചോദിച്ച് കേരളം; വ്യത്യസ്ത പാട്ടുമായി ഊരാളി

ooralisong

പ്രളയദുരന്തത്തിൽ തകർന്ന കേരളത്തിന് സഹായം തേടി ‘സ്പാനിഷ് വിഡിയോ’. വിപ്ലവം കലയിലൂടെ എന്ന മുദ്രാവാക്യവുമായി വേറിട്ട രീതിയിൽ കലാവതരണം നടത്തുന്ന ‘ഊരാളി ബാൻഡ്’ ആണ് സ്പാനിഷ് വിഡിയോയ്ക്കു പിന്നിൽ. ഇംഗ്ലിഷും ചൈനീസും കഴിഞ്ഞാൽ‌ ലോകത്തിൽ ഏറ്റവുമധികം പേർ സംസാരിക്കുന്ന ഭാഷയിലൂടെ കേരളത്തിന്റെ ദുരവസ്ഥ വിവരിക്കുകയാണ് ഊരാളി.

കേരളത്തിൽ ചർച്ചയായ സംഭവങ്ങളിലെല്ലാം പാട്ടിലൂടെ ഇടപെടുന്നവരാണ് ഇവർ. ലോകമെങ്ങുമുള്ള മലയാളികൾ മാത്രമല്ല, മറ്റു മനുഷ്യരും ഈ ദുരന്തത്തിൽ നമ്മെ സഹായിക്കേണ്ടതുണ്ട് എന്ന ചിന്തയിൽനിന്നാണ് സ്പാനിഷ് വിഡിയോ പിറന്നത്. കേരളത്തിലുണ്ടായത് പ്രകൃതി ദുരന്തമാണ്. ലോകമാകെ പരന്നുകിടക്കുന്ന പ്രകൃതിയുടെ ഭാഗമാണ് നമ്മളും. അതിനാൽ ഇതു കേരളത്തിന്റെ മാത്രം സങ്കടമല്ലെന്ന് ഗിറ്റാറിസ്റ്റ് സജി പറയുന്നു.

ബാൻഡിലെ പാട്ടുകാരൻ മാർട്ടിനാണ് വിഡിയോയിൽ സ്പാനിഷ് സംസാരിക്കുന്നത്. 44 നദികളും സമൃദ്ധമായ മഴക്കാലവുമുള്ള പ്രകൃതിസുന്ദരമായ നാടാണ് കേരളം. അവിചാരിതമായുണ്ടായ പേമാരിയിലും പ്രളയത്തിലും ഈ നാട് അമ്പേ തകർന്നുപോയി. വീടുകളും കെട്ടിടങ്ങളും റോഡുകളും പാലങ്ങളും നശിച്ചു. വലിയൊരു ദുരന്തം നേരിട്ട ഈ നാടിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമായോ, മറ്റു സാങ്കേതിക, കലാ സഹായങ്ങളായോ സംഭാവന നൽകാം. ദുരന്തത്തിന്റെ വരുംവരായ്കകളെ കുറിച്ച് നമുക്ക് സംവദിക്കാമെന്നും ഏഴു മിനിറ്റുള്ള വിഡിയോയിൽ പറയുന്നു. മാർട്ടിനെ കൂടാതെ, സജി, ജെയ്ജെ, സുധി, ആനന്ദ്, അർജുൻ എന്നിവർ ചേർന്നാണു വിഡിയോ തയാറാക്കിയത്.

ഭിന്നതകളെല്ലാം മറന്ന് മലയാളികൾ ഒത്തൊരുമിച്ചുനിന്ന നാളുകളാണു കഴിഞ്ഞുപോയത്. 

‘ഒറ്റ മണ്ണു പെറ്റ നമ്മൾ, 

ഒറ്റ ജാതി, ഒറ്റ വർഗം, 

ജീവന പൊരുതലിൽ 

ഒത്തുചേർന്ന പോരുകാർ

മറ്റു ജീവജാതി തുല്യമായി 

ഒത്തുചേർന്ന പോരുകാർ’ എന്ന വരികളുമായി ദുരിതബാധിതരെ സന്തോഷിപ്പിക്കാനും ഊരാളി മുന്നിലുണ്ട്.

ക്യാംപുകളിലും ദുരിതബാധിതരുടെ കൂട്ടായ്മകളിലും ഇവരെത്തും. കുട്ടികളോടൊപ്പം പാട്ടു പാടും. ചിത്രം വരയ്ക്കും. താളം പിടിക്കും. വർത്തമാനം പറയും. അങ്ങനെ അവരിൽ സന്തോഷവും ആശ്വാസവും നിറച്ചു മടങ്ങും. ലോകം, കൂടുതലായി കേരളത്തെ കേൾക്കുമെന്നും സഹായിക്കുമെന്നും ഊരാളിക്കാർ ഉറച്ചുവിശ്വസിക്കുന്നു. അതിനായ ഊരാളി പാടിക്കൊണ്ടേയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.