'ഹമ്മ ഹമ്മ' റീമിക്സ് റഹ്മാന് ഇഷ്ടമായില്ല; അതൃപ്തി അറിയിച്ചു

'ഹമ്മ ഹമ്മ' എന്ന ഗാനത്തിന്റെ റീമിക്സിൽ റഹ്മാൻ അതൃപ്തനായിരുന്നു എന്ന് റിമിക്സ്  ഒരുക്കിയ റാപ്പർ ബാദ്ഷാ. റീമിക്സുമായി ബന്ധപ്പെട്ട അതൃപ്തി റഹ്മാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അറിയിച്ചിരുന്നതായും ബാദ്ഷാ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ബാദ്ഷായുടെ പ്രതികരണം. 

'ഒകെ ജാനു' എന്ന ചിത്രത്തിനു വേണ്ടി ബാദ്ഷായാണു റഹ്മാന്റെ ഗാനം റിമിക്സ് ചെയ്തത്.  റഹ്മാന്റെ പ്രതികരണത്തെ പറ്റി ബാദ്ഷായുടെ വാക്കുകൾ ഇങ്ങനെ: 'ഹമ്മ ഹമ്മ എന്നഗാനം റീമിക്സ് ചെയ്യുന്നതിനെ പറ്റി എനിക്കു രണ്ടുവട്ടം ആലോചിക്കേണ്ടിയിരുന്നു. ഒരു ദിവസം 'ഒകെ ജാനു'വിന്റെ സംവിധായകനും നിർമാതാവും കൂടി എന്നെ വിളിച്ച് ഈ ഗാനം റീമിക്സ് ചെയ്യാൻ ആവശ്യപ്പെട്ടു. ഈ ഗാനം റീമിക്സ് ചെയ്യേണ്ടതുണ്ടോ എന്നു ഞാൻ വീണ്ടും അവരോടു ചോദിച്ചു. വേണം എന്നു അവർ പറഞ്ഞു. എനിക്കത് ചെയ്യാന്‍ കഴിയുമെന്ന ഉത്തമബോധ്യം ഉണ്ടായിരുന്നു. പക്ഷെ, അത് റഹ്മാന്‍ ചെയ്തുവച്ചതാണെന്ന ചിന്തയിൽ ആശങ്കയും ഉണ്ടായിരുന്നു. ഗാനം ചിട്ടപ്പെടുത്തി കഴിഞ്ഞപ്പോൾ ഇത് ഈ വർഷത്തെ ഏറ്റവും മികച്ച ഗാനമായിരിക്കുമെന്നായിരുന്നു അണിയറ പ്രവർത്തകർ പറഞ്ഞത്. എന്നാൽ റഹ്മാൻ സർ ഇതിൽ സംതൃപ്തനായിരുന്നില്ല. അദ്ദേഹം തന്റെ അസംതൃപ്തി ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അറിയിക്കുകയും ചെയ്തു.'

ഗാനത്തെ കുറിച്ചു തനിക്കുണ്ടായ തെറ്റിദ്ധാരണയാണ് സിനിമയുടെ അണിയറ പ്രവർത്തകരോടു അങ്ങനെ പറയാനിടയാക്കിയതെന്നു പിന്നീട് റഹ്മാൻ അറിയിച്ചതായും ബാദ്ഷാ പറഞ്ഞു. ഗാനം കേൾക്കാതെയാണ് അന്ന്അഭിപ്രായം പറഞ്ഞത്. നിങ്ങള്‍ നിങ്ങളുടെ ജോലി മനോഹരമായി ചെയ്തിട്ടുണ്ടെന്നു റഹ്മാൻ പറഞ്ഞതായും ബാദ്ഷാ അറിയിച്ചു. 

2016 ൽ പുറത്തിറങ്ങിയ 'ഓകെ ജാനു'വിൽ ആയിരുന്നു 'ഹമ്മാ ഹമ്മാ' എന്ന ഗാനം റീമിക്സ് ചെയ്ത് ഉപയോഗിച്ചത്. ജുബിൻ നൗട്യാൽ ആണു ഗാനം ആലപിച്ചത്. ഗാനത്തിലെ തന്റെ ശബ്ദം ഇഷട്മായെന്നു റഹ്മാൻ പറഞ്ഞതു വളരെ സന്തോഷമുണ്ടാക്കിയെന്നു ജുബിൻ നൗട്യാൽ നേരത്തെ പറഞ്ഞിരുന്നു. ശ്രദ്ധാകപൂറും ആദിത്യ കുമാറും ആണ് ഗാനരംഗത്തില്‍ എത്തിയത്.