പാട്ടുപോലെ തിളങ്ങും നിക്കിന്റെ സമ്മാനം; വില കേട്ടാൽ ഞെട്ടും

അമേരിക്കൻ ഗായകൻ നിക് ജോനാസും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും തമ്മിലുള്ള വിവാഹ വാർത്തകളാണ് ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ചാവിഷയം. ഏറ്റവും ഒടുവിൽ ആ ചര്‍ച്ച നിക്ക് ജോനാസ് പ്രിയങ്കാ ചോപ്രയെ അണിയിച്ച വിവാഹമോതിരത്തിൽ എത്തിനിൽക്കുന്നു. നിക് ജോനാസിന്റെ ആലാപനം പോലെ തന്നെ തിളക്കമുള്ളതും മനോഹരവുമാണു പ്രിയതമയ്ക്കു നൽകിയ സമ്മാനമെന്നാണ് ആരാധകരുടെ അഭിപ്രായം. 

ക്യുഷൻ-കട്ട് വജ്ര മോതിരമാണു നിക് ജോനാസ് പ്രിയങ്കാ ചോപ്രയെ അണിയച്ചത്. രണ്ടു കോടി രൂപ മുതലാണ് ഈ വജ്രത്തിന്റെ വില. പ്ലാറ്റിനത്തിലുള്ള വജ്രമോതിരമായിരുന്നു അത്. ഈ മോതിരം ധരിച്ച് പ്രിയങ്ക ചില പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. 

കഴിഞ്ഞ മാസം മുംബൈയിലെ പ്രിയങ്കയുടെ വീട്ടിൽവച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നിക്കിന്റെയും പ്രിയങ്കയുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണു ചടങ്ങിൽ പങ്കെടുത്തത്. 

25 വയസ്സാണ് നിക് ജോനാസിനു പ്രായം. 35 വയസ്സുണ്ട് പ്രിയങ്കാ ചോപ്രയ്ക്ക്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാലെയിലാണ് പ്രിയങ്കയും നിക്കും പരിചയപ്പെട്ടത്. മെറ്റ് ഗാലെയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് പല പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ചു പങ്കെടുത്തു.