ഇത്ര റൊമാന്റിക്കാണോ ശ്രീഹരി? അമ്പരപ്പ്, കയ്യടി

തകർപ്പൻ റൊമാന്റിക് ഗാനവുമായി പ്രേക്ഷകരെ കയ്യിലെടുത്ത് ശ്രീഹരിയും ശ്വേതയും. മഴവിൽ മനോരമ സൂപ്പർഫോർ വേദിയിലായിരുന്നു ഇരുവരുടെയും പ്രകടനം. 'ഗംഭീരം' എന്നായിരുന്നു വിധികര്‍ത്താക്കളുടെ അഭിപ്രായം.

'മുത്തു' എന്ന തമിഴ് ചിത്രത്തിലെ 'തില്ലാന തില്ലാന' എന്ന ഗാനവുമായാണ് ഇരുവരും വേദിയിലെത്തിയത്. ഗാനത്തിനൊപ്പം ചുവടുവച്ച് ഇരുവരും സദസ്സിനെ കയ്യിലെടുത്തു. ഇരുവരുടെയും പ്രകടനത്തെ നിറഞ്ഞ കയ്യടിയോടെയാണു സദസ്സ് സ്വീകരിച്ചത്. ഈ പാട്ടിൽ നൽകേണ്ട എല്ലാ ഭാവങ്ങളും നൽകി അതീവ പ്രണയാതുരനായാണ് ശ്രീഹരി ഗാനം ആലപിച്ചതെന്നു സംഗീത സംവിധായകൻ ദീപക് ദേവ് പറഞ്ഞു. 

'അന്തംവിട്ട റൊമാൻസ്, തകര്‍ത്തു' എന്നായിരുന്നു ഗാനത്തെപ്പറ്റി സംഗീത സംവിധായകൻ ശരത്തിന്റെ വിലയിരുത്തൽ. ശ്വേതയും ശ്രീഹരിയും പാട്ടിൽ നല്‍കിയ ഭാവങ്ങൾ വളരെ മികച്ചതാണെന്നായിരുന്നു ഷാൻ റഹ്മാന്റെ അഭിപ്രായം 

'തില്ലാന തില്ലാന' എന്ന ഗാനവുമായി ബന്ധപ്പെട്ടു തനിക്കുണ്ടായ അനുഭവം സുജാതയും വേദിയിൽ പങ്കുവച്ചു. സുജാതയുടെ വാക്കുകൾ ഇങ്ങനെ: 'ആഗ്രഹിച്ച പൊലൊരു പാട്ടായിരുന്നു ഇത്. തമിഴ് ചലച്ചിത്ര ഗാനരംഗത്ത് എന്റെ കരിയറില്‍ മാറ്റംകുറിച്ച ഒന്ന്. സാധാരണയായി ഒരു ഗാനം നമ്മൾ പാടിക്കഴിഞ്ഞാൽ എ.ആര്‍. റഹ്മാൻ ഒന്നും പറയാറില്ല. ഈ ഗാനം പാടിക്കഴിഞ്ഞപ്പോൾ പാട്ട് നന്നായി എന്നു റഹ്മാൻ പറഞ്ഞു. അതൊരു ഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു.'

മനോയും സുജാതയും ചേർന്നാണു ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. എ.ആർ. റഹ്മാനാണു സംഗീതം പകർന്നത്. വൈരമുത്തുവിന്റേതാണു വരികള്‍. രജനീകാന്തും മീനയുമാണു ഗാനരംഗത്ത് എത്തുന്നത്. 1995ൽ മുത്തു തിയറ്ററുകളിലെത്തി