കുട്ടനാടൻ ചന്തവുമായി മമ്മൂട്ടി ചിത്രത്തിലെ പുതിയഗാനം

കുട്ടനാടിന്റെ എല്ലാ ഭംഗിയുമായി 'ഒരു കുട്ടനാടൻ ബ്ലോഗി'ലെ പുതിയ ഗാനം. 'കാവാലം കായൽ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരനാണു സംഗീതം പകർന്നിരിക്കുന്നത്. മമ്മൂട്ടി,റായ് ലക്ഷ്മി, അനു സിത്താര, ഷംന കാസിം, ലാലു അലക്സ്, നെടുമുടി വേണു, സണ്ണി വെയ്ൻ എന്നിവരാണു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 

വയലും വള്ളവും ജനജീവിതവും എല്ലാം ഉൾപ്പെടുന്ന കുട്ടനാടൻ കാഴചകളാണു ഗാനത്തിന്റെ പ്രമേയം. സണ്ണി വെയ്ൻ ആണു ഗാനരംഗത്തിൽ എത്തുന്നത്. ചിത്രത്തിൽ അഞ്ചു ഗാനങ്ങളാണു ഉള്ളത്. പത്തു ഗായകർ ഈ സിനിമയിൽ പാടിയിട്ടുണ്ട്. ഇത്രയും എത്തുന്ന സിനിമ ആദ്യമായിരിക്കുമെന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ ശ്രീനാഥ് ശിവശങ്കരൻ പറഞ്ഞു. 

ഒരു കുട്ടനാടൻ ബ്ലോഗിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികണമാണു പുതിയ ഗാനത്തിനും ലഭിക്കുന്നത്. സേതുവാണു ചിത്രത്തിന്റെ സംവിധാനം. സെപ്റ്റംബർ 14ന് ചിത്രം തിയറ്ററിലെത്തും.