Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ.ആർ. റഹ്മാനെതിരെ വിവാദ പ്രസ്താവന; ഒടുവില്‍ തലയൂരി

rahman-sahrali

എ.ആർ. റഹ്മാനെതിരെ വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാനി സംഗീതജ്ഞൻ സാഹിർ അലി ബഗ്ഗ. റഹ്മാന്റെയും തന്റെയും ഗാനങ്ങൾക്ക് യുട്യൂബിൽ ഒരേ റേറ്റിങ് ആണെന്നായിരുന്നു സാഹിർ അലി ബഗ്ഗ പറഞ്ഞത്. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു സാഹിർ അലിയുടെ പ്രസ്താവന. 

സംഭവം വിവാദമായതോടെ  അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നു പറഞ്ഞ് അദ്ദേഹം രംഗത്തെത്തി. സാഹിർ അലി ബഗ്ഗയുടെ വാക്കുകൾ ഇങ്ങനെ: ''എന്റെ പേരി‍ൽ ഒരു ആരോപണം ഉള്ളതായി അറിയുന്നു. 'എ.ആർ. റഹ്മാൻ നല്ല സംഗീതജ്ഞനാണ്, പക്ഷേ അദ്ദേഹത്തിന്റെ ഗാനങ്ങൾക്കും എന്റെ ഗാനങ്ങൾക്കും ഒരേ റേറ്റിങ്ങാണ്'. ശരിയാണ്, ഞാൻ ആ മാസികയ്ക്ക് ഒരു അഭിമുഖം നൽകിയിട്ടുണ്ട്. എന്നാൽ എന്റെ പ്രസ്താവന വളച്ചൊടിച്ചാണു നൽകിയത്. എല്ലാവരെയും പോലെ എ.ആർ. റഹ്മാൻ സാഹിബിനെ ഞാനും ബഹുമാനിക്കുന്നു. സംഗീത കുലപതിയാണ് അദ്ദേഹം. ഒരുപാട് ഉയരത്തിൽ നിൽക്കുന്ന വ്യക്തി. ഞാൻ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു."

നമ്മൾ നല്ല ഉദ്ദേശ്യത്തോടെ എന്തെങ്കിലും പറഞ്ഞാൽ പോലും അതു വളച്ചൊടിക്കുന്ന പ്രവണത സ്വാഭാവികമാണ്. ഇത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഹ്മാനെതിരായ പ്രസ്താവന എന്ന പേരിൽ പ്രചരിക്കുന്നതു താൻ പറഞ്ഞ കാര്യങ്ങളല്ലെന്നും അദ്ദേഹം അറിയിച്ചു. 

കഴിഞ്ഞ ആഴ്ചയാണ് സാഹിർ അലി ബഗ്ഗയുടെ അഭിമുഖം ഒരു പ്രാദേശിക മാസികയിൽ പ്രസിദ്ധീകരിച്ചത്. എ.ആർ. റഹ്മാന്റെ ഏതെങ്കിലും പാട്ടുകൾക്കു യുട്യൂബിൽ 500 മില്യൺ ഹിറ്റ് കിട്ടിയിട്ടുണ്ടോ എന്ന് അറിയില്ല. എന്നാൽ 'സരൂരി താ' എന്ന സ്വന്തം ഗാനത്തിനു 500 മില്യൺ ഹിറ്റ് ലഭിച്ചിട്ടുണ്ടെന്നും സാഹിർ അലി ബഗ്ഗ അഭിമുഖത്തിൽ പറഞ്ഞിരുന്നു.