Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നു പാടുന്നതു വലിയ സംഭവമല്ല; കുട്ടികളെ ഇങ്ങനെ ഭയപ്പെടുത്തരുത്: ചിത്ര

chithra.jpg.image.784.410

യുവതലമുറയിലെ ഗായകരായ കുട്ടികളെ രക്ഷിതാക്കൾ ഇങ്ങനെ ഭയപ്പെടുത്തരുതെന്നു കെ.എസ്. ചിത്ര. പാട്ട് പാടുമ്പോൾ എന്തെങ്കിലും ചെറിയ തെറ്റുകൾ സംഭവിച്ചാൽ പോലും കുട്ടികളെ വഴക്കുപറയും. അത് കുട്ടികളിലെ ആത്മവിശ്വാസ കുറവിനു കാരണമാകുമെന്നും ചിത്ര പറഞ്ഞു. ഒരു സ്വകാര്യ മധ്യമത്തിനു നൽകിയ  അഭിമുഖത്തിലായിരുന്നു ചിത്രയുടെ പ്രതികരണം. 

ചിത്രയുടെ വാക്കുകൾ ഇങ്ങനെ: ' ചിലനേരം കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾ വലിയ പ്രഷർ ഉണ്ടാക്കുന്നതായി തോന്നിയിട്ടുണ്ട്. ഏതെങ്കിലും മത്സരങ്ങള്‍ക്കൊക്കെ പോകുമ്പോൾ ഇങ്ങനെയുള്ള സമ്മർദ്ദങ്ങൾ കുട്ടികൾക്കു നൽകുന്ന രക്ഷിതാക്കളുണ്ട്. നീ മത്സരത്തിൽ ജയിക്കണം എന്നൊക്കെ പറഞ്ഞ് കുട്ടികളെ സമ്മർദ്ദത്തിലാക്കും. ഒരു ചെറിയ തെറ്റൊക്കെ വരുമ്പോൾ കുട്ടികൾ അച്ഛനമ്മമാരെ ഭയത്തോടെ നോക്കുന്നതു പലതവണ ഞാൻ കണ്ടിട്ടുണ്ട്.  ചിലപ്പോഴൊക്കെ ഞാൻ പറയും. ഞാനും ചെറുപ്പത്തിൽ മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അന്ന് ഇങ്ങനെ ടിവിയിലൊന്നും ആയിരുന്നില്ല. കലോത്സവങ്ങൾക്കും മറ്റും സ്കൂളിലെ അധ്യാപകർ കൊണ്ടുപോകും. ഒരു തവണ പോലും എന്റെ അച്ഛനോ അമ്മയോ ഇത്തരം മത്സരങ്ങൾക്ക് കൂടെ വന്നിട്ടില്ല. ചിലപ്പോഴൊക്കെ സമ്മാനം ലഭിക്കും, ലഭിക്കാതിരിക്കും. എന്നാൽ അന്ന് നമ്മുടെ അച്ഛനമ്മമാരൊന്നും സമ്മാനം കിട്ടിയില്ലെങ്കിൽ ഒന്നും പറയില്ല. അടുത്തതവണ കുറച്ചുകൂടി നന്നായി ചെയ്യാൻ മാത്രമാണ് അവർ പറഞ്ഞിരുന്നത്. മാത്രമല്ല, മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുന്ന ഒരു പ്രവണത ചിലർക്കുണ്ട്. അത് കുട്ടികളുടെ ആത്മവിശ്വാസം ഇല്ലാതാക്കും.' 

മാത്രമല്ല, കുട്ടികളുടെ മുന്നിൽ വച്ച് അവരെ കൂടുതൽ പുകഴ്‍ത്തുന്നതു വലിയ തെറ്റാണെന്നും ചിത്ര പറഞ്ഞു. നമ്മുടെ മുന്‍തലമുറയിലെ പാട്ടുകാർ പാടിയിരുന്നതു പോലെ പാടാൻ വലിയ ബുദ്ധിമുട്ടാണ്. അവരെ നമ്മൾ ഒരുപാട് ബഹുമാനിക്കണമെന്നും ചിത്ര പറഞ്ഞു. 

ഇപ്പോൾ ടെക്നോളജി അത്രയും വളർന്നു. ഒരുവരി തെറ്റിയാൽ നമുക്ക് മാറ്റിപ്പാടാം. പക്ഷേ, അന്ന് അങ്ങനെയൊന്നും കഴിയില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ പാടുന്നതൊന്നും വലിയ സംഭവമായി കാണരുത്. നമ്മൾ എത്രയോ ചെറിയവരാണെന്ന ബോധ്യത്തിൽ വേണം പാടാനെന്നും ചിത്ര കൂട്ടിച്ചേർത്തു.